Saturday, December 15, 2012

പൂവും കായും തിരിച്ചറിയാത്ത കാലം



പൂവും കായും തിരിച്ചറിയാത്ത 
കാലമായിരുന്നത് 
നീ നട്ട ചെടികള്‍ പിഴുതെടുത്ത് 
അതിനു വേരുകള്‍ മുളച്ചോയെന്നു 
ഞാന്‍ പരീക്ഷിച്ച കാലം 


പൊരിവെയിലില്‍ കൊച്ചു 
അരുവികളില്‍ ചൂണ്ട ലിട്ടു
നീ കുപ്പിയില്‍ സൂക്ഷിച്ച 
മീനുകള്‍ക്ക് ജീവനുണ്ടോ 
എന്നറിയാന്‍ ഞാനവയെ 
മണല്‍പ്പരപ്പില്‍ നിരത്തിയിട്ട കാലം 


എനിക്ക് കളിക്കാനായി 
ഓടിയോടി നീ പിടിച്ചു 
തുമ്പികളെ കൊണ്ട് 
ഞാന്‍ കല്ലെടുപ്പിച്ച കാലം 
തടാകത്തില്‍ നീന്തി നീ 
തണ്ടോടിച്ച ആമ്പലുകളെ 
കരുണ വറ്റിയ കണ്ണുകളോടെ 
പിച്ചി ചീന്തിയെറിഞ്ഞ കാലം
നിന്റെ കടലാസ്സു തോണികളെ
തലകീഴായി മറിച്ചിട്ട കാലം 


എന്നിട്ടും നീ പിടിച്ച 
മിന്നാമിന്നികളെ മാത്രം 
ഞാനൊന്നും ചെയ്തിട്ടില്ല 
ഓരോ രാവിലും ഞാനവയെ 
നിനക്ക് വേണ്ടി ആകാശത്തിലേക്ക് 
അഴിച്ചു വിടുന്നു  
അവ നക്ഷത്രങ്ങളായി 
നിന്നോട് മന്ത്രിക്കുന്നത് 
ഇപ്പോഴും ഞാന്‍ നിന്നെ 
സ്നേഹിക്കുന്നുണ്ടെന്ന് തന്നെയല്ലേ? 


Monday, October 1, 2012

ഇന്നലെ ഞാന്‍ സൂര്യനെ നോക്കിയതേയില്ല


ഇന്നലെ ഞാന്‍ സൂര്യനെ
നോക്കിയതേയില്ല 
എത്രയോ കാലമായി 
ഞാനവനെ അഗാധമായി 
പ്രണയിക്കുന്നുണ്ട് 


നിത്യവും അവന്‍ വരും മുമ്പേ
കുളിച്ചീറനായി 
കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി 
അധരങ്ങളില്‍ അപൂര്‍വമായി മാത്രം
വിടരുന്ന ഒരു ചെറുപുഞ്ചിരി 
എടുത്തണിഞ്ഞ്
കണ്ണുകളുടെ ആഴങ്ങളില്‍ 
പ്രണയം നിറച്ചു 
ഞാനവനെ കാത്തു നില്‍ക്കുമായിരുന്നു 



വന്നാലുടന്‍ എന്‍റെ കവിളില്‍ 
ചെറുതായി തട്ടി അവന്‍ യാത്ര തുടരും
അവനെ പിന്തുടര്‍ന്നാണ് ഞാന്‍ 
വീട്ടിലെ ഓരോ കൊച്ചു ജോലികളും 
ചെയ്തു തീര്‍ത്തിരുന്നത് 
എന്‍റെ നിഴല്‍ 
എന്‍റെ പകലുറക്കം 
എല്ലാം അവന് വേണ്ടി
പരിമിതപ്പെടുത്തിയതായിരുന്നു 
അവന്‍ തിരിച്ചു പോകും മുമ്പേ
പകലിന്‍റെ ക്ഷീണം പടര്‍ന്ന 
മുഖം കഴുകി നെറ്റിയിലൊരു 
തൊടുക്കുറിയും
മുടിയിഴകളില്‍  കൊരുത്തിട്ട 
പൂക്കളുമായി 
യാത്രയാക്കാന്‍ ഞാന്‍ ഒരുങ്ങി നില്‍ക്കും 
എന്‍റെ നിറഞ്ഞ മിഴികളില്‍ 
അമര്‍ത്തി ചുംബിക്കാതെ 
അവന്‍ പടിയിറങ്ങുമായിരുന്നില്ല 


തലേന്ന് രാത്രി മട്ടുപ്പാവില്‍ 
നില്‍ക്കുമ്പോഴാണ് 
ചന്ദ്രന്‍ പറഞ്ഞത് 
നോക്കൂ  നീ എന്തിനാണിങ്ങനെ 
സൂര്യനെ പ്രണയിക്കുന്നത് 
അവന്‍ സ്വാര്‍ത്ഥനാണ്
അവന്‍റെ  പ്രണയത്തില്‍ 
കാപട്യമുണ്ട് 
അവന്‍ വരുമ്പോള്‍ മറ്റാരെയും 
തിളങ്ങാന്‍ അനുവദിക്കുകയില്ല 
ഒരു നിമിഷം പോലും നിശ്ചലനാകാതെ
അവന്‍  യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു 
നീയല്ലേ ഏതു നേരവും
അവന്‍റെ  പിറകെ പായുന്നത് 
ഒരിക്കല്‍ പോലും അവന്‍ നിന്നെ
പിന്തുടരുന്നില്ല 
അവന്‍റെ ചുംബനത്തില്‍ പോലും
കലര്‍പ്പുണ്ട്. 



നീ എന്നെ നോക്കൂ 
വന്നാലുടന്‍ ഞാന്‍ നടക്കുന്നത് 
നിന്‍റെ പിറകെയാണ് 
നീ എവിടെ പോകുന്നുവോ 
അവിടെയെല്ലാം ഞാനും 
നിന്നെ പിന്തുടരുന്നുണ്ട് 
എന്‍റെ ആകാശത്തു 
കോടിക്കണക്കിന്
നക്ഷത്ര സുന്ദരികളുണ്ട്
ഞാന്‍ സ്വാര്‍ത്ഥനല്ലാത്തതു  കൊണ്ടു 
അവരെയും  പ്രകാശിക്കാന്‍ 
അനുവദിക്കുന്നു 
അവരെല്ലാം എന്നെ സ്വന്തമാക്കാന്‍ 
ആഗ്രഹിക്കുന്നുണ്ട് 
എങ്കിലും ഞാന്‍ അവരെ ആരെയും 
പ്രണയിക്കുന്നില്ല 


ഞാന്‍ പ്രണയിക്കുന്നത് നിന്നെയാണ് 
കാരണം എന്നെ ഉറ്റുനോക്കുന്ന 
നിന്‍റെ കണ്ണുകളില്‍ 
പ്രണയത്തിന്‍റെ ഒരു സാഗരമുണ്ട് 
സ്വപ്നങ്ങളുടെ തിരമാലകളുണ്ട്
എല്ലാവരും എന്നെ കളങ്കിതന്‍
എന്നാക്ഷേപിക്കുമെങ്കിലും  
നിന്‍റെ നോട്ടങ്ങളില്‍ അത്തരമൊരു 
ദുസ്സൂചന ഞാനൊരിക്കലും 
കണ്ടിട്ടില്ല 
അതിനാല്‍ നീ എന്നെ പ്രണയിക്കൂ 
എന്നെ മാത്രം 
അവന്‍ രാവിലെ വരും 
വൈകുന്നേരം പോകും 
ഒരു വ്യവസ്ഥയും 
വെള്ളിയാഴ്ചയുമില്ലാത്തവന്‍ 
പക്ഷേ ഞാന്‍ നിന്‍റെ ആകാശത്തു 
തന്നെയുണ്ട്‌ 
ഒന്ന് മിഴികള്‍ ഉയര്‍ത്തിയാല്‍ 
നിനക്കെന്നെ കാണാം 
പ്രണയിക്കുമ്പോള്‍ ദാനം 
ചെയ്യുന്നതു പോലെയാകണം 
പാത്രം അറിഞ്ഞു മാത്രം ദാനം ചെയ്യണം 



അങ്ങനെയാണ് ഇന്നലെ ഞാന്‍ 
സൂര്യനെ നിരാകരിച്ചത് 
എന്നെ കാണാതെ പലവട്ടം 
അവന്‍ ജാലക പാളിയിലും 
വാതില്‍പ്പടിയിലും 
വന്നെത്തി നോക്കിയിരുന്നു 
പതിവു പോലെ എതിരേല്‍ക്കാനോ 
യാത്രയാക്കാനോ ഞാന്‍ പോയില്ല 
ഇന്നു പക്ഷേ സൂര്യന്‍ പതിവിലും 
നേരത്തെയെത്തി 
എന്‍റെ ജാലകപാളിയില്‍ 
മുട്ടിവിളിച്ചു  അവന്‍ പറഞ്ഞു 
നോക്കൂ  നിന്നോടുള്ള 
എന്‍റെ പ്രണയത്തില്‍ 
ഒരു കാപദ്യവുമില്ല 
ചുംബനത്തില്‍ കലര്‍പ്പുമില്ല
ഇന്ന് ഞാന്‍ പോകുന്നത് 
നാളെ നിന്നെ തേടി വരാനാണ് 
സമുദ്ര സ്നാനം ചെയ്യും മുമ്പ്
വേര്‍പാടിന്‍റെ നൊമ്പരത്തില്‍ 
നിറഞ്ഞ  നിന്‍റെ കണ്ണുകള്‍ 
എനിക്ക് കാണണം 


Friday, September 14, 2012

ഒരു പൂക്കൂടയ്ക്കും പറയാന്‍ കഴിയാത്തത്

പൂക്കൂട കൈമാറുമ്പോള്‍
നീ പറഞ്ഞിരുന്നു
ആ പൂക്കളില്‍ പ്രണയത്തോടെ
മുഖം ചേര്‍ക്കാന്‍ മറന്നു പോകരുതെന്ന്.
അതില്‍ നിറയെ
നിന്റെ ചുംബനങ്ങള്‍ ഉണ്ടായിരുന്നു.


ഇണക്കിളികള്‍
കൊക്കില്‍ കൊക്കുരുമ്മിയ
ആശംസാ കാര്‍ഡില്‍
നിന്റെ സ്നേഹത്തിന്‍റെ ഉപ്പും
വിയര്‍പ്പും ഉണ്ടെന്ന്‌
നൂറ്റൊന്നു തവണ മന്ത്രാക്ഷരികള്‍
ഉരുവിടുന്നതുപോലെ
നിന്നെ ഞാന്‍ സ്നേഹിക്കുന്നു
എന്നുറക്കെ പറഞ്ഞു
അതില്‍ എത്രയോ തവണ
എനിക്കുള്ള ചുംബനങ്ങള്‍
നീ അടക്കം ചെയ്തിരുന്നു



എന്നിട്ടും നിന്റെ പൂക്കുടയിലെ
പ്രണയം ചുംബനങ്ങള്‍
നൂറ്റൊന്നു മന്ത്രാക്ഷരികള്‍
ഒന്നും സ്പര്‍ശിക്കാതെ
ഞാന്‍ ചവറ്റുക്കൊട്ടയിലെറിഞ്ഞു



അന്നെന്റെ ഹൃദയം നിന്റെ
പ്രണയത്തോട് മുഖം തിരിച്ചിരുന്നു
കണ്ണീര്‍ നിറഞ്ഞ നിന്റെ
ഒടുവിലത്തെ ആഴമുള്ള നോട്ടം
വിട്ടു പോകരുതെന്ന് കേണു
നീയെന്റെ വിരലുകളില്‍
കൈനീട്ടി പിടിച്ചത്


ഈ കാലത്തും ഇതുപോലൊരു
പ്രണയമോ എന്ന് നീ
അതിശയിപ്പിച്ചത്
കൗമാരകാലത്തേക്ക്
മനസ്സിനെ മടക്കി കൊണ്ടു പോയിരുന്നത്
നിന്റെ ഈ സ്നേഹം തന്നെയായിരുന്നുവെന്നു
ഞാന്‍ തിരിച്ചറിയുകയാണ്



വൃന്ദാവനത്തില്‍ നിന്നും വേര്‍പെട്ടു പോയ
രാധയും കൃഷ്ണനും നമ്മളായിരുന്നു
അകം നിറഞ്ഞിട്ടും അകന്നു പോയവര്‍
ദൂരങ്ങള്‍ താണ്ടുമ്പോഴും ആഴിയില്‍ ഉഴറിയവര്‍
എന്‍റെ രാധേ എന്ന് നീ കേഴുമ്പോള്‍
ഇനിയുമെങ്ങനെ ഞാന്‍ വിളി കേള്‍ക്കാതിരിക്കും?

Thursday, September 6, 2012

വീണ്ടും നക്ഷത്രങ്ങള്‍ ഇല്ലാത്ത ഒരാകാശം

ഒരു ദിവസം നിന്നോട്
ഞാന്‍ പറഞ്ഞിരുന്നു
എന്‍റെ ആകാശത്ത്
നക്ഷത്രങ്ങള്‍ ഇല്ലെന്ന്
ശൂന്യമായ ആകാശം
നക്ഷത്രങ്ങള്‍ ചിരിക്കാത്ത രാവ്




ഒടുവില്‍ ഞാന്‍ പോലുമറിയാതെ
നീയെന്റെ ആകാശത്തെ
നക്ഷത്രങ്ങളായി
ജീവിതത്തില്‍ തനിച്ചാണെന്ന്
തോന്നുമ്പോഴാണ്
എന്നോട് സംസാരിക്കുന്നതെന്ന്
നീ പറഞ്ഞിരുന്നു
എന്നോട് സംസാരിക്കാന്‍
നിനക്ക് ഏകാന്തത വേണമെന്നും




നീ ഓര്‍ക്കുന്നുണ്ടോ
നമ്മള്‍ കണ്ടു പിരിഞ്ഞ
പാതയോരങ്ങള്‍
വെയില്‍ നാളങ്ങള്‍
പുളഞ്ഞ ഒരു നട്ടുച്ച
ഹൃദയത്തെ കൊളുത്തി
വലിച്ച ഒരേയൊരു നോട്ടം
പുഞ്ചിരികള്‍ വേരറ്റു പോയ
സാന്ദ്രിമ നിറഞ്ഞ നിമിഷങ്ങള്‍




നിന്നെയോര്‍ക്കുമ്പോള്‍
ഗ്രീഷ്മത്തില്‍
വറ്റി പോയ ഒരു നദിയുടെ
കണ്ണീരണിഞ്ഞ മുഖം
എന്‍റെ നെഞ്ചില്‍ പിടയുന്നുണ്ട്‌




തിരക്കിനിടയിലും
എന്നോട് നീ പറഞ്ഞിരുന്ന
കൊച്ചു വര്‍ത്തമാനങ്ങള്‍
കളി തമാശകള്‍
നിറയുന്ന സന്ദേശങ്ങള്‍
ഏതു കൊടിയ വേദനയിലും
സാരമില്ല എന്ന നിന്റെ
ചെറു സാന്ത്വനം
നിനക്കറിയുമോ ഞാന്‍
എത്രമാത്രം വേദനിക്കുന്നുവെന്ന്




നിന്റെ നിശബ്ദത
നിറയുന്ന രാത്രികള്‍
എന്‍റെ ആകാശത്തെ
നക്ഷത്രങ്ങളുടെ
മരണമാണ്
നിന്റെ സന്ദേശങ്ങള്‍
പാതിവഴിയില്‍
വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍
മൗനം കൊണ്ടു നീയെന്നെ
ചുംബിക്കുമ്പോള്‍
നീ ഏറ്റവും പ്രണയിച്ച
എന്‍റെ കണ്ണുകള്‍ നിറയുകയാണ്

Wednesday, August 29, 2012

ഞാന്‍ ഒഴുകുകയാണ്....നീയും

നിന്നെ പോലെ
ഇത്രയും ഓമനത്തത്തോടെ
ആരുമെന്നെ പേര്
ചൊല്ലി വിളിച്ചിട്ടില്ല
പറയാതെ പടരുന്ന നിന്റെ
പ്രണയത്തോളം മറ്റൊരു
പ്രണയവും ഇങ്ങനെ
നിഴല്‍ പോലെ
എന്നെ ചൂഴ്ന്നു നിന്നിട്ടില്ല


എന്നിട്ടും ചിലപ്പോഴൊക്കെ
നിശബ്ദത
നമുക്കിടയില്‍ ഒരു കടലായി
പ്രണയം
മഞ്ഞുറയ്ക്കുന്ന താഴ്വാരമായി
നമ്മുടെ ചുംബനങ്ങള്‍
പരസ്പരം സ്പര്‍ശിക്കാത്ത
പൂമ്പാറ്റകളായി



ഇന്നലെ നീ
നിനക്ക് മാത്രം പ്രിയങ്കരമായ
ഓമനപ്പേര് ചൊല്ലിയെന്നെ
വിളിച്ചപ്പോള്‍ ഞാന്‍ വിസ്മയിച്ചു
ഇതുവരെ നീ എന്നെ മറന്നില്ലേ?
കണ്ണുകളില്‍ നിറയെ പ്രണയം
തെളിച്ചു നീ തിരിച്ചു ചോദിച്ചു
ഞാനെങ്ങനെ
എന്‍റെ കബനി നദിയെ മറക്കും?


നീയാണ് എന്‍റെ ഹൃദയത്തിലൂടെ
ഒഴുകുന്ന നദി
എന്‍റെ മാത്രം കബനി നദി
എങ്കിലും നീ വഴി മാറി ഒഴുകുകയാണ്
ഒരിക്കലും എന്നിലെക്കെത്താതെ

Friday, August 17, 2012

ഒരൊറ്റ ചുംബനത്തില്‍ ഏറ്റുവാങ്ങുന്ന ഹൃദയം

എന്‍റെ വേദനകളില്‍
പ്രശ്നങ്ങളില്‍
എപ്പോഴും നീ കൂടെയുണ്ടായിരുന്നു
തീര്‍ത്തും അപരിചിതനായി


എന്നിട്ടും നിന്‍റെ മുഖം
ഞാന്‍ കണ്ടിരുന്നില്ല
സ്വരം ഞാന്‍ കേട്ടിരുന്നില്ല
ഒടുവില്‍ ഏതാനും അക്ഷരങ്ങളില്‍
കോര്‍ത്ത വരികളിലൂടെ
നീയെനിക്ക് പരിചിതനായി


നഗരത്തിലെ തിരക്കില്‍ വച്ച്
ഞാനാദ്യമായി നിന്നെ കാണുമ്പോള്‍
നിന്‍റെ കണ്ണുകളില്‍ നിറയെ
പരിഭ്രമം ഉണ്ടായിരുന്നു
ഒരു മാന്‍പേടയുടേതു പോലെ
സൗമ്യമായ മുഖം
നിന്‍റെ വാക്കുകളിലെ
കാരിരുമ്പിന്റെ കാഠിന്യം
കൊടുങ്കാറ്റിന്റെ കരുത്ത്
നിന്‍റെ മുഖത്തുണ്ടായിരുന്നില്ല
തീര്‍ത്തും പ്രണയാര്‍ദ്രമായ ഭാവങ്ങള്‍


എന്‍റെ കണ്ണുകളുടെ ആഴങ്ങളില്‍
നഷ്ടപ്പെടാന്‍ നീയാഗ്രഹിച്ചിട്ടും
സമാന്തര രേഖകള്‍ പോലെ
നീണ്ടു പോയ കാലം
ഒരൊറ്റ ചുംബനത്തിലൂടെ
പ്രണയം പറയാന്‍ നീയാഗ്രഹിച്ചപ്പോള്‍
അതേറ്റു വാങ്ങാതെ ഞാന്‍
പിന്തിരിഞ്ഞത് എന്തിനായിരുന്നെന്ന
ചോദ്യമെന്നെ ഇപ്പോള്‍ വേട്ടയാടുകയാണ്


കാപട്യത്തിന്റെ മുഖം
മാത്രമേ ലോകത്ത്‌ ഇതുവരെ
ഞാന്‍ കണ്ടിട്ടുള്ളൂ
നീയും അങ്ങനെയാവുമോയെന്ന
ഭയം എന്നെ കീഴടക്കിയിരുന്നു
പക്ഷേ എന്നെ കബളിപ്പിക്കാന്‍
ഒറ്റുകൊടുക്കാന്‍
നീയാഗ്രഹിച്ചിരുന്നില്ല


ഇപ്പോള്‍ എനിക്കറിയാം
മുന്തിരി ചഷകത്തിലെ
അവസാനത്തുള്ളി
ലഹരി പോലെ
എന്നില്‍ നിന്നോടുള്ള
പ്രണയം പതഞ്ഞൊഴുകുകയാണ്
ഒരിക്കല്‍ മുഖം തിരിച്ച
ചുംബനത്തിലൂടെ ഞാനും
നിന്‍റെ പ്രണയം ഏറ്റുവാങ്ങുകയാണ്

Friday, July 6, 2012

പ്രണയത്തില്‍ വാശി പാടില്ല

പ്രണയത്തില്‍ വാശി
പാടില്ലെന്ന് പഠിച്ചത്
വൈകിയാണ്


എന്തായിരുന്നു വാശി
ഇനി ഓര്‍ക്കില്ലെന്നും
സംസാരിക്കില്ലെന്നും
എന്നേയ്ക്കുമായി മറക്കുമെന്നുമുള്ള
ഉഗ്ര ശപഥങ്ങള്‍


പക്ഷേ ഓര്‍മ്മകള്‍ക്ക്
കപ്പം കൊടുക്കുന്നത്
ഞാനല്ലെന്ന തിരിച്ചറിവ്
വേറെ ഒരു മുഖവും
മനസ്സില്‍ തെളിഞ്ഞതേയില്ല
കേള്‍ക്കാന്‍ കൊതിച്ചത്
ഒരേയൊരു സ്വരം മാത്രം
പിണക്കത്തിന്
മുമ്പത്തേക്കാള്‍ തീവ്രമായി
മനസ്സില്‍ നിറയുന്ന പ്രണയം
വിലകൊടുത്തു വാങ്ങിയ
അസ്വസ്ഥതകള്‍


ഫോണില്‍ ഓരോ മണി മുഴങ്ങുമ്പോഴും
നെഞ്ചില്‍ ആളുന്ന തീ
നീയല്ലെന്നറിയുമ്പോള്‍
നെരിപ്പോടില്‍
കൊടുങ്കാറ്റിന്റെ വേരുകള്‍


ഒടുവില്‍ വാശിയുടെ
അണക്കെട്ട് നെടുകെ
പിളര്‍ന്നത് ഞാനായിരുന്നു
സ്നേഹത്തിന് മുമ്പില്‍
തോറ്റു കൊടുക്കുന്നവരാണ്‌
ജയിക്കുന്നതെന്ന സത്യം
നിനക്കറിയില്ല
അതായിരിക്കാം
നീ വാശി വെടിയാന്‍ തയ്യാറാവാതിരുന്നത്
എന്നത്തെയും പോലെ ഇവിടെയും
ഞാന്‍ തോറ്റു പോയിരിക്കുന്നു

Tuesday, July 3, 2012

നിന്നെ പിരിയാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല

നിന്നെ പിരിയാന്‍ ഒരിക്കലും
ഞാനാഗ്രഹിച്ചിരുന്നില്ല
പക്ഷേ നീയിടയ്ക്കിടെ
കളിയായോ കാര്യമായോ
എന്നെ മറന്നു പോകുന്നു
എന്നു പറയുന്നത്
സഹിക്കാനും എനിക്ക്
കഴിയുമായിരുന്നില്ല


നിന്നെ പിരിഞ്ഞപ്പോഴാണ്
കരയ്ക്കിട്ട മത്സ്യം പോലെ
എന്‍റെ ഹൃദയം ഓരോ നിമിഷവും
പിടഞ്ഞു കൊണ്ടിരിക്കുന്നത്
ഞാന്‍ തിരിച്ചറിഞ്ഞത്.


നേരം പുലരുമ്പോഴും
ഇരുളുമ്പോഴും
നിന്നെ വിളിക്കാന്‍ പല
തവണ ഫോണില്‍
വിരലുകളമര്‍ത്തി
ഞാന്‍ പിന്തിരിഞ്ഞത്
പരിഭവമോ കലഹമോ
നിറയുന്ന ഒരു വാക്ക്
നിന്നില്‍ നിന്നും വീണുപോയാല്‍
താങ്ങാന്‍ കരുത്തില്ലാതെയായിരുന്നു.


നിനക്കറിയാം നിന്നെ
പിരിഞ്ഞു എനിക്ക് ജീവിക്കാന്‍
കഴിയില്ലെന്നും നിന്റെ ഓര്‍മ്മകളില്‍
എത്രത്തോളം ഞാന്‍ വേദനിക്കുമെന്നും
എന്നാലും എന്റെയും നിന്റെയും
വാശി നമ്മെ വീണ്ടും വീണ്ടും
കൊടിയ നൊമ്പരങ്ങളിലേക്കും
അകലങ്ങളിലേക്കും
വലിച്ചിഴയ്ക്കുകയാണ്


നീയും ജയിക്കില്ല
ഞാനും ജയിക്കില്ല
നമ്മള്‍ രണ്ടുപേരും
ഒരുപോലെ ഉരുകുകയാണ്
ഒരുപോലെ സ്നേഹിക്കുകയാണ്
അകന്നന്നു പോകുമ്പോഴും
നിന്നെ വെറുക്കാന്‍
നിന്നെ സ്നേഹിക്കാതിരിക്കാന്‍
എനിക്ക് കഴിയുകയില്ല
അത്രത്തോളം നിന്നെ ഞാനും
നീ എന്നെയും സ്നേഹിക്കുന്നുണ്ട്.
എങ്കിലും നമ്മള്‍ അകന്നു പോവുകയാണ്
ഈ സ്നേഹം മരണം വരെ പിന്തുടരുന്ന
ഒരു വേദനയാവുകയാണ്

Saturday, May 26, 2012

എന്‍റെ പ്രണയത്തിന് ഉപാധികളുണ്ട്

അവന്‍ പറഞ്ഞു ഞാന്‍ നിന്നെ
ഒരു കൊടുങ്കാറ്റു പോലെ
പ്രണയിക്കുന്നുണ്ട്
എന്‍റെ വേരുകള്‍ മുഴുവന്‍
നിന്നിലാഴ്ന്നിരിക്കുന്നു
ഒരാള്‍ പറയാതെ തന്നെ
തൊട്ടറിയേണ്ട ഒന്നാണ്
പ്രണയം
എന്നിട്ടും നീയെന്നെ അറിയുന്നില്ല
നീയെന്തുകൊണ്ടാണ്
ഇങ്ങനെ എനിക്ക് നേരെ മുഖം
തിരിക്കുന്നത്?


എനിക്ക് നിന്നോട് പറയാന്‍
ഇത്രമാത്രം കൂട്ടുകാരാ
ഒരു ഉപാധിയും പാടില്ല
എന്നതാണ് പ്രണയത്തിന്റെ നിയമം
എങ്കിലും എന്‍റെ പ്രണയത്തിനു
ഒരുപാട് ഉപാധികളുണ്ട്
പുതിയ കാലഘട്ടത്തിലെ
പ്രണയത്തില്‍ എനിക്കിപ്പോള്‍ വിശ്വാസമില്ല



എന്‍റെ ആകാശത്ത് സൂര്യനായും
ചന്ദ്രനായും നീ മാത്രമേ ഉണ്ടാവൂ
അതുപോലെ നിന്റെ ആകാശത്ത്
ഞാനല്ലാതെ ഒരൊറ്റ നക്ഷത്രവും ഉദിക്കരുത്.
എന്നെയല്ലാതെ മറ്റാരെയും നീ പ്രണയിക്കരുത്.


നിനക്കീ ഉപാധികളില്‍ പരാതിയില്ലാതെ
ഹൃദയരക്തത്തില്‍ മുക്കി ഒരു ഒപ്പ്
വയ്ക്കാന്‍ കഴിയുമെങ്കില്‍
വിരലുകളില്‍ വിരല്‍ കോര്‍ത്തു
ഇനിയുള്ള ദൂരങ്ങള്‍ നമുക്ക് പിന്നിടാം

മുഖരം

മഴ നനഞ്ഞെത്തിയ സന്ധ്യയിത്
പൊന്നു പൂത്ത കണിക്കൊന്നകള്‍ സാക്ഷി


നിമിഷങ്ങളുടെ പദവിന്യാസ
ത്തിലൂടെയിന്നു പൗര്‍ണമി
നാണം പൂണ്ടെത്തുന്നു
അമാവാസിക്കും പൗര്‍ണമിക്കും
ഇടയില്‍ കുരുങ്ങി പോയ മനസ്സ്


ചുടുചോരയില്‍ കുതിര്‍ന്ന
മണ്ണില്‍ നിന്നും നിന്റെ
ശിരസ്സുയര്‍ത്തി വെയ്ക്കാന്‍
എന്‍റെ ആവനാഴിയിലെ
അവസാനത്തെ ഒരമ്പ്


ചുമരുകളുമായുള്ള സംവാദ
ങ്ങളാണിനി കളിക്കൂട്ടുകാര്‍
വിളര്‍ത്ത കാവല്‍ക്കാര്‍


ഓര്‍മ്മകളില്‍ വിരുന്നുണ്ണുന്ന
വെള്ളിമേഘങ്ങളുടെ നിഴല്‍
വീണു തണല്‍ വിരിച്ച
എന്‍റെ ഗ്രാമവീഥികളും
അമ്മയുടെ നേര്‍ത്ത വിരല്‍
തുമ്പിലൂറുന്ന വാത്സല്യ സ്മൃതികളില്‍
ചാലിച്ചെടുത്ത മോഹങ്ങളൊക്കെയും
നഖമുനകളാല്‍ ഞാനീ
നരച്ചമുഖങ്ങളില്‍ കോറിയിടുന്നു

ജലച്ചായം

മകന്‍ വരച്ച
ജലച്ചായചിത്രത്തില്‍
തുളുമ്പും മണ്‍കുടങ്ങളേറ്റിയ
പെണ്‍കുട്ടികള്‍ വേച്ചു വീഴുന്നു
അവരുടെ മുടിയിഴകളില്‍
കാട്ടാറിന്റെ നിഴല്‍
ചുണ്ടുകളില്‍
പേമാരിയുടെ ചുവടുകള്‍
മേനിയില്‍
കൊടുങ്കാറ്റിന്റെ വേരുകള്‍.



ജീവിതത്തിലെ
നിത്യദുരിതങ്ങളുടെ
ധാരാളിത്തം അവന്റെ
വര്‍ണ്ണങ്ങളെങ്ങനെ
കണ്ടെത്തിയെന്ന്‌
ഞാന്‍ അതിശയിക്കുമ്പോള്‍
അവന്‍ പറഞ്ഞു
അമ്മയുടെ മുഖം
വസന്തകാലത്തെ
ഓര്‍മ്മിപ്പിക്കുന്നു
കൊടുംവേദനകളുടെ
ശൈലങ്ങള്‍ താണ്ടിയ
പോറലുകള്‍
അമ്മയുടെ ചിരിയിലില്ല
നിറങ്ങളുടെ
ഋതുഭേദങ്ങള്‍
അമ്മയെ മൂടുമ്പോള്‍
ഞാനെന്റെ ചായക്കൂട്ടുകള്‍
ഒരുക്കുകയാണ്‌

Monday, March 19, 2012

ആകാശത്തിനും കടലുകള്‍ക്കും പറയാനുണ്ടായിരുന്നത്‌

നിന്റെയീ തിളങ്ങുന്ന
കണ്ണുകള്‍ എനിക്കിഷ്ടമാണ്‌
അതില്‍ സാഗരത്തിന്റെ ആഴങ്ങളുണ്ട്‌
പടിയിറങ്ങിപ്പോയ ഭൂതകാലത്തിന്റെ
കാലടിയടയാളങ്ങളുണ്ട്‌.


നിന്റെ നേര്‍ത്ത വിരലുകളില്‍
അറ്റുപോകാന്‍ മടിക്കുന്ന
എന്റെ വിരല്‍സ്‌പര്‍ശം
വെയില്‍മാഞ്ഞ സന്ധ്യകളില്‍
വര്‍ത്തമാനവും ഭാവിയും
മിഴിപൊത്തിയ
ഊടുവഴികളിലൂടെ നമ്മള്‍
നടന്നു പോകുമ്പോള്‍
ആര്‍ദ്രമായ നിന്റെ വിരലുകളില്‍
വിറയ്‌ക്കുന്ന എന്റെ വിരലുകള്‍
കോര്‍ത്തിരുന്നത്‌ ഇന്നലെയെന്ന
പോലെ ഞാനിപ്പോഴും
പുഞ്ചിരിക്കുന്ന ഒരോര്‍മ്മയായി
ഹൃദയത്തില്‍ ഓമനിക്കുന്നുണ്ട്‌.


നിന്റെ നനഞ്ഞ അധരങ്ങള്‍
എന്റെ മിഴികളില്‍ അമര്‍ന്നപ്പോഴാണ്‌
എത്രമേല്‍ സ്‌നേഹിക്കുന്നു
വെന്ന്‌ നമ്മള്‍ തിരിച്ചറിഞ്ഞത്‌
നമുക്കു ചുറ്റുമപ്പോള്‍
ഒരു ലോകമുണ്ടായിരുന്നില്ല
നീയും ഞാനുമല്ലാതെ
മറ്റൊന്നുമുണ്ടായിരുന്നില്ല
എങ്കിലും ദൂരെ കടലുകള്‍ അസ്വസ്ഥമായത്‌
ആകാശം മഴമേഘങ്ങളാല്‍ രൗദ്രയായത്‌
ആ ചുംബനം എന്റെ മിഴികള്‍
ഏറ്റുവാങ്ങിയപ്പോഴായിരുന്നില്ലേ?

Thursday, February 9, 2012

അവന്‍

എന്റെ ആത്മാവില്‍
അവന്റെ പേരും നാളും
കൊളുത്തി വച്ചത്‌
ആരാണെന്നെനിക്കറിയില്ല.


അവന്റെ മിഴികളില്‍
എന്റെ മോഹങ്ങള്‍
നിരത്തി വച്ചത്‌
എന്തിനാണെന്നുമറിയില്ല.


ഞാനാദ്യമായി
അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍
തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്‌നങ്ങളുടെ
തിരയുണ്ടായിരുന്നു.


അവന്റെ ചുണ്ടുകളില്‍
എന്റെ പേര്‌
അവന്റെ നെഞ്ചില്‍
എന്റെ മുഖം.


ദൈവത്തിനു മാത്രം
കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍
അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും
എഴുതപ്പെട്ടത്‌
ഞങ്ങള്‍ ഒരുമിച്ചാണ്‌
കണ്ടുപിടിച്ചത്‌.


അന്നൊരു പൗര്‍ണമിയായിരുന്നു
പ്രണയിക്കുന്നവര്‍ക്ക്‌
സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍
ദൈവം മാറ്റിവച്ച ദിനം

നീലനക്ഷത്രങ്ങള്‍ പൂക്കുന്ന ചില്ല

നിത്യവും ഉമ്മറത്തിരിക്കുമ്പോള്‍
മണ്‍പടവുകളിറങ്ങി
ആരോ നടന്നു വരുന്ന
കാലൊച്ച കേള്‍ക്കാറുണ്ട്‌.


അമ്പരപ്പില്‍ മുഖമുയയര്‍ത്തുമ്പോള്‍
പാരിജാതത്തിന്റെ
കൊമ്പില്‍ വെയിലേറ്റു
തിളങ്ങുന്ന കടുംനീല
നിറമുള്ള ഒരു പക്ഷി
ഇതിന്റെ പേരെന്തായിരിക്കും?


ചുണ്ടുകള്‍ നന്നേ
വളഞ്ഞിരിക്കുന്നതിനാല്‍
വാഴപ്പൂങ്കിളിയെന്ന്‌ അമ്മ
വീണ്ടും ശബ്ദമുയര്‍ത്തി
വരുന്നതാരാണ്‌?


നിറയൗവനത്തില്‍
ജീവിതത്തിന്റെ
പടിയിറങ്ങിപ്പോയ ചേച്ചി?
ഐശ്വര്യത്തിന്റെ
ദീപ്‌തിയില്ലാത്ത മുഖം
ചേച്ചിയുടേതല്ലെന്ന്‌ അമ്മ



സ്‌നേഹത്തിന്റെ സുഗന്ധമുള്ള
പേരറിയാത്ത മഞ്ഞപ്പൂക്കള്‍
പരവതാനി വിരിച്ച
മുറ്റത്തു പതിയുന്ന
ഈ കാലൊച്ചകള്‍
പിന്നെ ആരുടേതാണ്‌?


ഒരുപാട്‌ പകല്‍ക്കിനാവുകള്‍
ചേക്കേറിയ ചില്ലയാണ്‌
എന്റെ മനസ്സെന്ന്‌ അമ്മ

Saturday, January 14, 2012

ഇതെന്റെ ഹൃദയമായിരുന്നു

ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ്‌ നീ ഇതളുകള്‍
കശക്കിയെറിഞ്ഞപ്പോള്‍
ഞരമ്പുകള്‍ക്കിടയിലൂടെ
ചുടുനിണം ചീറ്റിയത്‌.


ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ്‌ നീയെന്റെ
ചുംബനങ്ങള്‍ക്ക്‌ നേരെ
മുഖം തിരിച്ചപ്പോള്‍
അപമാനത്തിന്റെ നെരിപ്പോടിലത്‌
വെന്തുനീറിയത്‌


ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ്‌
നീയെന്നെ പുറംകാലുയര്‍ത്തി
തൊഴിച്ചെറിഞ്ഞപ്പോള്‍
സീതയെപ്പോലെ
ഭൂമി പിളര്‍ന്നത്
ആഴങ്ങളിലേക്ക്‌ മാഞ്ഞുപോകാന്‍
നെഞ്ചുരുകി കേണത്‌


ഇതെന്റെ ഹൃദയമാണ്‌
അതിനാല്‍ നീ നിഷേധിച്ച
ചുംബനവും പ്രണയവും
കരുതലുമെല്ലാം വിരല്‍ത്തുമ്പിലൂടെ
ഇറ്റിറ്റു വീണെങ്കിലും
ഞാനുയര്‍ത്തെഴുന്നേല്‍ക്കുക
തന്നെ ചെയ്യും വെണ്‍ചാരത്തില്‍
നിന്നും കരുത്താര്‍ജ്ജിച്ച്‌
ഫീനിക്‌സ്‌ പക്ഷിയെപ്പോലെ