Sunday, March 28, 2010

ഒടുക്കത്തെ അത്താഴം

ഇന്നലത്തെ അത്താഴം
ഒടുക്കത്തെ അത്താഴമായിരുന്നു.
ഓര്‍മ്മകളുടെ പൊതിയഴിച്ചു
നാമോരോ പിടി
വിറങ്ങലിച്ച ചോറ്
വാരിയുണ്ടതും
ഭൂതകാലത്തിന്‍റെ
എരിവും പുളിയും
പാകത്തിലേറെ
ചാലിച്ച ചാറില്‍
നിന്നിത്തിരി നാവിന്‍
തുമ്പത്തു തൊട്ടുവെച്ചതും
കാഞ്ഞിര ചവര്‍പ്പാര്‍ന്ന
വര്‍ത്തമാനത്തിന്‍റെ
ദാഹജലം കുടിച്ചതും
വ്യഥകാലത്തിന്‍റെ
കരിമ്പടം പുതച്ചു
രാവുറങ്ങിയതും
ഇരുട്ടത്തു കണ്‍മിഴിക്കാതെ
വിരല്‍ത്തുമ്പാല്‍
പരതിയപ്പോള്‍
നീയുണ്ടായിരുന്നില്ല.

Friday, March 12, 2010

പ്രണയം

പനികൊണ്ട്‌ തിളങ്ങിയ
കണ്ണുകളുമായി
നീയെന്നെ നോക്കിയപ്പോള്‍
ഞാനതില്‍ നമ്മുടെ
പോയ്മറഞ്ഞ കാലങ്ങള്‍ കണ്ടു.


ഇതുപോലെ മഴ
തകര്‍ത്തു പെയ്ത
ഒരു സന്ധ്യയില്‍ നീയെന്നെ
നിശബ്ദമായി പ്രണയിച്ച
കഥ വിവരിക്കുകയും
അടയാളങ്ങള്‍ ആവശ്യമില്ലാത്ത
സ്നേഹതീരങ്ങളിലെക്കെന്നെ
ക്ഷണിച്ചതും
തിരിച്ചറിവായി ഒരു പൂവാക
പൂത്തുലഞ്ഞതും.



എന്നിട്ടും ഇന്നലെ
അപ്രതീക്ഷിതമായി
കണ്ടുമുട്ടിയപ്പോള്‍
ഒരു വാക്ക് പോലും അന്യോന്യം
മൊഴിയാന്‍ കഴിയാതെ
അന്യരായി പിരിഞ്ഞു
പോയതും മിഴികളില്‍
തെളിനീര്‍ പൊടിഞ്ഞതും
ഹൃത്തില്‍ കദനം ബാക്കി
നിന്നതും ഓരോ കിനാവായി
പൊഴിഞ്ഞു പോയെങ്കില്‍.