Monday, December 28, 2009

പത്രപാരായണത്തിനിടയിലെ അല്പനേരം

പോലീസുകാരുടെ അടിയേറ്റ
ഏതാനും പത്രഫോട്ടോഗ്രാഫര്‍മാരുടെ
ചിത്രങ്ങളുടെ കൂടെയാണ് ഞാന്‍
നിന്നെ ആദ്യമായി കാണുന്നത്.
അവസാനക്കാഴ്ചയും അതുതന്നെ.



ചിത്രത്തിലെ നിന്‍റെ കണ്ണുകള്‍
എന്നെ അമ്പരപ്പിച്ചു കളഞ്ഞു.
ലോകത്തിലെ എല്ലാ
പ്രതീക്ഷകളും സ്വപ്നങ്ങളും
കണ്ണീരിന്‍റെ നനവും
എതിര്‍പ്പിന്‍റെ തീക്ഷ്ണതയും
പോരാളിയുടെ കൂര്‍മ്മതയും
അതിലുണ്ടായിരുന്നു.



തിളക്കമാര്‍ന്ന മിഴികളോടെ
നീയെന്നെ നോക്കിക്കൊണ്ടേയിരുന്നു.
മൗനമുറഞ്ഞുകൂടിയ നിന്‍റെ
ചുണ്ടുകള്‍ വിടര്‍ത്തി എന്നോട്
ഒന്നോ രണ്ടോ വാക്കുകള്‍
സംസാരിക്കുമെന്നും ഞാനോര്‍ത്തു.



പക്ഷേ, ഒരു നിശ്ചലതടാകം പോലെ
അഗാധമായ നിന്‍റെ കണ്ണുകളില്‍
വാക്കുകളുടെ ഓളങ്ങളുയരുന്നത്
കാണാന്‍ ഞാനിഷ്ടപ്പെടുന്നില്ല.

Sunday, December 13, 2009

കരയുന്ന മെഴുകുതിരികള്‍

അകത്തളങ്ങളില്‍
കുട്ടികള്‍ മെഴുകുതിരികള്‍
തെളിച്ചു കളിക്കുകയാണ്.
കത്തിച്ചു കത്തിച്ചതിന്‍റെ
പ്രാണന്‍ പൊലിക്കരുത്
എന്നെനിക്ക് പറയണമെന്നുണ്ട്.
പക്ഷേ, അക്ഷരങ്ങളൊന്നും
എന്‍റെ മനസ്സിലില്ല.



അവര്‍ക്ക് മാത്രം വ്യക്തമാകുന്ന
പക്ഷികളുടെയോ പൂക്കളുടെയോ
സ്വരമെനിക്കറിയില്ല.
നിലാവിന്‍റെ സാന്ത്വനവും
എന്‍റെ കൈയില്‍ ബാക്കിയില്ല.



മാന്ത്രികന്‍റെ തൊപ്പിയില്‍ നിന്നുതിരുന്ന
വെണ്‍തൂവലുകള്‍ പോലെ
കണ്ണുകളില്‍ സ്നേഹം നിറച്ചു
ഞാനവരെ വിളിക്കാം.
അപ്പോള്‍ ഒന്നു പറയുക
മെഴുകുതിരികളുടെ
പ്രാണന്‍ എനിക്ക് വേണമെന്ന്.



പകരം ചൂടേറ്റു മെഴുകുപോലെ
ഉരുകുന്ന എന്‍റെ ഹൃദയം തരാം.

Sunday, December 6, 2009

പ്രാണസ്പന്ദനങ്ങള്‍

കിനാവുകളെന്‍റെ കൈയില്‍
നിന്നും പറന്നുപോയി ഇന്ന്
ഇനി നിന്‍റെ കാലൊച്ചയാണ്
ഞാന്‍ കാത്തിരിക്കുന്നത്.



ഇന്നലെ രാത്രിയിലോര്‍ത്തു
എന്‍റെ ഹൃദയവ്യഥകള്‍
നിനക്ക് പകുത്തു തരേണ്ടായിരുന്നു.



മനസ്സില്‍ നിന്നു വീണുപോയ
അക്ഷരങ്ങള്‍ എനിക്കൊരിക്കലും
തിരിച്ചെടുക്കാനാവുകയില്ല.



അതിനാല്‍ വിദ്വേഷത്തിന്‍റെ
ഒരു മൊഴി പാറിപ്പറന്നു വന്നാല്‍
പിന്നെ സൗഭാഗ്യങ്ങളൊന്നും
എനിക്ക് സ്വന്തമല്ല.



നിലാവിനെ അമാവാസിയൊളിപ്പിക്കും
നക്ഷത്രങ്ങള്‍ മിഴിതുറക്കാത്ത
മാനത്തിന്‍റെ ശാപവചനങ്ങള്‍ക്കും
മഴയുടെ ആഞ്ഞടികള്‍ക്കും
ഞാന്‍ ഇരയായിത്തീരും.



കനിവിന്‍റെ സ്പര്‍ശങ്ങളും
പ്രണയത്തിന്‍റെ തിരമാലയുമല്ല
ഞാന്‍ കാത്തിരിക്കുന്നത്.



നിന്‍റെ ഹൃദയത്തിലെ ഒന്നോ
രണ്ടോ തുള്ളികള്‍ മാത്രം
എനിക്ക് പ്രാണസ്പന്ദനങ്ങളായി.