Sunday, January 31, 2010

ആത്മഹത്യാമുനമ്പ്‌

ആത്മഹത്യാമുനമ്പിലെ
നിലവിളികള്‍
നെഞ്ചില്‍ അലറിപ്പിടയുന്ന
കടലിരമ്പം പോലെ
സ്വപ്‌നങ്ങള്‍ കരിയുന്ന
ഗന്ധവും മയില്‍‌പ്പീലിത്തൂലികയുടെ
ധമനികളിലോടുന്ന
വിഷത്തിന്‍റെ നിറവുമുള്ള
നിലവിളികള്‍.



മറവി ഒരായിരം ചാപിള്ളകളെ
പെറ്റ നിന്‍റെ ഹൃദയത്തിന്‍റെ
മതിലുകള്‍ ഭേദിച്ചാണവര്‍
പ്രാണന്‍ പൊലിക്കാനുറച്ചത്
ഭൂമിയുടെ കണ്ണുകളില്‍ നിന്നും
പാഞ്ഞു പോയ കൃഷ്‌ണമണികളെ
ഭയന്നാണവര്‍ നക്ഷത്രക്കുരുന്നുകളെ
കുരുതി കഴിക്കാനുറച്ചത്.



ഒടുക്കത്തെ നേര്‍ക്കാഴ്ചകള്‍ തേടുമ്പോള്‍
കെട്ടഴിഞ്ഞ മുടിയുമായി പുഴ
ഒരു ദിക്കില്‍ കരയുന്നു
മുടന്തുമായി ശരവേഗത്തില്‍
പായുവാനാവില്ലവള്‍ക്ക്.
മഴമേഘത്തിന്‍റെ നെറുകയില്‍
നിന്നൊരു കരിനാഗം
മഴവില്ലിന്‍ ഹൃദയത്തിലേക്കായുന്നു
ശിലയിലെന്നോ ഉറങ്ങിയ
ഒരു ഗന്ധര്‍വന്‍ സിംഹമായി
മിഴി തുറന്നലറുന്നതും
ഇനിയും വയ്യെനിക്കമ്മേ,
അകത്തും പുറത്തും
ഒരേ കാഴ്ചകളല്ലോ
മിഴികളില്‍ തിളക്കുന്നു.

Sunday, January 24, 2010

പുഴ ചിരിക്കുകയാണ്

ഇരുട്ട് നിശ്ചലമായൊരു
പുഴ പോലെ ഈ മുറിയില്‍
നിറഞ്ഞു നില്‍ക്കുകയാണ്.
ആകാശവുമായി എന്നെ
ബന്ധിപ്പിച്ചിരുന്ന
പട്ടത്തിന്‍റെ നൂലും
പൊട്ടിപോയിരിക്കുന്നു.

ഇനിയെനിക്ക് ആകാശത്തിന്‍റെ
സ്വപ്‌നങ്ങള്‍ പങ്കു വെക്കാനാവില്ല.
ഇരുട്ടില്‍ തനിച്ചിരുന്നു
കരയാനുമാകില്ല.
ഇന്ന് സന്ധ്യക്ക്‌ ഞാന്‍
പുഴയോട് പറഞ്ഞു:
ഇനിയെന്നെ വെറുതെ വിടുക
കണ്ണീരെല്ലാം എനിക്ക് നല്‍കി
നീ ചിരിയും കൊണ്ടോടുകയാണ്.

എനിക്കും ചിരിക്കണം
അര്‍ത്ഥമൊന്നുമില്ലാത്ത
ശൂന്യമായ ഒരു ചിരി
അതിലീ ജീവിതത്തിന്‍റെ
നിസ്സഹായതയും ദൈന്യതയും
ഞാന്‍ വീണ്ടുമറിയും.

Saturday, January 16, 2010

ശിശിരപത്രം

ശിശിരം കുപ്പായമൂരി
യെറിഞ്ഞ മരങ്ങളില്‍ നിന്നും
നിന്‍റെ സ്പര്‍ശങ്ങള്‍
കൂടൊഴിഞ്ഞാലും
തുടലു പൊട്ടിച്ചോടും
ഗദ്ഗദം മഞ്ഞില്‍
പുരണ്ടു മുരണ്ടാലും
കൊടും വെറുപ്പിന്‍റെ
നെഞ്ചില്‍ നിന്നും
കിളികള്‍ കൊഴിഞ്ഞുപോയാലും
നിന്‍റെ കണ്‍മുന
നക്ഷത്രത്തിരകളിലേക്ക്
വലയെറിഞ്ഞാലും
ദു:സ്വപ്നങ്ങള്‍ കഴുക
ക്കണ്ണാലെന്‍റെ നഗ്ന
മാനസം കൊത്തിപ്പറിച്ചാലും
കാത്തിരിക്കേണ്ട ഞാന്‍ വരില്ലിനി.



മരണംപോലെ കരിപിടിച്ച
സ്മരണകളെ ചുംബിക്കയില്ല ഞാന്‍
കടല്‍ വറ്റും കാലം വന്നാലും.