Tuesday, September 22, 2009

എന്‍റെ പേര്

അനുവാദം ചോദിക്കാതെയാണ്
ഞാന്‍ അകത്തേക്ക് കടന്നത്.
ഏഴു താഴിട്ടു പൂട്ടിയ
നിന്‍റെ ഹൃദയവാതില്‍
ഒരൊറ്റ നോട്ടം കൊണ്ടാണ്
ഞാന്‍ തുറന്നത്.


കൂരമ്പുകളായി തറയ്ക്കുന്ന
നിന്‍റെ നോട്ടങ്ങളും
ചാട്ടുളിയായി പായുന്ന
വാക്കും
പെരുമഴ പോലെ
നിര്‍ത്താതെ പെയ്യുന്ന
രോഷവും
ഒരൊറ്റ ചുംബനം കൊണ്ടാണ്
ഞാന്‍ തടഞ്ഞത്.
എന്‍റെ പേരാണ് പ്രണയം.


ഒറ്റ ചുംബനത്തില്‍
പൂക്കുന്ന പൂവായി നീ
ഉലഞ്ഞു നില്‍ക്കുമ്പോള്‍
ഇനി വിട തരിക
സ്നേഹിച്ച അധരങ്ങള്‍ക്കും
കാത്തിരുന്ന ഹൃത്തിനും.

Monday, September 14, 2009

മൂന്നാമത്തെയാള്‍

ഇന്ന് പടികടന്നാദ്യം
വന്നതൊരു യാചകനാണ്.
അമ്മ വിളമ്പിയ പ്രാതലും
പഴയ കമ്പിളി വസ്ത്രങ്ങളും
കൊണ്ടയാള്‍ തിരികെ
പോകുമ്പോള്‍ ഞാന്‍
ആകാശത്തേക്ക് നോക്കി
സ്വപ്നം കാണുകയായിരുന്നു
അന്ധന്‍റെ കണ്ണിലെ

നിറച്ചാര്‍ത്തുകളുള്ള സ്വപ്‌നങ്ങള്‍.


മഴക്കാറുകളെന്‍റെ
മിഴിയിലേറിയപ്പോഴാണ്
രണ്ടാമന്‍ എത്തിയത്‌
ഒരു കൈനോട്ടക്കാരന്‍
ഭാവിയും ഭൂതവും വര്‍ത്തമാനവും
ഓരോ മുദ്രമോതിരങ്ങളായി
അയാളുടെ വിരലുകളില്‍
ഞാണു കിടന്നിരുന്നു
കൂട്ടിലെ തത്തയെ
നെഞ്ചോളം ഉയര്‍ത്തി
ഇരകളെയൊന്നും കിട്ടാതെ
ഏറെ നിരാശനായാണ്
അയാള്‍ മടങ്ങിപ്പോയത്‌.



മൂന്നാമത്തെയാള്‍
ഒരു സ്വപ്നാടകനായിരുന്നു
പകലുറക്കത്തില്‍ നിന്നും
ദിക്കറിയാതെ നടന്നു വന്നവന്‍
ഉറക്കം ആളിപ്പടര്‍ന്ന
കണ്ണുകള്‍ തുറക്കാതെ
എന്നോടവന്‍ പറഞ്ഞു
അവന്‍റെ നിശ്വാസങ്ങളാല്‍
എന്‍റെ കളിത്തോണി മറിക്കുമെന്ന്.

Tuesday, September 1, 2009

ആരാധകന്‍

പറന്നു പോകുന്ന
അക്ഷരങ്ങളുടെ ഏതാനും
ചീളുകള്‍ മാത്രം
കൈവശമുള്ള
എന്‍റെ ആരാധകനാണ്
നീയെന്നു സ്വയം പരിചയ-
പ്പെടുത്തിയപ്പോള്‍
ഞാന്‍ വിസ്മയത്തിന്‍റെ
പാതാളത്തിലേക്ക്‌
താഴ്ന്നുപോയി.


ആരാധകാ, നിന്നെ
നിലനിര്‍ത്താനുള്ള
കൈയടക്കം എന്‍റെ
വരികള്‍ക്കിപ്പോഴില്ല.
നിന്‍റെ സ്നേഹത്തിനും
സൌഹൃദത്തിനും മുന്നില്‍
മുഖം തിരിച്ച
എന്നോട് പൊറുക്കുക.


ദുരിതങ്ങളുടെ
ഖനിഗര്‍ത്തങ്ങള്‍ താണ്ടി
എന്‍റെ വാക്കുകള്‍
പുനര്‍ജ്ജനിക്കുമ്പോള്‍
ഇടിമുഴക്കങ്ങളെ ഭേദിക്കാന്‍
എന്‍റെ ബിംബങ്ങള്‍
കരുത്താര്‍ജ്ജിക്കുമ്പോള്‍
സ്വപ്നങ്ങളുടെ
തടവറയില്‍ നിന്നും
എന്‍റെ കണ്ണുകള്‍
പുറന്തള്ളപ്പെടുമ്പോള്‍
ഓര്‍മ്മകളുടെ മായാ-
ഗോപുരങ്ങളില്‍ നിന്നും
എന്‍റെ ഹൃദയം
പൊട്ടിത്തെറിക്കുമ്പോള്‍ മാത്രം
നീയെന്‍റെ ആരാധകനാവുക.


അന്ന് ഞാന്‍ വീണ്ടുവിചാരങ്ങള്‍ക്ക്
തയ്യാറെടുത്ത
ഒരു പച്ചമരമായിരിക്കും.