Tuesday, July 28, 2009

ഭൂകമ്പരാത്രിയില്‍

ഭൂകമ്പത്തിന്‍റെയും
വിലാപങ്ങളുടെയും
ഈ രാത്രിയില്‍
നീ എന്നെ മാറോടണയ്ക്കുക

അയല്‍വീടുകളുടെ
വേരുകളിളകി
പ്രേതഭവനം പോലെ
നിശബ്ദവും ഭീതിദവുമായി
ധരണിയുടെ പ്രകമ്പിതഗാത്രം
നമ്മുടെ കൊച്ചുകൂടാരത്തെ
ഉലയ്ക്കുമ്പോള്‍
ദുര്‍ബലമാകുന്ന
ഈ നെഞ്ചിടിപ്പുമായി
ഏതാകാശത്തേക്കാണ്
നാമിനി ചേക്കേറുക?

മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ്ടാവണം
ഭ്രാന്തു പിടിച്ചലറുന്ന
കരിമ്പാറക്കെട്ടുകള്‍
ചവിട്ടിയരയ്ക്കുമ്പോള്‍
നീയെന്‍റെ വിരല്‍ത്തുമ്പുകള്‍
വേര്‍പെടുത്തരുത്

കുരുതി കഴിക്കപ്പെട്ട
നിലാവിന്‍റെ ചോരയില്‍
ഞാനെന്‍റെ പാപങ്ങള്‍
കഴുകി കളയുമ്പോള്‍
നീയെന്നെ ഉപേക്ഷിച്ചു
ആത്മഹത്യ ചെയ്ത മണ്ണിലേക്ക്
ഓടിയൊളിക്കരുത്.

Tuesday, July 21, 2009

വേടന്‍

നെഞ്ചില്‍ അമ്പേറ്റു പിടയുന്ന
ഒരു പക്ഷിയാണീ പ്രഭാതം.

ഇത് വേടന്‍റെ ഇടത്താവളമാണ്.
ഒരിക്കല്‍ അവനിവിടെയെത്തും.
പിന്നെയെന്‍റെ ഇളംതൂവലും
പിഴുതെറിഞ്ഞു എന്നോട്
പറന്നു പോകാന്‍ കല്പിക്കും.

തൂവലുകള്‍ കൊഴിയും മുമ്പ്‌
സ്നേഹം തണല്‍വിരിക്കുന്ന
നിന്‍റെ ചില്ലയില്‍ ഞാനെന്‍റെ
ഓമല്‍ കാഞ്ചനക്കൂട് പണിയും.

ആഴങ്ങളറിയാത്ത ആഴിയും
ദൂരങ്ങളറിയാത്ത ആകാശവും
അളക്കാന്‍ വേടന്‍ വരികിലും
പ്രണയം പൂത്ത പൂമരക്കൊമ്പില്‍
നാം കൊക്കില്‍ കൊക്കുരുമ്മി
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കും.

മാനിഷാദ മൊഴികളുതിരും മുമ്പേ
അമ്പേറ്റു താഴെ പതിച്ചീടില്‍
കരയില്ല ഞാന്‍ പ്രാണന്‍ വെടിഞ്ഞാലും.

Sunday, July 5, 2009

സമാന്തരങ്ങള്‍

എന്‍റെ ഹൃദയത്തില്‍
സ്നേഹത്തിന്‍റെ
നക്ഷത്രത്തിരി കൊളുത്താനും
തണുപ്പിന്‍റെ സ്പര്‍ശങ്ങള്‍
മേയ്ക്കാനും നിനക്ക്
മാത്രമേ കഴിയുകയുള്ളൂ.

നിന്‍റെ മുഖം
കൃഷ്ണകാന്തമാകുമ്പോഴാണ്
എന്നില്‍ സ്വപ്‌നങ്ങള്‍
തളിര്‍ക്കുന്നത്
സ്മൃതികള്‍ പൂമൊട്ടാകുന്നത്.

നീയില്ലെങ്കില്‍ എന്‍റെ ലോകം
അമാവാസിയാകുമായിരുന്നു.
നിന്‍റെ ഇമ്പമാര്‍ന്ന
സ്വരമില്ലെങ്കില്‍
ഭൂമി മൂകമാകുമായിരുന്നു.

നിന്‍റെ മിഴികളാണ്
ലോകത്തിലേറ്റവും ഹൃദ്യം.
നിന്‍റെ സ്നേഹത്തിന്‍റെ
നിറവാണ് എന്‍റെ
ചുണ്ടില്‍ പുഞ്ചിരിയായി
തെളിഞ്ഞു കത്തുന്നത്.

ഈ പ്രണയമല്ലാതെ
മറ്റൊന്നും എനിക്ക് വേണ്ട
ഒരു നിശ്വാസം പോലും.

Wednesday, July 1, 2009

മറുപടി

സ്നേഹാര്‍ദ്രനായ്‌ നീ
കുത്തികുറിക്കുന്നു:
തുറന്നിട്ട ജാലകത്തിലൂടെ
പുറത്തേക്കു നോക്കുമ്പോള്‍
എങ്ങും കൂടുകൂട്ടാനാവാത്ത
ഒരു വരണ്ട കാറ്റ്‌
മരച്ചില്ലകളെ പുല്‍കി
കടന്നു പോകുന്നു.
എനിക്കിപ്പോള്‍
ഇരുണ്ട മഴക്കാല
സന്ധ്യകളെ പേടിയാണ്.
പുറത്ത്‌
ഇരുള്‍ പരക്കുമ്പോള്‍
മനസ്സിലൊരായിരം
ശവംതീനി പക്ഷികളുടെ
കലഹവും വിലാപവും
ഭീകരമായി തുടങ്ങുന്നു.
ആകാശത്തിന്‍റെ കനിവുമായി
ഇരമ്പിയെത്തുന്ന മഴയുള്ള
നീലിമയാര്‍ന്ന രജനികളില്‍
നിലത്തിഴയുന്ന
കറുത്ത വസ്ത്രങ്ങളണിഞ്ഞു
നൃത്തം ചെയ്യുന്ന
പ്രേതരൂപങ്ങളുള്ള
സ്വപ്നങ്ങളെക്കുറിച്ച്.

ഞാനെഴുതുന്നു വീണ്ടും
നിന്‍റെ കത്തുകള്‍ക്കിടയില്‍ നിന്നും
കടമെടുത്ത പദങ്ങള്‍.
ഇനിയുമെന്നെ അറിയുന്നില്ല നീ
എന്‍റെ മനം നിറയെ
വിലാപമാണ്‌.
അക്ഷരങ്ങളും
വാക്കുകളും പിണങ്ങിപോയ
ഹൃദയത്തില്‍ നിനക്കായി
ഒരു സാന്ത്വനം പോലും
ബാക്കിയില്ല.
മുഷിഞ്ഞ എന്‍റെ വസ്ത്രങ്ങള്‍
പോലെ ഞാനും.