Tuesday, November 22, 2011

കര്‍ണ്ണന്‍

വാസന്തപൗര്‍ണമി
രാവിലാണെന്റെ ജനനം
കൈകളില്‍ ചിലമ്പുന്ന
സ്വപ്‌നത്തിന്നിതളുകള്‍
കണ്‍കളില്‍ താരകങ്ങള്‍
വാര്‍നെറ്റിയില്‍ തിലകമായി
അമ്പിളിക്കല
കമ്മല്‍ പൂക്കളായി
സൂര്യനും പടച്ചട്ടയായി
പൗര്‍ണമിരാവിന്നലകള്‍
തൊട്ടിലായി നദിയിലെയോളങ്ങള്‍
പ്രാണന്‍ കാത്തവള്‍ രാധ.


അമ്മിഞ്ഞപ്പാലു വിലക്കിയ
അമ്മ അനുജന്റെ പ്രാണന്‍
തിരികെ ചോദിക്കുന്നു
ഗുരുദക്ഷിണയായി വാങ്ങിയത്‌
പൊന്നും പെരുവിരലുമല്ല
ഉന്നം തെറ്റാത്ത ആവനാഴിയും
ശാപത്തിന്റെ പൊടിയണിഞ്ഞ
ഓര്‍മ്മകളും ഭുതകാലമൊക്കെയും.
കുലവധുവിന്റെ മൂടുപടം മാറ്റി
അമ്മേ, നിന്നെ ലോകം
കാണുമ്പോള്‍
ചുരത്താത്ത പാലിനും
ഉദരത്തിലാദ്യം കുരുത്ത
ജീവനും മാറ്റി മാറ്റി
പറയാന്‍ വേറെ കഥകളോ
മൊഴികളോ ബാക്കിയാവുമോ?


സൂര്യപുത്രനായും സൂതപുത്രനായും
അഭിമാനത്തിന്റെയും അപമാനത്തിന്റെയും
മേലങ്കിയണിഞ്ഞിന്നിവന്‌
മടുത്തിരിക്കുന്നു
അംഗരാജാവിന്റെ കിരീടത്തിനോ
യുവരാജാവിന്റെ സൗഹൃദത്തിനോ
എന്റെ ജന്മപാപത്തിന്റെ കറ
കഴുകിക്കളയാനാവില്ലെന്ന്‌
ദ്രുപദരാജധാനിയില്‍
അറിവിന്‍ പെരുമഴയായി
പെയ്‌തിറങ്ങിയപ്പോഴും
തേര്‍ത്തട്ടില്‍ വായുപുത്രന്റെ
പരിഹാസച്ചിരിക്കിടയില്‍
മഞ്ഞുപോലെയുരുകിയപ്പോഴും
സര്‍വ്വചരാചരങ്ങളെയും
വെണ്ണീറാക്കാന്‍ കെല്‍പ്പുള്ളവന്റെ
മകനിതാ തൃണമായി
ഭൂമിയോളം താണപ്പോഴും
കനിവിന്റെ ഗന്ധമുള്ള
ഒരു വാക്ക്‌, അരുതെന്നൊരു
നോട്ടമെങ്കിലും, ഇല്ല
ചീന്തിയെറിയാനാഗ്രഹിക്കാത്ത
മൂടുപടത്തിനുള്ളില്‍
നീയൊരു മഹാസമുദ്രമായി
അലിയാത്ത സന്ധ്യയായി
ഉലയാത്ത വന്‍മരമായി
അമാവാസിരാവുപോലെ
ഇരുളിന്‍ പുതപ്പുചൂടി
കിരാതന്റെ വില്ലുകണക്കെ
ഇളകിമറിയുന്ന സിംഹാസനത്തില്‍
നീ ധര്‍മ്മിഷ്‌ഠന്റെ അമ്മ
മഹാമേരുവിന്റെയും വില്ലാളിവീരന്റെയും
കാമദേവനെ വെല്ലുന്ന നകുല-
സഹദേവന്മാരുടെയും പ്രിയമാതാവ്‌
ഞാനോ, കാടിവെള്ളം കുടിച്ചു
വളര്‍ന്ന രാധേയനായി
കൗരവസോദരന്മാരുടെ
പിറകിലെ നിഴലായി
പഞ്ചപാണ്ഡവരുടെ
കണ്‍ബാണമേറ്റു പിടയുന്ന
ചിത്തവും പാതാളത്തോളം
താഴ്‌ത്തിയ അക്ഷരജ്വാലകളാല്‍
പൊതിഞ്ഞു മൃതപ്രാണനായി
ആനക്കൊട്ടകകളിലലഞ്ഞ
ബാല്യകൗമാരകാലങ്ങള്‍
അന്നു മകനേയെന്നൊരു സ്വരം
വീണ്‍വാക്കായി നിന്റെ ചുണ്ടില്‍
നിന്നുതിര്‍ന്നെങ്കില്‍
ലോകത്തിലേറ്റവും ഭാഗ്യ
വാനാണിവന്നൊരാഹ്ലാദം
നെഞ്ചില്‍ കൊളുത്തി
ഞാനുറങ്ങുമായിരുന്നു.


എനിക്ക്‌ പാണ്ഡവരുടെ
ജ്യേഷ്‌ഠസ്ഥാനമോ ചെങ്കോലോ
ആവശ്യമില്ലായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിന്റെ സിംഹാസനമോ
കിരീടമോ പാഞ്ചാലിയുടെ
മെത്തയുടെ പാതിയോ വേണ്ട
അമ്മാനമാടിക്കളിക്കാന്‍ പൊന്‍
നാണയങ്ങളും ചാമരം വീശാന്‍
സുന്ദരികളും സ്‌നേഹിതനായി
മയില്‍പ്പീലിക്കിരീടമണിഞ്ഞവനോ
സൗഗന്ധികപ്പൂക്കള്‍ തേടിപ്പോയ
സ്‌നേഹത്തിന്റെ ബാക്കിപത്രങ്ങളോ
എന്നെ മോഹിപ്പിക്കുന്നതേയില്ല
പകരം നിന്റെ മകനെന്ന
സ്ഥാനം മാത്രം
തിരിച്ചറിവുകള്‍ക്കൊടുവില്‍
നിഗൂഢമായി മോഹിച്ച
കവചകുണ്ഡലധാരി കര്‍ണ്ണന്‍.
സ്വന്തം പ്രാണനും ദാനം ചെയ്യാന്‍
കരളുറപ്പുള്ളവന്‍
ഞാന്‍ സൂര്യപുത്രന്‍.
വാത്സല്യത്തിന്റെ വരം തരാന്‍
അറിയാത്ത അമ്മയാണ്‌
നീയെന്നറിഞ്ഞിട്ടും
കാത്തിരുന്നത്‌
അതുമാത്രമായിരുന്നല്ലോ
പുകഞ്ഞു കത്തുന്ന തീക്കൊള്ളി-
യായി നിന്റെ ദൃഷ്ടിപഥത്തില്‍
അമരാതെ ഞാന്‍ പിന്നിട്ട-
തെത്ര നാഴികവിനാഴികകള്‍.


കാലം പൊറുക്കാത്ത
പാതകം കണ്ടിട്ടും മിഴിയടച്ചു
മൗനം പൂകിയവള്‍ നീ
വെണ്‍മേഘം പോലെയുള്ള
വസ്‌ത്രങ്ങളണിയുമ്പോഴും
മനസ്സില്‍ വീണ പാപക്കറയുമായി
പതിവ്രതയായി നീ പാണ്ഡു
രാജ്യമഹാറാണി
ഏവര്‍ക്കും ദേവത
പുത്രര്‍ക്കു നിന്‍
മൊഴികളേതും വേദവാക്യം.


വിശോകനുമൊത്ത്‌ നീയെന്നെ
ആദ്യമായി കാണാനെത്തിയ
നദീതീരത്തെ പൊന്‍പുലരി
ഇന്നുമെന്റെ ഓര്‍മ്മയിലുണ്ട്‌
ഗായത്രികള്‍ പൂക്കുന്ന പുളിന-
ങ്ങളില്‍ തൊട്ടു മടിയേതുമില്ലാതെ
നീയെന്റെ ഹൃദയത്തിലേക്കൊരു
പൊള്ളുന്ന ശരമെയ്‌തു
പതിയെ ചിരിച്ചു
അകം പൊതിഞ്ഞ
രാജരക്തത്തിന്റെ ചിരി
"ഞാന്‍ നിന്റെ പെറ്റമ്മ
പാണ്ഡവര്‍ നിന്‍ സോദരരും"
തലയില്‍ വീണുടയുന്ന
ആകാശച്ചീളുകള്‍ക്കിടയിലൂടെ
പെറ്റമ്മയുടെ മുഖം
ഞാന്‍ കാണുമ്പോള്‍ നിന്റെ
സ്വരം വീണ്ടും ഈയമായി
കാതില്‍ ഉരുകിയടയ്‌ക്കുന്നു:
"കുരുക്ഷേത്ര യുദ്ധത്തില്‍
ഭ്രാതാക്കള്‍ക്കു തുണയേകണം നീ"
ദുര്യോധനനെതിരെ
വാളെടുക്കണമെന്നും ഓതാന്‍
എന്തൊരു ചങ്കുറപ്പായിരുന്നു !
അപമാനത്തിന്റെ
നെരിപ്പോടിലെരിഞ്ഞ
സൂതപുത്രനെ കിരീടവും
ചെങ്കോലുമണിയിച്ചവനെതിരെ
പടവാളോങ്ങുവാന്‍ മാത്രം
നെറികെട്ടവനല്ല രാധേയന്‍.
അതിനാല്‍ മകനായി ഒന്നേ
വരം തരുന്നു നിനക്കമ്മേ
അര്‍ജുനനെതിരേയല്ലാതെ
അമ്പുകള്‍ തൊടുക്കുകയില്ല
ഇവനൊരിക്കലും
പൊലിയുന്നതു കര്‍ണ്ണനായാലും
അര്‍ജുനനായാലും നിനക്കെന്നും
അഞ്ചു മക്കള്‍, പഞ്ചപാണ്ഡവരായി
തെളിയാത്ത മുഖവുമായി നിന്ന
നിനക്കൊരു വരും മാത്രം മതി
പാര്‍ത്ഥന്റെ പ്രാണന്‍ തിരികെ
തരണം കര്‍ണ്ണായെന്നു കെഞ്ചിയ
ലോകത്തിലേറ്റവും സ്വാര്‍ത്ഥ.
എന്നേ ഉള്ളില്‍ നിന്നുപേക്ഷിക്ക-
പ്പെട്ടവനാണ്‌ സൂര്യപുത്രന്‍
മറക്കുന്നില്ല ഞാന്‍
ഈ ജീവനും ഓര്‍മ്മകളും
നദിയിലൊഴുക്കി
പൊയെത്രനാള്‍ പിന്നിടുന്നു
ഒരിക്കലും സ്വീകരിക്കാനാവാത്ത
പ്രാണനുവേണ്ടി കരയാന്‍
വിഡ്‌ഢിയല്ല പാണ്ഡവമാതാവ്‌.


കുരുക്ഷേത്രഭൂമിയില്‍ എന്റെ
മുന്നില്‍ പരാജിതനായി നിന്ന
മഹാമേരു ഭീമനെ
ഒരമ്പില്‍ ഒടുക്കാമായിരുന്നിട്ടും
ഞാനനങ്ങുന്നില്ല പാണ്ഡുപത്‌നീ
അവന്റെ പ്രാണനും നിനക്കു
ഞാന്‍ ദാനമായി തന്നുകഴിഞ്ഞു
ചൂതുകളിച്ച തുലച്ച
രാജ്യത്തിനും കുലവധുവിനെ
പണയപ്പണ്ടമായി നേദിച്ച്‌
അഴിഞ്ഞുലഞ്ഞ മുടിക്കെട്ടില്‍
ചുടുചോരയണിയിക്കാന്‍
നവവിധവകളെ സൃഷ്ടിച്ച
ധര്‍മ്മപുത്രന്റെ വിലയില്ലാത്ത
ജീവനും എനിക്ക്‌ വേണ്ട
പൂപോലെ തുടുത്ത മുഖമുള്ള
മാദ്രീപുത്രരേ പോവുക
ദൂരെ വേണ്ടതു നിങ്ങളെയല്ല
കര്‍ണ്ണബാണത്തിനേറ്റവും
യോഗ്യന്‍ വില്ലാളിവീരന്‍ മാത്രം
വിയര്‍പ്പണിഞ്ഞ മുഖവുമേന്തി
കാര്‍വര്‍ണന്‍ സാരഥിയായ
തേരില്‍ നീയെന്റെ മുമ്പിലെത്തിയപ്പോള്‍
ഉള്ളം വിങ്ങുന്നനുജാ,
ഒരിക്കല്‍ മാത്രം വിളിക്കട്ടെ
ഞാന്‍ മനതാരില്‍ നിന്നെ
കൊല്ലുവതെങ്ങനെ നിന്നെയീ
ജ്യേഷ്‌ഠന്‍, പോവുക നീയും ദൂരെ
പരിഹാസശരങ്ങളെയ്‌തു
നിന്നെ പിന്തിരിപ്പിക്കാനൊരുങ്ങി
ഒരു മാത്രയെങ്കിലുമെല്ലാം
അറിയുന്നവന്‍ കണ്ണന്‍
സുദര്‍ശനചക്രധാരി
ജ്യേഷ്‌ഠനു നേരെ ദിവ്യാസ്‌ത്രം
തൊടുക്കാനനുജനെ
ഉത്സാഹിപ്പിച്ചും
പുഞ്ചിരി മങ്ങാതെയും
നില്‍പ്പതു കണ്ടു
ചേറില്‍പ്പൂണ്ട തേര്‍ചക്രമുയര്‍ത്താന്‍
ഒരു നാഴികനേരം കടം ചോദിച്ചും
കെഞ്ചിയും കിതച്ചും നില്‍ക്കുമ്പോള്‍
വരുന്നല്ലോ പ്രാണനെ കുരുക്കാന്‍
സോദരാ, നിന്റെ ശരങ്ങള്‍ തന്നെ.


അമ്മേ, ഇമകളടയുന്നു
പോവുകയാണിന്നു ഞാന്‍
നിന്നെ ചൂഴ്‌ന്ന കറുത്ത ബിന്ദുവായി
ഇനിയില്ല ഇഹലോകത്തില്‍ വിട.