Thursday, October 31, 2013

അഭ്രപാളികളിൽ നിന്നും രണ്ട് പ്രണയാത്മാക്കൾ

ഇന്നലെ രാത്രി നമ്മൾ 
സംസാരിച്ചു കൊണ്ടിരുന്നത് 
പഴയകാല മലയാള 
ചലച്ചിത്രങ്ങളിലെ 
കഥാപാത്രങ്ങളെക്കുറിച്ചായിരുന്നു


വെള്ളിത്തിരയിൽ 
നിന്നിറങ്ങി വന്ന 
പ്രണയകഥകളിലെ 
നായകനും നായികയും 
കടൽതീരത്ത്‌  കൈകോർത്തു 
നടന്നിരുന്ന നമ്മളെ 
ഓർക്കാപ്പുറത്ത് 
ഒരു നെടുവീർപ്പിന്റെ 
അകമ്പടിയോടെ 
പുണർന്നപ്പോൾ 
നീ കണ്ണുകളടച്ചു 
എന്റെ തോളിൽ മുഖമമർത്തി.


നിന്റെ വിരലുകൾ 
വിറയ്ക്കുന്നുണ്ടായിരുന്നു. 
സ്വരത്തിൽ ചിലമ്പുകളുടെ 
വേഗതയും താളവും 
വെള്ളിത്തിരയിലെ  പോലെ 
ജീവിതത്തിലും നിന്റെ 
പ്രണയത്തിന്റെ വേരുകൾ 
കാമനകളുടെ കരുത്ത് 
ഒറ്റപ്പെടലുകളുടെ 
തുരുത്തിൽ നിന്നും 
നെഞ്ചോട്‌ ചേർക്കുന്ന 
വാത്സല്യത്തിന്റെ നിറവ് 
നമുക്ക് മീതേ  മഴ 
പെയ്യുന്നുണ്ടായിരുന്നു 


നിന്റെ കണ്ണുകളിലെ 
ആഴം പോലെ 
ദേഹത്തെ ഇറുകെ 
പുണരുന്ന 
നിന്റെ പതിഞ്ഞ സ്വരത്തിലെ 
ഇമ്പം പോലെ 
പ്രിയപ്പെട്ടവളെ 
നീയെന്നെ പ്രണയിച്ചു 
കൊണ്ടേയിരിക്കണം 
ഒരിക്കലും വേറിടാതെ 
വെള്ളിത്തിരയിലെ 
പഴയ നായകനെയും 
നായികയെയും പോലെ 
മരണത്തിലും പിരിയാത്ത 
പ്രണയം പോലെ
നീ പറഞ്ഞു കൊണ്ടേയിരുന്നു 
നമുക്ക് മീതേ അപ്പോഴും 
മഴ പെയ്തു കൊണ്ടേയിരുന്നു. 


ദേഹം വെടിഞ്ഞ 
രണ്ടാത്മാക്കളെ പോലെ 
അഭ്രപാളികളിലേക്ക് 
തിരിച്ചു കയറാനാവാത്ത
നായികയും നായകനും 
നമ്മെ വീണ്ടും വരിഞ്ഞു 
മുറുകി കൊണ്ടേയിരുന്നു 
മാനത്ത് പൊടുന്നെ 
ഒരു വെള്ളിടി വെട്ടിയതും 
നിന്റെ വിറയ്ക്കുന്ന അധരങ്ങൾ 
എന്റെ അധരങ്ങളിൽ 
അമർന്നതും ഒരേ നേരത്തായിരുന്നു 


നമ്മുടെ പ്രണയത്തിനു മീതേ 
അപ്പോഴും മഴ തോർന്നിരുന്നില്ല

Sunday, October 27, 2013

റീ പോസ്റ്റ്‌

അവൻ പറയുകയാണ്‌ 
അലയടങ്ങാത്ത 
കടൽ പോലെയുള്ള 
നമ്മുടെ ഈ 
പ്രണയത്തിനിടയിലേക്ക് 
നീ നിന്റെ പഴയ 
പ്രണയകവിതകൾ 
റീ പോസ്റ്റ്‌ ചെയ്യരുത്.


എന്റെ പ്രണയം 
നിന്റേതു പോലെയല്ല 
അതിനു ഭൂമിക്കടിയോളം 
ആഴ്ന്നു പോയ വേരുകളുണ്ട് 
കാരിരുമ്പിന്റെ 
ഉറപ്പും കാഠിന്യവുമുണ്ട് 


എന്റെ പ്രണയം 
നിന്റേതു പോലെ 
ഇന്നലത്തെ ഒരൊറ്റ 
മഴയ്ക്ക്‌ പൊട്ടി മുളച്ചു 
മണ്ണിനു മുകളിലേക്ക് 
തല നീട്ടുന്ന 
പുൽക്കൊടിയല്ല.

എന്റെ പ്രണയം  
എന്റെയും നിന്റെയും 
കൗമാരം മുതൽ 
നിന്നെ പിന്തുടർന്ന് 
വടവൃക്ഷം പോലെ 
ആകാശത്തിന്റെ 
അതിരുകളെ 
സ്പർശിക്കുന്നതാണ് 

നിന്റെ കവിളിന്റെ 
മിനുക്കം 
തലയിലെ 
ചുരുളലകൾ   
കണ്ണുകളിൽ 
ചാട്ടുളി പോലെ 
തെന്നി  മറയുന്ന 
മിന്നലിന്നലകൾ 
അധരങ്ങളിലെന്നോ 
വിടരാൻ 
മടിച്ചു നിന്ന 
പൂമൊട്ടുകൾ 
നിനക്കറിയില്ലെങ്കിലും 
എന്റേതു മാത്രമാണ്.


നീയൊരു പൂവിതളായിരിക്കാം
പക്ഷേ നിന്റെ ഹൃദയം 
വജ്രം പോലെ കഠിനം 
ഞാനങ്ങനെയല്ല 
എന്റെ പ്രണയത്തിന് 
മാത്രമേ  
എതിർപ്പുകളെ 
കാലത്തെ 
അവഗണനയെ 
മറവിയെ 
ജീവിതത്തെ 
വെല്ലാനുള്ള 
കരുത്തുണ്ടായുള്ളൂ  


ഹൃദയം നിന്റെ മുമ്പിൽ 
വെയിലത്ത്‌ വച്ച 
തൂവെണ്ണയാണ് 
ഇരുമ്പുചങ്ങലയെ 
വരിഞ്ഞുമുറിക്കിയ 
തുരുമ്പെന്ന വിധം 
അടരാനും  വയ്യ 
അടർത്താനും  വയ്യ

അതിനാൽ 
പ്രിയപ്പെട്ടവളെ 
നീ നിന്റെ പഴയ 
പ്രണയകവിതകൾ 
ഉരുകിയും ഉറച്ചും 
ഇണങ്ങിയും പിണങ്ങിയും 
വേരുറച്ചു പോയ 
നമ്മുടെ പ്രണയത്തി
നിടയിലേക്ക് അലസമായി 
റീ പോസ്റ്റ്‌ ചെയ്യരുത് 

Wednesday, September 18, 2013

വെയില്‍മരങ്ങള്‍ക്കിടയില്‍ മഴ പെയ്യുമ്പോള്‍

വെയില്‍മരങ്ങള്‍ക്കിടയില്‍
മഴ പെയ്യുമ്പോള്‍
അവിടെ നമ്മുടെ സൗഹൃദത്തിന്റെ 
തുമ്പികള്‍ പാറി കളിക്കുകയില്ല
പകരം മിഴിപൂട്ടിയ
ഒരു മൗനം മാത്രം വിതുമ്പി നില്‍ക്കും


കിളികള്‍ കൂട് വെടിഞ്ഞ
ഒരു ചീന്ത്  ആകാശം
കൊടും വെറുപ്പിന്റെ   ഒരു പകല്‍
ഈണം വാര്‍ന്നു പോയ ഒരു പാട്ട്
ആരോടും കലമ്പല്‍ കൂട്ടാത്ത ഒരു കാറ്റ്


സ്നേഹം വറ്റിപോയ ഒരു കടല്‍
പകയുടെ കനല്‍ വാര്‍ത്ത കണ്ണുകള്‍
തിരിച്ചു വരാതെ പുറപ്പെട്ടു
പോയ  ഒരേയൊരു വാക്ക്

വേനലില്‍ പൊട്ടിപിളര്‍ന്ന
പ്രണയത്തിന്റെ   ഒരു പാത്രം
വേരുകള്‍ക്കിടയില്‍  കുരുങ്ങിയ ഒരു കരച്ചില്‍
കാഴ്ച മങ്ങിയ   ഒരു ഇല


ശിശിരത്തിന്റെ  അല  കടഞ്ഞെടുത്ത
ഒരു നിശ്വാസം വെയില്‍മരങ്ങളില്‍
ജ്വലയാകുമ്പോള്‍  തനിയെ ഒരു കുട നിവരുന്നു

Saturday, August 3, 2013

ജന്മജന്മാന്തരങ്ങൾ

മുമ്പ് നമുക്കിടയിൽ ഒരു കടൽ 
ദൂരമുണ്ടായിരുന്നു. 
ഇപ്പോൾ  ഒരു ഹൃദയത്തിൽ നിന്നും 
മറുഹൃദയത്തിലേക്കു
താമരനൂലിഴയുടെ
നേർത്ത അകലം മാത്രം 


മുപ്പതു സംവത്സരങ്ങളോളം 
തമ്മിൽ കാണാതെ പോയ 
കാലത്തിനു പകരമായി 
ബഷീറിന്റെ മതിലുകൾ പോലെ 
ഒരു ചുമരിനപ്പുറവും
ഇപ്പുറവും നിന്നു 
പരസ്പരം സംസാരിക്കാൻ 
കഴിഞ്ഞെങ്കിലെന്നു 
നീയാഗ്രഹിച്ചിരുന്നു. 


പക്ഷെ കൗമാരത്തിൽ 
നീ പറയാൻ മടിച്ച 
എന്നോടുള്ള പ്രണയം 
വിടർന്ന നമ്മുടെ സ്വപ്ന ഭൂമിയിൽ 
വച്ചായിരിക്കണം 
കാൽ നൂറ്റാണ്ടു കഴിഞ്ഞു 
നീ തുറന്നു വിട്ട പ്രണയത്തെ 
വീണ്ടും ഞാനറിയാൻ. 

അന്നു വഴിവക്കിൽ കാത്തുകാത്തു 
നിന്നിരുന്ന നിന്റെ കണ്ണുകൾ 
ഞാൻ കണ്ടിരുന്നില്ല 
അകന്നകന്നു പോകുമ്പോൾ 
ഹൃദയം പൊട്ടിയ 
നിന്റെ കരച്ചിലും  കേട്ടിരുന്നില്ല. 
ഇനി എനിക്കു നിന്റെ ചിരിക്കുന്ന 
കണ്ണുകൾ  കാണണം 
തിരിച്ചറിയാതെ പോയ 
നിന്റെ പ്രണയമൊക്കെയും 
അതിനേക്കാൾ പതിന്മടങ്ങായി 
പകുത്തു നൽകണം 


നീ എനിക്കുവേണ്ടി കാത്തു വച്ചത് 
കാൽ നൂറ്റാണ്ടു പിന്നിട്ട 
പ്രണയമാണെങ്കിൽ 
ഞാൻ നിനക്കു വാഗ്ദാനം ചെയ്യുന്നത് 
ഈ ജന്മം മാത്രമല്ല 
വരും ജന്മങ്ങളിലെയും  
എന്റെ പ്രണയവും ജീവിതവുമാണ്
നിനക്കുവേണ്ടി മാത്രം 
പിറക്കാനാഗ്രഹിക്കുന്ന 
ജന്മജന്മാന്തരങ്ങൾ.

Sunday, July 28, 2013

ജോസഫ്‌

ജോസഫ്‌, നീയെന്റെ
സ്വപ്നങ്ങളുടെ
കുരുക്കുകള്‍ ഓരോന്നും
അഴിച്ചു മാറ്റിയവയുടെ
പൊരുളുകളോതുക. 



പിശാച് ബാധിച്ച
ഹൃദയങ്ങളില്‍ നിന്നും
എന്റെ പകലിന്റെ
സ്വച്ഛന്ദതയിലേക്ക്
ചേക്കേറിയ എല്ലാ
ദുര്‍നിമിത്തങ്ങളെയും
ആട്ടിയകറ്റി നീയെന്റെ
കനവുകളുടെ കാവല്‍ക്കാരനാവുക. 



രാക്കിനാവുകളില്‍
തീ പടരുന്ന നേരം
മുന്തിരിത്തോപ്പുകളിലെ
മഞ്ഞലകളില്‍ ചിറകു
നിവര്‍ത്തി ഞാന്‍ പാറി
പറന്നുല്ലസിക്കുമ്പോള്‍
ജോസഫ്‌, നീയെന്റെ മാത്രം
ആകാശമാവുക. 

Monday, July 15, 2013

കൊടും വേനലിന്റെ ഒരു മഴ

നിന്നെ പ്രണയിക്കുമ്പോള്‍ 
ഞാന്‍ കരുതിയിരുന്നത് 
ഏകാന്തത മുറിവേറ്റ 
ഒരു മൃഗത്തെ പോലെ 
ന്റെ ഹൃദയത്തിന്റെ  
ചിതല്‍ ചിത്രം വരച്ച വാതിലും 
കടന്ന് എന്നേക്കുമായി 
പാഞ്ഞു പോകുമെന്നാണ്.

പക്ഷേ വക്ക് പൊട്ടിയ 
വാക്കുകള്‍ കൊണ്ട് 
സംസാരിക്കുമ്പോള്‍ 
പരിക്ക് പറ്റിയാലെന്നവിധം 
നമുക്കിടയില്‍
നിശബ്ദത മഞ്ഞു മൂടിയ 
ഒരു തടാകമായി

നിന്നെ പ്രണയിച്ചതിനേക്കാള്‍ 
തീവ്രതയോടെ പിരിഞ്ഞു 
പോകണമെന്ന് 
ഞാനാഗ്രഹിച്ചത് അപ്പോഴാണ്.
അകലും മുമ്പ് എന്റെ ഹൃദയം 
കഠിനമാക്കേണ്ടതുണ്ടായിരുന്നു

നമ്മള്‍ ഉപയോഗിക്കാതെ 
കരുതി വച്ച വക്ക് പൊട്ടിയ 
ഓരോ വാക്കുകള്‍ കൊണ്ടും 
നിന്റെ ഹൃദയത്തില്‍ 
ആഴത്തില്‍ മുറിവേല്‍പ്പിക്കുമ്പോള്‍ 
ഞാനെന്റെ മനസ്സ്  
പാറക്കഷണം പോലെ 
മൂര്‍ച്ച കൂട്ടികൊണ്ടിരുന്നതും  
മിഴികള്‍ നിറയുന്നതും  
നീ അറിയരുതെന്നുണ്ടായിരുന്നു.

ഇനിയൊരിക്കലും ഏകാന്തതയെ 
പടിയടച്ചു പിണ്ഡം വയ്ക്കാതിരിക്കാന്‍ 
കൊടും വേനലിന്‍റെ ഒരു മഴ 
ഞാനൊറ്റയ്ക്ക്  നനയേണ്ടതുണ്ട്  

Sunday, July 7, 2013

ഒരു കവിത ഇടവഴിയിലെവിടെയോ പതുങ്ങി നില്‍പ്പുണ്ട്

ഒരു കവിത ഇടവഴിയിലെവിടെയോ
പതുങ്ങി നില്‍പ്പുണ്ട് 
തലേന്ന് രാത്രി നിലാവ് 
പടര്‍ന്ന വഴികള്‍ താണ്ടി 
ഞാന്‍ നടന്നു പോകുമ്പോഴും 
ചെറിയൊരു പരിഭവം കണ്ണില്‍ 
നിറച്ച് അവിടെ തന്നെയുണ്ടായിരുന്നു.


നെഞ്ചോട്‌ ചേര്‍ത്ത് പുണര്‍ന്നാല്‍ 
മഞ്ഞു പോലെ നീ അലിയുമായിരുന്നു 
പക്ഷേ  ആ നേരത്ത് എനിക്കും
നിനക്കുമിടയില്‍ ഒരു കടല്‍ദൂരം 
ബാക്കിയുണ്ടായിരുന്നു.


പുലര്‍ച്ചെ നേര്‍ത്ത വെട്ടത്തില്‍ 
ഞാന്‍ ഇടവഴിയിലേക്ക് 
ഉറ്റുനോക്കികൊണ്ടിരിക്കുമ്പോള്‍ 
നീ പടിക്കലോളം വന്ന് 
എന്‍റെ കണ്ണുകളിലെ 
ശൂന്യത കണ്ടു തിരികെ പോയി. 


സായന്തനത്തില്‍  അവന്‍റെ 
പ്രണയാര്‍ദ്രമായ കണ്ണുകള്‍ 
കണ്ടപ്പോള്‍ വീണ്ടും ഞാന്‍ 
ഒരു മിന്നല്‍ പോലെ 
നിന്നെയോര്‍ത്തെങ്കിലും 
എനിക്കും നിനക്കുമിടയില്‍ 
പിന്നെയും ഒരു പെരുമഴക്കാലം 
പെയ്തു കൊണ്ടേയിരുന്നു.



ഇപ്പോള്‍ ഞാനെന്‍റെ വിരലുകള്‍ 
നിനക്കു നേരെ നീട്ടിയിരിക്കുന്നു 
വേണമെങ്കില്‍ നിനക്കതില്‍ 
നിന്‍റെ വിരലുകള്‍ കോര്‍ക്കാം 
അധരങ്ങള്‍ മെല്ലെയമര്‍ത്തി 
ചെറുതായൊന്നു ചുംബിക്കാം 
പക്ഷേ കൈകളില്‍ ചുവന്ന 
പനിനീര്‍ പൂക്കളുമേന്തി 
നിനക്ക് മുമ്പില്‍ മുട്ടുകുത്തി 
നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് 
ഞാന്‍ പറയുമെന്ന് മാത്രം 
നീ പ്രതീക്ഷിക്കരുത്.


നമുക്കിരുവര്‍ക്കുമിടയില്‍ 
ഇപ്പോഴും  ചുട്ടു പൊള്ളിക്കുന്ന 
ഒരു വേനല്‍  കത്തിനില്‍ക്കുന്നുണ്ട് 

Thursday, June 13, 2013

വേനലിനും വര്‍ഷത്തിനും കുരുക്കിടാനാവാത്ത ഒരു നദി

ഞാന്‍ എപ്പോഴും 
എഴുതികൊണ്ടിരുന്നത്
പ്രണയത്തെക്കുറിച്ചായിരുന്നു 


കുടഞ്ഞെറിഞ്ഞാലും
പൂച്ചക്കുട്ടിയെ പോലെ 
നാലുകാലില്‍ വന്നു വീഴുന്ന
നിന്‍റെ  പ്രണയം 
വീണ്ടും ദേഹത്തു 
വന്നുരുമ്മി കാതരമായി  
എന്‍റെ കണ്ണുകളിലേക്ക് 
ഉറ്റു നോക്കിയിരുന്ന 
 ഗ്രീഷ്മത്തിലും ശിശിരത്തിലും 
മാറ്റമില്ലാതെ തുടരുന്ന 
നിന്‍റെ അതേ  പ്രണയം



എന്‍റെ അക്ഷരങ്ങളില്‍  നിറയെ 
നിന്‍റെ ആത്മാവാണ് 
കൂടു കൂട്ടിയിരുന്നത് 
 ഓരോ പ്രഭാതത്തിലും 
നീയെനിക്കേകുന്നത് 
ഓരോ വിസ്മയകാഴ്ചകളാണ് 
ചിലപ്പോള്‍ എന്നെക്കുറിച്ചുള്ള
ആര്‍ദ്രമായ ഒരു കവിത 
അല്ലെങ്കില്‍ എന്‍റെ കവിതകളുടെ 
ഒരു ആംഗലേയ പരിഭാഷ 
അതുമല്ലെങ്കില്‍  പ്രണയ കൊടുങ്കാറ്റിന്‍റെ 
വേരുകളാഴ്ന്ന ഒരു കുറിമാനം 



നിനക്കു വേണ്ടിയായിരുന്നു 
ഒരുകാലത്ത് ഞാന്‍ മരണത്തിന്‍റെ 
പടിവാതിലില്‍ നിന്നും തിരിച്ചു വന്നത് 
അന്നെന്‍റെ ജാലകങ്ങളില്‍ നിറയെ 
ഏകാന്തത വലകള്‍ നെയ്തിരുന്നു 
ഹൃദയത്തില്‍ ഇടിയും മിന്നലും 
പകച്ചു നിന്നിരുന്നു 
പെരുവഴിയില്‍ വീണുപോയ 
ജീവന്‍റെ നേര്‍ത്ത ഒരു തുടിപ്പ് 
ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങിയ 
തായ് വേരിന്‍റെ താളം 
തെറ്റിയ ഒരു  പിടച്ചില്‍ 
പ്രാണന്‍റെ  അവസാനത്തെ ഒരില



തെരുവോരങ്ങളില്‍ നിന്നും
പിടഞ്ഞമര്‍ന്നു കൊണ്ടിരുന്ന 
എന്‍റെ നേര്‍ത്ത സ്പന്ദനങ്ങള്‍  
വാരി പുണര്‍ന്നു
നെഞ്ചോട്‌ ചേര്‍ത്ത് 
ചെറുതീക്കണം ഊതിയൂതി
ജ്വലിപ്പിച്ചത് നീയായിരുന്നു 
നിന്‍റെ പ്രണയമായിരുന്നു 


എന്നിട്ടും നിന്നില്‍ നിന്നും 
കുതറിയൊഴുകാനാണ് 
ഞാനാഗ്രഹിച്ചത് 
ഞാനപ്പോഴും അങ്ങനെയായിരുന്നു 
കടുത്ത വരള്‍ച്ചയിലും വറ്റാത്ത 
ഒരു കാട്ടരുവിയാകാന്‍ മോഹിച്ചു 
ഒരു വേനലിനും വര്‍ഷത്തിനും 
എന്നെ കുരുക്കിയിടാന്‍  
കഴിയുമായിരുന്നില്ല 

Saturday, May 11, 2013

നമ്മള്‍ തിരയും തീരവുമാകുമ്പോള്‍


രണ്ടു ദിവസമായി 
ഒരു കവിതയുടെ വിത്തുകള്‍ 
ഹൃദയത്തില്‍ മുള പൊട്ടിയെങ്കിലും 
ആവശ്യത്തിന് വെള്ളവും 
വെളിച്ചവുമില്ലാതെ  
പുറത്തേക്ക് മിഴി നീട്ടാന്‍ 
കഴിയാത്തവ 
വീര്‍പ്പു മുട്ടുകയായിരുന്നു 



ഒരു വേള 
പൊരുന്നയിരിക്കുന്ന 
വാക്കുകള്‍ 
പാകത്തിന് ചൂട് കിട്ടാതെ 
കെട്ടു പോയേക്കുമോയെന്നു 
ഞാന്‍ ഭയപ്പെട്ടു 


പക്ഷെ ഇന്ന് പുലര്‍ച്ചെ 
ഞാന്‍ കണ്ണു തുറന്നത് 
നിന്‍റെ കവിതയിലേക്കാണ്.
എന്‍റെ മൂര്‍ച്ചയേറിയ 
പ്രണയത്തിലേക്കും 
കവിതകളിലേക്കും 
നിന്നെ കൈപിടിച്ച് 
കൊണ്ടുപോയ 
നിന്‍റെ കവിത 


ഒരു കവിതയില്‍  നിന്നും 
മറു കവിതയ്ക്കുള്ള 
അക്ഷരങ്ങളും 
വാക്കുകളും 
ചെത്തി കൂര്‍പ്പിക്കുമ്പോള്‍ 
നീയാഗ്രഹിക്കുന്നതു  പോലെ 
ഇനിയും നമുക്കൊരുമിച്ചു 
തിരിച്ചു നടക്കാന്‍ കഴിയുമോ 
എന്നറിയില്ലെങ്കിലും 
ഒന്നു മാത്രം ഞാന്‍ 
തിരിച്ചറിയുന്നു 



കാലമെത്ര കഴിഞ്ഞാലും 
തിരയും തീരവും  പോലെ 
ആര്‍ത്തിയോടെ നമ്മളിങ്ങനെ 
പ്രണയിച്ചു കൊണ്ടേയിരിക്കും 
ഒരിക്കലും പരസ്പരം സ്വന്തമാകാനും
സ്വന്തമാക്കാനും  കഴിയാതെ.