Saturday, August 22, 2009

നീ

എത്ര അകലെയാണെങ്കിലും
എന്‍റെ സ്നേഹം
തൊട്ടറിയുന്നവനാണ് നീ.
ഒരിക്കലും തമ്മില്‍
കണ്ടിട്ടില്ലെങ്കിലും
എന്‍റെ മനസ്സറിയുന്നവന്‍.


കനല്‍വഴികളില്‍
കാലിടറുമ്പോള്‍
എന്‍റെ കരതലം കവരുന്നവന്‍
മിഴികളില്‍ നീര്‍ക്കണം
പൊടിയുമ്പോള്‍
അധരങ്ങളാലൊപ്പുന്നവന്‍
ഹൃദയം നോവാല്‍ പിടയുമ്പോള്‍
മെയ്യോടു ചേര്‍ത്തു
മെല്ലെ പുണരുന്നവന്‍.


ഇരവിലും പകലിലും
ഞാന്‍ സംസാരിക്കുന്നത്
നിന്നോടാണ്.
ഞാനുണരുന്നതും
നിന്‍റെ സ്നേഹസ്മൃതിയിലാണ്
എന്‍റെ നെഞ്ചില്‍
ഇനിയും കാണാത്ത
നിന്‍റെ മുഖം മാത്രമാണുള്ളത്.


എന്നിലും നിന്നിലും വീണ്ടും
പ്രാണന്‍റെ ചിറകടിയൊച്ച
ഉയരുമ്പോള്‍ നാമിങ്ങനെ
അകലെയിരുന്നു
മൂകം പ്രണയിക്കും
ഒരിക്കലും തമ്മില്‍ പറയാതെ.

Monday, August 17, 2009

കലണ്ടര്‍

മാസത്തിലെ എല്ലാ
പതിനഞ്ചാം തിയ്യതിയും
നീ പടിയിറങ്ങിപ്പോയ
ദിവസത്തിന്‍റെ
അളവുകോലായി മാത്രം
കലണ്ടറില്‍ അവശേഷിക്കുന്നു.
ജീവിതത്തിലെ
മഞ്ഞുമലകളെയെല്ലാം
ഉരുക്കാന്‍ കെല്പുള്ള
ഒരു വരി
കരുണാര്‍ദ്രമായ
ഒരു നോട്ടമകലെ നിന്നെങ്കിലും

പഴയ നോട്ടുപുസ്തകത്തിലെ
താളുകളിലെന്നോ
ആരുമറിയാതെ നീയെഴുതിയ
രണ്ടു വരി കവിത
ഇന്ന് തികച്ചും
യാദൃച്ഛികമായി കണ്ടു ഞാന്‍
പ്രണയവും ആര്‍ദ്രതയും
കടലിന്‍റെ ആഴത്തോളമെന്നെ
കൊണ്ടുപോയ രണ്ടേ
രണ്ടു
വരികള്‍.

പക്ഷെ കര്‍ക്കടകം
കലിത്തുള്ളുന്ന ദിനങ്ങളില്‍
നിന്നെയോര്‍ക്കാനെനിക്ക്
ഈ വരികള്‍ മതിയാവുകയില്ല.

Wednesday, August 12, 2009

രമ്യഗീതം

ആദ്യമായി നിന്‍റെ സ്വരം
എന്‍റെ കാതുകളില്‍
പതിഞ്ഞപ്പോള്‍
മനസ്സില്‍ സ്നേഹത്തിന്‍റെ
കുളിരും സാന്ദ്രിമയും
കണ്ണുകളില്‍
അഗ്നിയും മഞ്ഞും
ഒരേ പോലെ
പൊഴിഞ്ഞു കൊണ്ടിരുന്നു.


പുതുമണ്ണില്‍ പുതുമഴ
നാമ്പ് വിരിയുമ്പോഴുള്ള
പ്രണയത്തിന്‍റെ ഗന്ധത്തിലും
കിനാവിന്‍റെ വിഹ്വലതകളിലും
അശാന്തിയുടെ തീരങ്ങളിലും
ഞാന്‍ ചെന്നു വീണു.


ഇനിയും എന്തെങ്കിലും പറയുക
ഇമ്പമാര്‍ന്ന നിന്‍റെ സ്വരം
എന്‍റെ തനുവില്‍ നിറയുമ്പോള്‍
ആകാശത്തിന്‍റെ ആര്‍ദ്രതയും
ഭൂമിയുടെ മായികതയും
ഞാനറിയും.
മയിലും മാരിവില്ലും
എന്‍റെ മിഴികളില്‍
നൃത്തമാടി തളര്‍ന്നുറങ്ങും.


ഗന്ധര്‍വ സ്വരഗീതകങ്ങള്‍
പൂക്കുമ്പോള്‍ നാം രണ്ടു
താരകങ്ങളായി നിര്‍ത്താതെ
പാടിക്കൊണ്ടേയിരിക്കും.

Saturday, August 8, 2009

ഇരുള്‍ക്കാഴ്ചകള്‍

ഞാനിപ്പോള്‍
അന്ധന്മാരുടെ ലോകത്താണ്.
കണ്ണാശുപത്രിയിലെ
സന്ദര്‍ശകമുറിയില്‍
കണ്ണുകളില്‍ തുള്ളിമരുന്നൊഴിച്ചു
അന്ധനായിരിക്കുന്ന
അവന്‍റെ അടുത്തിരുന്നു
വായിച്ചറിഞ്ഞക്ഷരങ്ങളിലൂടെ
ആഴ്ന്നിറങ്ങുമ്പോള്‍
അറിയാതെ അകപ്പെട്ടു പോയ
ഇരുട്ടിന്‍റെ ഇടനാഴിയില്‍
തപ്പിത്തടഞ്ഞവന്‍
പിറുപിറുക്കുന്നു:
കണ്ണുകള്‍ തുറക്കണമെനിക്ക്
എങ്കിലും കാഴ്ചകള്‍ അന്യമാവാം.


അന്ധരുടെ ലോകത്ത്‌
ഇരുള്‍ക്കാഴ്ചകള്‍ മാത്രമെന്ന
വേദാന്തമൊന്നും
പറയാതെ അവന്‍
കൈനീട്ടി തപ്പിതടയുന്നു
നീയെന്താണ്
നിശബ്ദയായിരിക്കുന്നത് ?
എന്നെ വിട്ടെങ്ങും പോകരുത്‌
എനിക്ക് വിശക്കുന്നു.

Sunday, August 2, 2009

വിരിയാത്ത വരികള്‍

എഴുതാതെ പോയ വരികളും
പറയാതെ കളഞ്ഞ അക്ഷരങ്ങളും
എല്ലാം നിനക്കുള്ളതായിരുന്നു.


നനഞ്ഞ മണ്ണില്‍ നിന്നും
മിഴിനീട്ടുന്ന പുല്‍ക്കൊടിയുടെ
വിഹ്വലതയും ഊഷരഭൂവില്‍
വീണ ആദ്യമഴത്തുള്ളിയുടെ
നിര്‍വൃതിയും അതിലടങ്ങിയിരിക്കുന്നു.


വയലേലകളുടെയോരത്ത്
ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന
കൊറ്റിയുടെ ഏകാഗ്രതയിലും
നീലപൊന്‍മാന്‍ ചിറകിന്‍റെ
വശ്യതയിലും മുക്കുറ്റിപ്പൂവിന്‍റെ
സ്വപ്നങ്ങളിലും നിറഞ്ഞൊഴുകി
ഒരു നദിപോലെ ധന്യയായി
ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍
മഴവില്‍ പൂക്കളാല്‍ നിറമാല
ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ
സിന്ദൂരം നെറുകയിലണിയിച്ചു
നീയെന്നെ സ്വീകരിക്കുക.


പ്രിയനേ, മഞ്ഞുപൊഴിയുന്ന
പ്രഭാതങ്ങളില്‍ നീയെന്‍റെ
ചിലമ്പിച്ച സ്വരം കേള്‍ക്കും.
അപ്പോള്‍ ചിതറി വീഴുന്ന
സ്പന്ദനങ്ങളില്‍ എന്‍റെ പ്രണയം
തുളുമ്പാതെ നിറഞ്ഞു നില്‍ക്കും.