Thursday, December 2, 2010

ഡിസംബര്‍

ഡിസംബറിലെ
മഴ നനഞ്ഞു നീ
കുടയില്ലാതെ വരുംനേരം
ഒരു നിശ്ശബ്ദ നാടകം
തെരുവില്‍ ഒടുങ്ങുന്നു.ഡിസംബറിലെ കുപ്പിച്ചില്ലുകള്‍
നെറുകയിലണിഞ്ഞു
നീയുണരുമ്പോള്‍
സ്വപ്നങ്ങളിലാണ്ടുപോയ
ഒരു പ്രേതമുഖം
നിലവിളിക്കുന്നു.ഡിസംബറിലെ രാത്രി
ഉടയാടയുരിയുമ്പോള്‍
ക്ഷണികഭ്രമങ്ങളുടെ
കടലിടുക്കില്‍ മുങ്ങി-
ത്താഴുന്ന കപ്പലില്‍ നിന്നും
അലറിയൊടുങ്ങുന്ന
കൊടുങ്കാറ്റൊടുവില്‍
തണുപ്പിന്‍ ജരാനര ചൂടുന്നു.