Sunday, November 29, 2009

സാന്ത്വനം

ഞാന്‍ മടങ്ങിപ്പോകയാണ്
നീ വിശേഷിപ്പിച്ച
ഈ ദുരന്തസ്വപ്നങ്ങളുടെ
ഇരുണ്ട തീരത്തുനിന്നും.



ഒരു കൊച്ചു ചിലന്തിവലയ്ക്കുള്ളില്‍
എന്‍റെ മനസ്സും
ഒരു പിടിക്കരിയിലകള്‍ക്കിടയില്‍
എന്‍റെ മൌനവും
കുരുങ്ങിക്കിടക്കയാണ്.
ഒരു നീര്‍ക്കുമിളയുടെ
ജന്മദൈര്‍ഘ്യം പൂണ്ടവ
മുക്തി നേടിയേക്കാമൊരിക്കല്‍ക്കൂടി
ഒരു നവ ചൈതന്യം പകര്‍ന്നേക്കാം.
ഒരുവേള
പകലുറക്കം അസ്വസ്ഥമാക്കുന്ന
എന്‍റെ നാളുകള്‍ക്കു കടുത്ത
ചാരനിറം തൂകിയേക്കാം.
അല്ലായ്കിലൊരു
വ്രണത്തിന്‍റെ പുതുകിയ
നൊമ്പരവുമായി വീണ്ടും
തളര്‍ന്നേക്കാം.



സ്നേഹം
എനിക്ക് ചുറ്റും കനത്ത ഇരുമ്പഴികള്‍
പണിതുയര്‍ത്തിയിരിക്കുന്നു
ഒരു നേര്‍ത്ത കമ്പിയുടെ അഗ്രം
പോലപവാദം നിന്‍റെ മുതുകിനെ
വളച്ചിരിക്കുന്നു.
ജലം വറ്റിയ എന്‍റെ വരണ്ട
കണ്ണുകളില്‍ നിന്നും
പച്ചച്ചോര വാര്‍ന്നിറങ്ങുന്നു.
ഒന്നും പറയാനില്ലേ?
അവസാനമോതുന്നതു തന്നെയാണല്ലോ
ആദ്യത്തേയും.



എന്തെങ്കിലും പറയൂ
ഈ വിജനതയില്‍ നമ്മളേകരാണ്.
ഇവിടെ ദൈവങ്ങള്‍ ഉറങ്ങിവീഴുന്നു.
രാപ്പാടികളുടെ മൌനഗീതം
അവരുടെ അളകങ്ങളെ തലോടുന്നു.



എന്‍റെ പ്രഭാതങ്ങള്‍
പ്രകാശത്തിന്‍റെ സ്നിഗ്ധത നഷ്ടമായ
സൂര്യന്‍റെ ഭ്രാന്തമായ മരണമാണ്.
ദുഃസ്വപ്‌നങ്ങള്‍ ചണ്ഡാള നൃത്തമാടുന്ന
ശ്മശാനഭൂവാണെന്‍റെ പ്രദോഷങ്ങള്‍

എങ്കിലും
ഞാനവയുടെ ഒരു കൊച്ചു
സാന്ത്വനത്തിനായി
കാതോര്‍ത്തിരിക്കയാണ്.



ഞാന്‍ മടങ്ങിപ്പോകയാണ്
വായനക്കാരില്ലാത്ത
ഒരു നീണ്ടകഥയുടെ
ദുഃഖപര്യവസായിയായ
അനന്തതയിലേക്ക്.

Saturday, November 21, 2009

ഗൗതമന്‍

ഗൗതമന്‍ പോവുകയാണ്.
അരമന പടിവാതില്‍ക്കലോളം
പിന്തുടര്‍ന്ന് ഞാന്‍ നിന്‍റെ
അകക്കണ്ണുകള്‍ കണ്ടു
മടങ്ങി പോന്നു.

നീയുപേക്ഷിച്ച
പൊന്നും മുത്തും പതിച്ച
കിനാവിന്‍റെ ഉടയാടകളും
പ്രണയോപഹാരങ്ങളുടെ
തൊങ്ങലുകളണിഞ്ഞ
ആഭരണങ്ങളും
ഇപ്പോഴെന്‍റെ പാദങ്ങള്‍ക്കരികെ
കലമ്പലുകളടക്കി കിടക്കയാണ്.



നെഞ്ചില്‍ പിടയുന്ന പരലുകളും
പ്രാണനെ പുല്‍കുന്ന സ്മൃതികളും
കാണാതെ നീ പോകുമ്പോള്‍
ഇമകളിലൂറൂന്ന
നൊമ്പരങ്ങളൊക്കെയും
ആത്മാവിലേക്കൊതുക്കി
ഞാന്‍ നിനക്ക് തന്നത്
ഒരു ബോധിവൃക്ഷച്ചുവടും
കനിവിന്‍റെ കാണാമറയത്ത്
നിന്നൊരു തെളിവാര്‍ന്ന സ്പര്‍ശവും
പൊരുളിന്‍റെ പാളികളെല്ലാം
ഒതുക്കിയൊരു തണല്‍ചില്ലയുമാണ്.

Monday, November 16, 2009

കീഴടങ്ങിയവരുടെ കവി (ബാലചന്ദ്രന്‍ ചുള്ളിക്കാടിന് )

കീഴടങ്ങിയവരുടെ കവീ,
നീയെന്താണ് നിശബ്ദനായിരിക്കുന്നത്?
ഹൃദയത്തിന്‍റെ തായ് വേരില്‍
നിന്നാണ് നിന്‍റെ രക്ത-
മിറ്റു വീഴുന്ന പേര്
ഞാന്‍ പറിച്ചെടുത്തത്.
നിന്‍റെ ചരിത്രം എനിക്കറിയില്ല.
നിന്‍റെ നിയോഗം എനിക്കറിയില്ല.
പക്ഷേ, നിന്നെ ഞാനറിയും
ഒരു ജന്മാന്തര ബന്ധം പോലെ.

നിന്‍റെ കാല്‍പ്പാടുകള്‍ തേടി
ഉള്ളു പൊട്ടിക്കരയുന്ന
പ്രേത ശബ്ദങ്ങള്‍ എത്തും.
നിന്‍റെ കാഴ്ചകള്‍ തേടി
സ്ഥാനഭ്രഷ്ടനായ
ഹാംലെറ്റ് രാജകുമാരനെത്തും.
നിന്‍റെ ഹൃത്തടം തേടി
വെറുമൊരു വാക്കിന്
ഇരുകരയില്‍ കടവുതോണി
കാത്തുകാത്തിരുന്ന
പാഴ്ജന്മങ്ങള്‍ എത്തും.
നിന്‍റെ പൊള്ളുന്ന വരികള്‍ തേടി
നാളെ പ്രണയികള്‍ വരും.
അപ്പോഴും നീ നിശബ്ദനായിരിക്കും.
ഒരു കൊടുങ്കാറ്റിനു മുമ്പുള്ള
മഹാശാന്തതയായിരിക്കുമത്.

Tuesday, November 10, 2009

തുലാവര്‍ഷ കോടതി

തുലാവര്‍ഷത്തിന്‍റെ
കോടതിയില്‍
സൂര്യചന്ദ്രന്മാരായിരുന്നു
സാക്ഷികള്‍.
ആകാശത്തെയും ഭൂമിയെയും
വിറപ്പിച്ച ഇടിമുഴക്കത്തിന്
വക്കീലിന്‍റെ കുപ്പായം.


ഇടിയൊച്ച
സ്വയം അഭിനന്ദിക്കുന്ന മട്ടില്‍
ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു.
മുനകൂര്‍ത്ത ചോദ്യങ്ങളുടെ
കെട്ടഴിച്ചു സാക്ഷികളുടെ
നേര്‍ക്കെറിഞ്ഞു.


സൂര്യന്‍ നഗ്നനായിരുന്നു.
അതിനാല്‍ അവന്‍
ചോദ്യങ്ങളുടെ പട്ടികയില്‍
നിന്നൊരു ആശ്ചര്യ
ചിഹ്നം എടുത്തുപുതച്ച്
നിശബ്ദനായി നിന്നു.


ചന്ദ്രന്‍ പ്രതിക്കൂട്ടിലെത്തിയപ്പോള്‍
വെണ്‍തൂവലുകളുടെ
രാത്രി കുപ്പായത്തില്‍
അവനെ ഒപ്പിയെടുക്കാന്‍
മിന്നലിന്‍റെ ക്യാമറ കണ്ണുകള്‍
മത്സരിക്കവേ
വക്കീല്‍ അട്ടഹസിച്ചു:
കറുത്ത കോട്ടിട്ട കാറ്റ്
മേഘപാളികളെ
തട്ടികൊണ്ടു പോയതിനു
സാക്ഷി താങ്കള്‍ ആണോ?

ഒരു ഗുഹാമുഖത്തെന്ന പോലെ
ചന്ദ്രന്‍ മൊഴിഞ്ഞു:
ഞാന്‍ അന്ധനാണ്.

Tuesday, November 3, 2009

രക്തസാക്ഷി

നിന്‍റെ ഒന്നാം ചരമവാര്‍ഷികം.
ഇന്ന് ഫെബ്രുവരി ഇരുപത്തിയഞ്ച്.
കലണ്ടറില്‍ അംഗ വൈകല്യമേറ്റ
തളര്‍ന്ന കറുത്ത ശരീരം.
നക്ഷത്രങ്ങള്‍ കൊരുത്തു
കണ്ണീരിന്‍റെ നനവുള്ള നിന്‍റെ
മണ്‍കൂനയില്‍ ഒരു മാല.


നിന്‍റെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും
ചുവപ്പ് വാര്‍ന്നു പോയിരിക്കുന്നു.
മണ്‍കൂനയ്ക്കുള്ളില്‍ പരതി
നിന്‍റെ മുഖം ഞാന്‍ കണ്ടെത്തി.
സ്വപ്‌നങ്ങള്‍ വിരിയുന്ന മിഴികളും
ചിതല്‍ പൊഴിയുന്ന നിന്‍റെ
കുടിലിന്‍റെ മേല്‍ക്കൂരയും
കരിന്തിരി കത്തുന്ന വിളക്കും
അവര്‍ തിരിച്ചു തന്നില്ലെന്ന്
നിന്‍റെ ചുണ്ടുകള്‍ വിതുമ്പുന്നു.


അലയാഴിയില്‍ പവിഴങ്ങള്‍
തേടിപോയ നിന്‍റെ പറവകളിനീ
തിരികെ വരില്ലെന്ന് തേങ്ങി
കടും ചുവപ്പൊരു ചെമ്പരത്തി
നീ എനിക്ക് നീട്ടി-

ആത്മസ്നേഹത്തിന്‍റെ സുഗന്ധം
ഇനിയുമീ താഴ്വരയെ
മുഗ്ദ്ധമാക്കില്ല സഖേ, യെന്നൊരു
മുദ്രാവാക്യവുമായി ഞാനീ കുന്നിറങ്ങുന്നു.