Monday, May 25, 2009

ഏഴാമത്തെ ഋതു

ഒരു വ്യാഴവട്ടത്തിനു ശേഷം
ഇന്നാണ് എന്റെ നെഞ്ചില്‍
നീലക്കുറിഞ്ഞികള്‍ പൂത്തത്.
നിന്റെ മിഴികളുമായി
കൊരുത്തപ്പോള്‍ ഉണ്ടായ
മിന്നലില്‍ നിന്നായിരുന്നത്.


ദുരിതങ്ങളുടെ അഗ്നി
കൂമ്പാരത്തിനുള്ളില്‍
ഞാന്‍ കരിഞ്ഞുപോകുമെന്ന്
ഭയപ്പെട്ട നിമിഷമാണ്
നീയെന്നെ കണ്ടെത്തിയത്‌.
തൂവലുകള്‍ കിളിര്‍ക്കാത്ത
ഒരു പക്ഷിക്കുഞ്ഞായിരുന്നു ഞാന്‍.
നിന്റെ ഹൃത്തടത്തിന്റെ
ചൂടേറ്റാണെന്നില്‍
ജീവന്‍ തിളച്ചതും
ഇളംവെയില്‍ പിടച്ചതും.


കാട്ടാറിന്റെ കിതയ്ക്കുന്ന
പ്രാണനില്‍ നമ്മള്‍ കൂട് വെച്ച
ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി
നീയെനിക്ക് ഗ്രീഷ്മത്തിന്റെ
ചിറകുകള്‍ തന്നു.
ഞാന്‍ നിനക്ക്‌ ശിശിരത്തിന്റെ
മഞ്ഞലകളും.

നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്ന
ഒരു കാലത്തിലേക്ക്
നമ്മള്‍ മടങ്ങുമ്പോള്‍
ഭൂമിയില്‍ ഏഴാമത്തെ
ഋതു വിരുന്നിനെത്തും.

Thursday, May 21, 2009

വൃത്തം

നീയെന്നെ
കണ്ണടക്കിടയിലൂടെ
ഇങ്ങനെ നോക്കരുത്‌.
അന്ധന്‍റെ കൈയിലെ
ഭിക്ഷാപാത്രമാണ് ഞാന്‍.
കൊടുംകാറ്റിന്റെ
നെഞ്ചില്‍
വിത്തെറിഞ്ഞവള്‍.
നരകാഗ്നിയില്‍
തലച്ചോറ് നട്ടവള്‍.
ഖനി ഗര്‍ത്തങ്ങളില്‍
പൈതൃകങ്ങള്‍
ഉപേക്ഷിച്ചവള്‍
ഇടിമുഴക്കങ്ങള്‍ക്കൊപ്പം
ആകാശഭിത്തികളെ
ചിന്തകളാല്‍
ഭേദിച്ച് നടന്നവള്‍.
അതിനാല്‍
വീണ്ടുമെന്നെ
നീയിങ്ങനെ നോക്കരുത്‌.
പൂവിതള്‍-
ത്തുമ്പില്‍ വിതുമ്പിനില്ക്കുന്ന
മഞ്ഞുതുള്ളിയാവാന്‍
എനിക്കിനി കഴിയില്ല.

Friday, May 15, 2009

ഇന്നലെ പെയ്ത മഴ

ഇന്നലെ മഴയിലൂടെയാണ്
ഞാന്‍ നടന്നു പോയത്.
കലങ്ങിമറിയുന്ന വെള്ളത്തില്‍
എന്റെ പാദസരങ്ങള്‍
ഒലിച്ചുപോയത്
ഞാന്‍ അറിഞ്ഞതേയില്ല.

മുറ്റത്തെ പുതുനദിയില്‍ നിന്നും
ഒഴുകി വരുന്ന
കടലാസ് വഞ്ചികളില്‍
ബാല്യത്തിന്‍റെ സ്വപ്നങ്ങളും
മയില്‍പീലിയും
ആലിപ്പഴവുമുണ്ടായിരുന്നു.

സ്ഫടികമണി തുള്ളികള്‍
ചാഞ്ചാടിക്കളിക്കുന്ന
ചേമ്പിന്‍പാടത്തിനു അക്കരെനിന്നും
പാറിവന്ന ഈറന്‍ കാറ്റും
പുല്‍ക്കൊടികളും പറഞ്ഞിരുന്നു:
പ്രണയിക്കരുത്‌ നീ ഇനിയും
ഗതിമാറ്റി മറയ്ക്കുന്ന മഴയെയും
നിറങ്ങള്‍ മാറ്റുന്ന മാനത്തെയും.

മാനം നിന്റെ സ്വപ്നങ്ങളും
മഴ പാദസരങ്ങളും അപഹരിച്ചു
ചിരിച്ചു മറയുകയാണ്.
നിന്റെ കാലുകളുടെ കീഴിലൂടെ
ആണിന്നു മഴ പാഞ്ഞു പോയത്‌.
ആകാശമാവട്ടെ മിഴികളിലൂടെയും.

Sunday, May 10, 2009

കണ്ടകശനി

വീണ്ടും എന്നെ നീ
തിരികെ വിളിക്കരുത്‌.
എന്റെ പേനയിലെ മഷി
മുഴുവന്‍ വറ്റിപ്പോയിരിക്കുന്നു.
മനസ്സില്‍ നിന്നും സ്വപ്നങ്ങളും.
രാത്രികള്‍ നിദ്രയും കൊണ്ടു
കാടുകളിലെവിടെയോ മറഞ്ഞു.

പ്രണയ താളുകള്‍ക്കിടയില്‍
കാത്തുവെച്ച മയില്‍പ്പീലി-
യിതളുകളെ മിഴിതുറന്ന
മാനം വന്ധ്യയാക്കി-
മാറ്റിയത് അറിഞ്ഞു സ്നേഹത്തിന്‍റെ
ഈ തീരം വിട്ടു ഞാന്‍ പോവുകയാണ്.

പുണരുന്ന കൈകളില്‍
നിന്നെന്നെ മോചിപ്പിക്കുക.
യാത്ര പറയാനാണ് ഞാന്‍ വന്നത്.
ശിശിരത്തില്‍ ഉണര്‍ന്നിരുന്നു നീ
പറഞ്ഞ ആയിരത്തൊന്നു രാവുകളുടെ
കഥ ഞാന്‍ കരുതിവെച്ചിട്ടുണ്ട്.

നിന്റെ ചുംബനത്തിന്റെ നനവ്
എന്റെ മിഴികളില്‍ സാന്ത്വനമായും
ആലിംഗനത്തിന്റെ ചൂട്
എന്നിലൊരു കടമായും ബാക്കിയാവുന്നു.
നിന്റെ കൈത്തണ്ടയില്‍ കിടത്തി
എന്നെ ഉറക്കിയിരുന്ന രാത്രികളോട്
യാത്ര പറയാന്‍ കൂടിയാണ് ഞാന്‍ വന്നത്.
സ്വസ്ഥയായി ഞാനിനി ഉറങ്ങുകയില്ല.

നീല കടമ്പിന്റെ തണലിലിരുന്നു
നാം നെയ്തുകൂട്ടിയ കിനാക്ക-
ളൊക്കെ ഞാനീ പടിവാതിലില്‍
ഉപേക്ഷിക്കുകയാണ്.
വീണ്ടും ഒരു ജന്മം ബാക്കി
നിന്നാല്‍ ജനിമൃതികളുടെ
നൂല്പാലവും കൈവഴികളും
നമുക്ക്‌ വേണ്ടെന്ന മോഹം
ഞാന്‍ കൊണ്ടുപോകുന്നു.

Saturday, May 2, 2009

ഗസലുകളുടെ രാവ്‌

ഗസലുകളുടെ താളങ്ങളിഴയുന്ന
രാത്രികളില്‍ നിശ്ശബ്ദരായി
ഇരിക്കാം നമുക്ക്‌.

നിലാവിന്‍റെ തണുപ്പ്‌
ഉടലാകെ പുണരുമ്പോള്‍
കണ്ണുകളില്‍ ആകാശത്തെ
ഒളിപ്പിച്ച്
സ്നേഹത്തിന്‍റെ മൂകഭാഷയില്‍
സംവാദങ്ങള്‍ നടത്താം.

മേഘജാലങ്ങളെ തോളിലേറ്റി
ഒരു കാറ്റു പാഞ്ഞുപോകുമ്പോള്‍
ഞാനൊരു താരാട്ട് പാടാം.

വേനല്‍മഴ സ്വപ്നങ്ങളെ
നനയ്ക്കുമ്പോള്‍ നിന്റെ
പ്രണയാര്‍ദ്ര മുഖം
എന്റെ മനസ്സില്‍ പടരുന്നു.

ഇനി നമുക്ക്‌ ശാന്തരായി
രാവിന്റെ കൈകളില്‍ വീഴാം
ഗസല്‍ പാടിക്കഴിഞ്ഞിരിക്കുന്നു.