Tuesday, November 22, 2011

കര്‍ണ്ണന്‍

വാസന്തപൗര്‍ണമി
രാവിലാണെന്റെ ജനനം
കൈകളില്‍ ചിലമ്പുന്ന
സ്വപ്‌നത്തിന്നിതളുകള്‍
കണ്‍കളില്‍ താരകങ്ങള്‍
വാര്‍നെറ്റിയില്‍ തിലകമായി
അമ്പിളിക്കല
കമ്മല്‍ പൂക്കളായി
സൂര്യനും പടച്ചട്ടയായി
പൗര്‍ണമിരാവിന്നലകള്‍
തൊട്ടിലായി നദിയിലെയോളങ്ങള്‍
പ്രാണന്‍ കാത്തവള്‍ രാധ.


അമ്മിഞ്ഞപ്പാലു വിലക്കിയ
അമ്മ അനുജന്റെ പ്രാണന്‍
തിരികെ ചോദിക്കുന്നു
ഗുരുദക്ഷിണയായി വാങ്ങിയത്‌
പൊന്നും പെരുവിരലുമല്ല
ഉന്നം തെറ്റാത്ത ആവനാഴിയും
ശാപത്തിന്റെ പൊടിയണിഞ്ഞ
ഓര്‍മ്മകളും ഭുതകാലമൊക്കെയും.
കുലവധുവിന്റെ മൂടുപടം മാറ്റി
അമ്മേ, നിന്നെ ലോകം
കാണുമ്പോള്‍
ചുരത്താത്ത പാലിനും
ഉദരത്തിലാദ്യം കുരുത്ത
ജീവനും മാറ്റി മാറ്റി
പറയാന്‍ വേറെ കഥകളോ
മൊഴികളോ ബാക്കിയാവുമോ?


സൂര്യപുത്രനായും സൂതപുത്രനായും
അഭിമാനത്തിന്റെയും അപമാനത്തിന്റെയും
മേലങ്കിയണിഞ്ഞിന്നിവന്‌
മടുത്തിരിക്കുന്നു
അംഗരാജാവിന്റെ കിരീടത്തിനോ
യുവരാജാവിന്റെ സൗഹൃദത്തിനോ
എന്റെ ജന്മപാപത്തിന്റെ കറ
കഴുകിക്കളയാനാവില്ലെന്ന്‌
ദ്രുപദരാജധാനിയില്‍
അറിവിന്‍ പെരുമഴയായി
പെയ്‌തിറങ്ങിയപ്പോഴും
തേര്‍ത്തട്ടില്‍ വായുപുത്രന്റെ
പരിഹാസച്ചിരിക്കിടയില്‍
മഞ്ഞുപോലെയുരുകിയപ്പോഴും
സര്‍വ്വചരാചരങ്ങളെയും
വെണ്ണീറാക്കാന്‍ കെല്‍പ്പുള്ളവന്റെ
മകനിതാ തൃണമായി
ഭൂമിയോളം താണപ്പോഴും
കനിവിന്റെ ഗന്ധമുള്ള
ഒരു വാക്ക്‌, അരുതെന്നൊരു
നോട്ടമെങ്കിലും, ഇല്ല
ചീന്തിയെറിയാനാഗ്രഹിക്കാത്ത
മൂടുപടത്തിനുള്ളില്‍
നീയൊരു മഹാസമുദ്രമായി
അലിയാത്ത സന്ധ്യയായി
ഉലയാത്ത വന്‍മരമായി
അമാവാസിരാവുപോലെ
ഇരുളിന്‍ പുതപ്പുചൂടി
കിരാതന്റെ വില്ലുകണക്കെ
ഇളകിമറിയുന്ന സിംഹാസനത്തില്‍
നീ ധര്‍മ്മിഷ്‌ഠന്റെ അമ്മ
മഹാമേരുവിന്റെയും വില്ലാളിവീരന്റെയും
കാമദേവനെ വെല്ലുന്ന നകുല-
സഹദേവന്മാരുടെയും പ്രിയമാതാവ്‌
ഞാനോ, കാടിവെള്ളം കുടിച്ചു
വളര്‍ന്ന രാധേയനായി
കൗരവസോദരന്മാരുടെ
പിറകിലെ നിഴലായി
പഞ്ചപാണ്ഡവരുടെ
കണ്‍ബാണമേറ്റു പിടയുന്ന
ചിത്തവും പാതാളത്തോളം
താഴ്‌ത്തിയ അക്ഷരജ്വാലകളാല്‍
പൊതിഞ്ഞു മൃതപ്രാണനായി
ആനക്കൊട്ടകകളിലലഞ്ഞ
ബാല്യകൗമാരകാലങ്ങള്‍
അന്നു മകനേയെന്നൊരു സ്വരം
വീണ്‍വാക്കായി നിന്റെ ചുണ്ടില്‍
നിന്നുതിര്‍ന്നെങ്കില്‍
ലോകത്തിലേറ്റവും ഭാഗ്യ
വാനാണിവന്നൊരാഹ്ലാദം
നെഞ്ചില്‍ കൊളുത്തി
ഞാനുറങ്ങുമായിരുന്നു.


എനിക്ക്‌ പാണ്ഡവരുടെ
ജ്യേഷ്‌ഠസ്ഥാനമോ ചെങ്കോലോ
ആവശ്യമില്ലായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിന്റെ സിംഹാസനമോ
കിരീടമോ പാഞ്ചാലിയുടെ
മെത്തയുടെ പാതിയോ വേണ്ട
അമ്മാനമാടിക്കളിക്കാന്‍ പൊന്‍
നാണയങ്ങളും ചാമരം വീശാന്‍
സുന്ദരികളും സ്‌നേഹിതനായി
മയില്‍പ്പീലിക്കിരീടമണിഞ്ഞവനോ
സൗഗന്ധികപ്പൂക്കള്‍ തേടിപ്പോയ
സ്‌നേഹത്തിന്റെ ബാക്കിപത്രങ്ങളോ
എന്നെ മോഹിപ്പിക്കുന്നതേയില്ല
പകരം നിന്റെ മകനെന്ന
സ്ഥാനം മാത്രം
തിരിച്ചറിവുകള്‍ക്കൊടുവില്‍
നിഗൂഢമായി മോഹിച്ച
കവചകുണ്ഡലധാരി കര്‍ണ്ണന്‍.
സ്വന്തം പ്രാണനും ദാനം ചെയ്യാന്‍
കരളുറപ്പുള്ളവന്‍
ഞാന്‍ സൂര്യപുത്രന്‍.
വാത്സല്യത്തിന്റെ വരം തരാന്‍
അറിയാത്ത അമ്മയാണ്‌
നീയെന്നറിഞ്ഞിട്ടും
കാത്തിരുന്നത്‌
അതുമാത്രമായിരുന്നല്ലോ
പുകഞ്ഞു കത്തുന്ന തീക്കൊള്ളി-
യായി നിന്റെ ദൃഷ്ടിപഥത്തില്‍
അമരാതെ ഞാന്‍ പിന്നിട്ട-
തെത്ര നാഴികവിനാഴികകള്‍.


കാലം പൊറുക്കാത്ത
പാതകം കണ്ടിട്ടും മിഴിയടച്ചു
മൗനം പൂകിയവള്‍ നീ
വെണ്‍മേഘം പോലെയുള്ള
വസ്‌ത്രങ്ങളണിയുമ്പോഴും
മനസ്സില്‍ വീണ പാപക്കറയുമായി
പതിവ്രതയായി നീ പാണ്ഡു
രാജ്യമഹാറാണി
ഏവര്‍ക്കും ദേവത
പുത്രര്‍ക്കു നിന്‍
മൊഴികളേതും വേദവാക്യം.


വിശോകനുമൊത്ത്‌ നീയെന്നെ
ആദ്യമായി കാണാനെത്തിയ
നദീതീരത്തെ പൊന്‍പുലരി
ഇന്നുമെന്റെ ഓര്‍മ്മയിലുണ്ട്‌
ഗായത്രികള്‍ പൂക്കുന്ന പുളിന-
ങ്ങളില്‍ തൊട്ടു മടിയേതുമില്ലാതെ
നീയെന്റെ ഹൃദയത്തിലേക്കൊരു
പൊള്ളുന്ന ശരമെയ്‌തു
പതിയെ ചിരിച്ചു
അകം പൊതിഞ്ഞ
രാജരക്തത്തിന്റെ ചിരി
"ഞാന്‍ നിന്റെ പെറ്റമ്മ
പാണ്ഡവര്‍ നിന്‍ സോദരരും"
തലയില്‍ വീണുടയുന്ന
ആകാശച്ചീളുകള്‍ക്കിടയിലൂടെ
പെറ്റമ്മയുടെ മുഖം
ഞാന്‍ കാണുമ്പോള്‍ നിന്റെ
സ്വരം വീണ്ടും ഈയമായി
കാതില്‍ ഉരുകിയടയ്‌ക്കുന്നു:
"കുരുക്ഷേത്ര യുദ്ധത്തില്‍
ഭ്രാതാക്കള്‍ക്കു തുണയേകണം നീ"
ദുര്യോധനനെതിരെ
വാളെടുക്കണമെന്നും ഓതാന്‍
എന്തൊരു ചങ്കുറപ്പായിരുന്നു !
അപമാനത്തിന്റെ
നെരിപ്പോടിലെരിഞ്ഞ
സൂതപുത്രനെ കിരീടവും
ചെങ്കോലുമണിയിച്ചവനെതിരെ
പടവാളോങ്ങുവാന്‍ മാത്രം
നെറികെട്ടവനല്ല രാധേയന്‍.
അതിനാല്‍ മകനായി ഒന്നേ
വരം തരുന്നു നിനക്കമ്മേ
അര്‍ജുനനെതിരേയല്ലാതെ
അമ്പുകള്‍ തൊടുക്കുകയില്ല
ഇവനൊരിക്കലും
പൊലിയുന്നതു കര്‍ണ്ണനായാലും
അര്‍ജുനനായാലും നിനക്കെന്നും
അഞ്ചു മക്കള്‍, പഞ്ചപാണ്ഡവരായി
തെളിയാത്ത മുഖവുമായി നിന്ന
നിനക്കൊരു വരും മാത്രം മതി
പാര്‍ത്ഥന്റെ പ്രാണന്‍ തിരികെ
തരണം കര്‍ണ്ണായെന്നു കെഞ്ചിയ
ലോകത്തിലേറ്റവും സ്വാര്‍ത്ഥ.
എന്നേ ഉള്ളില്‍ നിന്നുപേക്ഷിക്ക-
പ്പെട്ടവനാണ്‌ സൂര്യപുത്രന്‍
മറക്കുന്നില്ല ഞാന്‍
ഈ ജീവനും ഓര്‍മ്മകളും
നദിയിലൊഴുക്കി
പൊയെത്രനാള്‍ പിന്നിടുന്നു
ഒരിക്കലും സ്വീകരിക്കാനാവാത്ത
പ്രാണനുവേണ്ടി കരയാന്‍
വിഡ്‌ഢിയല്ല പാണ്ഡവമാതാവ്‌.


കുരുക്ഷേത്രഭൂമിയില്‍ എന്റെ
മുന്നില്‍ പരാജിതനായി നിന്ന
മഹാമേരു ഭീമനെ
ഒരമ്പില്‍ ഒടുക്കാമായിരുന്നിട്ടും
ഞാനനങ്ങുന്നില്ല പാണ്ഡുപത്‌നീ
അവന്റെ പ്രാണനും നിനക്കു
ഞാന്‍ ദാനമായി തന്നുകഴിഞ്ഞു
ചൂതുകളിച്ച തുലച്ച
രാജ്യത്തിനും കുലവധുവിനെ
പണയപ്പണ്ടമായി നേദിച്ച്‌
അഴിഞ്ഞുലഞ്ഞ മുടിക്കെട്ടില്‍
ചുടുചോരയണിയിക്കാന്‍
നവവിധവകളെ സൃഷ്ടിച്ച
ധര്‍മ്മപുത്രന്റെ വിലയില്ലാത്ത
ജീവനും എനിക്ക്‌ വേണ്ട
പൂപോലെ തുടുത്ത മുഖമുള്ള
മാദ്രീപുത്രരേ പോവുക
ദൂരെ വേണ്ടതു നിങ്ങളെയല്ല
കര്‍ണ്ണബാണത്തിനേറ്റവും
യോഗ്യന്‍ വില്ലാളിവീരന്‍ മാത്രം
വിയര്‍പ്പണിഞ്ഞ മുഖവുമേന്തി
കാര്‍വര്‍ണന്‍ സാരഥിയായ
തേരില്‍ നീയെന്റെ മുമ്പിലെത്തിയപ്പോള്‍
ഉള്ളം വിങ്ങുന്നനുജാ,
ഒരിക്കല്‍ മാത്രം വിളിക്കട്ടെ
ഞാന്‍ മനതാരില്‍ നിന്നെ
കൊല്ലുവതെങ്ങനെ നിന്നെയീ
ജ്യേഷ്‌ഠന്‍, പോവുക നീയും ദൂരെ
പരിഹാസശരങ്ങളെയ്‌തു
നിന്നെ പിന്തിരിപ്പിക്കാനൊരുങ്ങി
ഒരു മാത്രയെങ്കിലുമെല്ലാം
അറിയുന്നവന്‍ കണ്ണന്‍
സുദര്‍ശനചക്രധാരി
ജ്യേഷ്‌ഠനു നേരെ ദിവ്യാസ്‌ത്രം
തൊടുക്കാനനുജനെ
ഉത്സാഹിപ്പിച്ചും
പുഞ്ചിരി മങ്ങാതെയും
നില്‍പ്പതു കണ്ടു
ചേറില്‍പ്പൂണ്ട തേര്‍ചക്രമുയര്‍ത്താന്‍
ഒരു നാഴികനേരം കടം ചോദിച്ചും
കെഞ്ചിയും കിതച്ചും നില്‍ക്കുമ്പോള്‍
വരുന്നല്ലോ പ്രാണനെ കുരുക്കാന്‍
സോദരാ, നിന്റെ ശരങ്ങള്‍ തന്നെ.


അമ്മേ, ഇമകളടയുന്നു
പോവുകയാണിന്നു ഞാന്‍
നിന്നെ ചൂഴ്‌ന്ന കറുത്ത ബിന്ദുവായി
ഇനിയില്ല ഇഹലോകത്തില്‍ വിട.

Friday, October 14, 2011

ബാല്യത്തിലെ രാക്കാഴ്ചകള്‍

മുനിഞ്ഞു കത്തുന്ന
വിളക്കില്‍ ചുവട്ടില്‍
ഇറയത്തിരുന്നു ഞാന്‍
നിഴല്‍ പടര്‍ന്നിടവഴി
യിലേക്ക് കണ്ണുകള്‍
നട്ടു നിവരുമ്പോള്‍
ഹൃദയത്തിനുള്ളിലൂടെ
ഒരു തീക്കാറ്റ് കുതിക്കുന്നു


കരിപിടിച്ച രൂപങ്ങള്‍
നിഴലായി വളര്‍ന്നു
തഴയ്ക്കുന്നതും
അമ്പിളി ചീന്തിനെ
തള്ളി മാറ്റി ഒരു മേഘം
പാഞ്ഞു പോകുന്നതും
ബാല്യത്തിന്റെ
കരിമ്പടം പുതച്ചോരോ
പേടി പിടിച്ച ഓര്‍മ്മകള്‍
കുന്നില്‍ പുറങ്ങളില്‍ മേയുന്നതും
കരിമ്പനക്കാട്ടിലെ
കൊമ്പുമുളച്ച യക്ഷികള്‍
വിലാസവതികളാകുന്നതും
പൊടിച്ചൂട്ടുകള്‍
ഗുളികന്‍ ത്തറയില്‍
തുള്ളിയാടുന്നതും


അമ്മേയെന്നാര്‍ക്കുന്ന
വേളയില്‍ ഒരു ചെറു
കാറ്റായി അമ്മയെത്തുന്നു
പുകപിടിച്ചയോര്‍മ്മകളെ
ഊതികെടുത്തി
നനുത്ത ഉമ്മകള്‍
കൊണ്ടെന്റെ മുഖം നിറച്ചു
രാത്രിയുടെ കാര്‍മുകില്‍
കൂട്ടില്‍ നിന്നെന്നെ
മാറോടു ചേര്‍ക്കാന്‍
എന്റെ അമ്മയെത്തുന്നു

Thursday, August 25, 2011

വിരുന്ന്

നീയെനിക്ക്
പ്രണയം കൊണ്ടു
വിരുന്നൊരുക്കുക
ഞാന്‍ മാത്രമായിരിക്കും
അതിഥി.

മേശ നിറയെ
തെളിച്ചു വെച്ച
മെഴുകുതിരി വെട്ടത്തില്‍
എന്‍റെ കണ്ണുകളുടെ
വശ്യതയില്‍ വിസ്മയിച്ച്
ഇനി എന്തിനീ
പാഴ്തിരികള്‍
എന്നോര്‍ത്തു നീയവ
ഒന്നുമവശേഷിക്കാതെ
ഊതി കെടുത്തും.

പുറത്തു നിലാവ്
തേങ്ങി കരയുന്നുണ്ടാവും
നക്ഷത്രങ്ങള്‍
കലമ്പല്‍ കൂട്ടും
അവരില്‍ നിന്നും
രണ്ട് താരകങ്ങളെ
ഞാന്‍ കവര്‍ന്നെടുത്ത
കോപത്തോടെ.
ഞാനപ്പോള്‍
നിന്‍റെ നേര്‍ത്തതും
രോമനിബിഢവുമായ
വിരലുകളില്‍ ചുംബിക്കും.


മെഴുകുതിരി കണക്കെ
ഉരുകുന്ന നിന്‍റെ
ചുണ്ടുകളെന്നെ
സ്പര്‍ശിക്കുമ്പോള്‍
ഞാനാ നക്ഷത്രങ്ങളെ
നിനക്ക് ദാനം നല്‍കും
ആകാശസുന്ദരികളുടെ
കലമ്പല്‍ ഗൗനിക്കാതെ.

Thursday, August 18, 2011

ബോധിവൃക്ഷം

പാതിരാവിന്റെ മറപറ്റി
രാജകുമാരന്‍
എന്നേയ്ക്കുമായി
പടിയിറങ്ങി പോയ
അന്തഃപുരമാണെന്റെ മനസ്സ്


നിനക്ക് ജരാനരകളിലും
രോഗങ്ങളിലും
തേഞ്ഞുടഞ്ഞ ചിന്തകളും
നക്ഷത്രങ്ങള്‍ നിറഞ്ഞ
ആകാശവും വേരുറപ്പിക്കാന്‍
ഒരു ബോധിവൃക്ഷവും
കാടിന്റെ മാറുപിളര്‍ന്ന
പ്രാണനും കറ തീര്‍ത്ത
പ്രതീക്ഷകളുടെ
നാമ്പുകളുമുണ്ടായിരുന്നുഎനിക്ക് അന്നം
അന്തഃപുര സ്ത്രീകളുടെ
മുന കൂര്‍ത്ത നോട്ടങ്ങള്‍
അഗ്നിയില്‍ ചുട്ടെടുത്ത വാക്കുകള്‍
ചൂണ്ടിക്കാണിക്കാനാളില്ലാത്ത
അനാഥ മാതൃത്വം
എങ്കിലും
നീ ഭയന്ന ജരാനരകളെ
എന്റെ മനസ്സൊരിക്കലും
സ്വീകരിക്കുകയില്ല

Thursday, August 4, 2011

ആഴങ്ങളില്‍ നഷ്ടപ്പെട്ടവര്‍

ഞാന്‍ അവനോടു ചോദിച്ചിരുന്നു
നീ എന്തിനാണ്
എപ്പോഴുമിങ്ങനെ
എനിക്ക് മിസ്ഡ് കാള്‍
അടിച്ചുകൊണ്ടിരിക്കുന്നത്?

എനിക്ക് നിന്നെ ഒരിക്കലും
നഷ്ടപ്പെടാതിരിക്കാന്‍
ഓരോ നിമിഷവും
നിന്നെ പ്രണയിക്കുന്നു
എന്നോര്‍മ്മിപ്പിക്കാന്‍

മിസ്ഡ് കോളുകള്‍ക്ക്
എന്തെന്ത് അര്‍ഥങ്ങള്‍,
ആഴങ്ങള്‍
നീ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന
നിമിഷം തൊട്ടു
രാത്രി ഉറങ്ങും വരെ
പ്രഭാതങ്ങളില്‍
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍
സന്ധ്യകളില്‍ തിരിച്ചെത്തുമ്പോള്‍
നിന്റെ മിസ്ഡ് കോളുകള്‍
ഓര്‍ക്കാപ്പുറത്തെ
ഒരൊറ്റ ചുംബനം പോലെ
എന്‍റെ മുഖത്തെ വര്‍ണാഭമാക്കിയിരുന്നു.


ഒരിക്കലും പിരിയരുതെന്നാ
ഗ്രഹിച്ചിട്ടും ജീവിതത്തിന്‍റെ
ഏത് തിരിവില്‍ വെച്ചാണ്
നിനക്കെന്നെ എന്നേക്കുമായി
നഷ്ടപ്പെട്ടു പോയത്?

Saturday, July 23, 2011

ഹൃദയമിടിപ്പുകള്‍ നിലയ്ക്കുന്നയിടം

നിന്‍റെ ഓരോ വാക്കുകളിലും
സ്നേഹ സമുദ്രങ്ങളുണ്ട്.
കവിതകളുടെ കൊടുങ്കാറ്റുണ്ട്.
നനുത്ത മയില്‍‌പീലി സ്പര്‍ശമുണ്ട്.
പ്രണയത്തിന്‍റെ പേമാരിയുണ്ട്
നെഞ്ചോട്‌ ചേര്‍ത്തു
പുണരുന്ന കാരുണ്യമുണ്ട്‌
എന്നിട്ടും നിന്നെ ഞാന്‍
അറിയാതെ പോകുന്നതെന്താണ്?

വിരലുകളില്‍ വിരല്‍
കൊരുത്തെടുത്ത പോലെ
വേറിടാന്‍ മടിക്കുന്ന
നിഴലുകള്‍ ഇവിടെ
ബാക്കിയാവുന്നെങ്കിലും
ഹൃദയമിടിപ്പുകള്‍
നിലച്ചു പോകുന്ന
ഈ ഇടവഴിയോരത്തു വെച്ച്
നാം പിരിഞ്ഞു പോകുമ്പോള്‍
ഒരിക്കലും നീ തിരിഞ്ഞു നോക്കരുത്.
എന്‍റെ നിറഞ്ഞ കണ്ണുകള്‍
മറ്റാരും കാണുന്നത് എനിക്കിഷ്ടമില്ല
നിന്നെ പിരിയുകയെന്നാല്‍
അതെന്‍റെ മരണമാണ്.

Tuesday, July 12, 2011

പ്രണയവസന്തം

പൂര്‍വിക സ്വത്തായെനിക്ക്
കൈവന്നതൊരു ചീന്ത്
നീലാകാശം മാത്രമാണെന്ന്
പാതയോരത്തെ തണലില്‍ വെച്ചാണ്
ഞാന്‍ നിന്നോട് പറഞ്ഞത്.


നന്നേ താഴ്ന്ന മരച്ചിലകളില്‍
വിരലുകളോടിച്ചു നീ പറഞ്ഞു
നമുക്കതില്‍ നട്ടു നനച്ചു
പൂക്കള്‍ വിരിയിക്കാമെന്ന്.


അന്ന് രാവില്‍ നാം ഒരിറ്റു
വെണ്ണിലാച്ചാറു നെറ്റിയില്‍ ചാര്‍ത്തി
കൈകൊര്‍ത്താദ്യമായി
നീലാംബരത്തില്‍ പാദമൂന്നിയതും
താരകങ്ങളുടെ കഥകള്‍ കേട്ടുറങ്ങിയതും
മുകിലുകള്‍ പിണങ്ങി പോയ
പ്രഭാതത്തില്‍ മിഴിതുറന്ന
പൂക്കള്‍ ഞെട്ടറ്റു വീണതും
ഈറനായി പോയൊരെന്‍
മിഴികളില്‍ അധരങ്ങളമര്‍ത്തി
ഓരോ ചുംബനത്തിലൂടെയും
നിന്റെ സ്നേഹം മഴമേഘം പോലെ
എന്നിലെക്കൊഴുകിയെത്തുമെന്നും
അതിന്‍റെ ചില്ല കളിലൊരായിരം
പൂക്കള്‍ വിരിയിക്കാമെന്നും മന്ത്രിച്ചത്
പ്രിയനേ, ഇന്നുമെന്റെ ഹൃത്തിലുണ്ട്.

Monday, June 13, 2011

ഈയാം പാറ്റ

ഞാന്‍ ഒരുണര്‍വിന്‍റെ
ഇന്ദ്രജാലം.


ഇരുള്‍ വിഴുങ്ങും
സ്പന്ദനങ്ങളില്‍
കണ്‍ മിഴിക്കുന്നവള്‍.


പ്രാണന്‍
പൊലിയുമെന്നറിഞ്ഞിട്ടും
പൊള്ളുന്ന പ്രണയത്തെ
മുറുകെ പുണര്‍ന്നവള്‍.


ഒരു നിമിഷ ജീവിതത്തിന്‍റെ
വന്യതയും മുരള്‍ച്ചയും
തൊട്ടറിഞ്ഞവള്‍
മിഴികളില്‍
കിനാക്കളെളൊളിപ്പിച്ചവള്‍.


ചിന്തിക്കാനോ
ഓര്‍മ്മിക്കാനോ
കഴിയാത്ത വിധം
നിന്‍റെ ഭ്രമണപഥങ്ങളിലലഞ്ഞു
ഒരു കൊള്ളിയാന്‍ പോലെ
മിന്നി ഭൂമിയിലടിഞ്ഞവള്‍.

Monday, May 23, 2011

പനി


പനിക്കുമോര്‍മ്മയില്‍
കനല്‍ കടയുന്നു.
തലയില്‍ സൂര്യന്‍
സിരകളില്‍ കടല്‍.

ഹൃത്തില്‍ അക്ഷരങ്ങള്‍
ഇരമ്പിയാര്‍ക്കുന്നു
കണ്‍കളില്‍ യക്ഷന്മാര്‍
കൊമ്പു കോര്‍ക്കുന്നു


നിഴലുകള്‍ വളര്‍ന്നു
വന്‍മരങ്ങളാകുന്നു
ചെവിയില്‍ കടന്നലുകള്‍
ചെണ്ട കൊട്ടുന്നു.


രസനയില്‍ കാഞ്ഞിരം
വലകള്‍ നെയ്യുന്നു.
പരേത്മാക്കള്‍ നെഞ്ചില്‍
വെയിലു കായുന്നു

കിനാക്കളില്‍ തീച്ചാമുണ്ഡി
തിറ പടരുന്നു

Monday, May 9, 2011

നിന്നെ ഞാന്‍ സ്നേഹിക്കുന്നു

നിന്നെ ഞാന്‍ സ്നേഹിക്കുന്നു.
അക്ഷരങ്ങളില്‍ മാത്രം തൊട്ടു
നീയെന്നെ കാണും പോലെ
അത്ര അഗാധം, സുതാര്യവും.വിലക്കപ്പെട്ട കനിയായ സ്നേഹം
വെളിപ്പെടുത്താനാവില്ലയെങ്കിലും
എന്‍റെ പതിഞ്ഞ വരികള്‍ക്കിടയിലെ
മൌനത്തിലൂടെ നീയതറിയുക.ഒന്നും നേടാനാഗ്രഹിക്കാത്ത
സ്നേഹമാണിത്‌, സ്വപ്നങ്ങളും.
ജന്മാന്തരങ്ങള്‍ക്കിടയിലെവിടെയോ
നാം കണ്ടുമറന്ന വൈശാഖ സന്ധ്യകള്‍
നിന്‍റെ മയില്‍‌പ്പീലിക്കണ്ണുകള്‍
കണ്ണാന്തളിപ്പൂക്കളും.തമ്മിലറിയുകയില്ല നാമെങ്കിലും
കാതങ്ങള്‍ അകലെയിരുന്നു മൂകം
മനസ്സില്‍ കരഞ്ഞും തിരുത്തിയും
പാതി നിര്‍ത്തി പറഞ്ഞതത്രയും
നിന്നോടായിരുന്നുവെന്നു തിരിച്ചറിഞ്ഞ
നിമിഷം തൊട്ടു പേനത്തുമ്പിലൂടെ
നിന്‍റെ മുഖവും മനസ്സും അഭയമായി
എന്നില്‍ പതിയുമ്പോള്‍ അറിയുക
നിന്നെ ഞാന്‍ സ്നേഹിക്കുന്നു

Friday, April 29, 2011

ഹരിത സായന്തനം

ഹരിത സായന്തനത്തില്‍
മൃദുല സ്പനന്ദനമൊരു
ഹരി മുരളീരവമൊഴുക്കവേ
വിരല്‍ ഞരമ്പുകളില്‍
മേയുന്നു നിന്‍ പ്രാണഹര്‍ഷംഇലച്ചാര്‍ത്തിലൊരുത്തരി
വെട്ടമിണപ്പിരിഞ്ഞിരിക്കവേ
മിഴിച്ചെപ്പില്‍ നോവിന്‍റെ
താളലയ വര്‍ണ്ണങ്ങളെരിയുന്നുമുകിലിന്‍ ചിറകിലൊരു സ്വപ്നം
തിരമുറിഞ്ഞെത്തവേ
തരളിതയാം സന്ധ്യയില്‍
തളിര്‍ക്കുന്നു നിന്‍ രാഗവര്‍ഷംഇളയക്കാറ്റിന്‍ ചുണ്ടിലലിഞ്ഞ
ചെറു നിശ്വാസമൊരു
തണുത്ത പാട്ടായലിയവേ
മേനിയില്‍ പൂക്കുന്നിതാ
നിന്‍ പ്രണയഭേരി

Wednesday, April 6, 2011

പ്രണയത്തിന്‍റെ കബനി

അവന്‍ പറഞ്ഞു
നീയാണ് എന്‍റെ പ്രണയത്തിന്‍റെ
കബനി നദി
ഞാന്‍ ഒഴുകുന്നത് നിന്നിലേക്കാണ്
നിന്നിലേക്കെത്തും മുമ്പ് എനിക്കൊരു
പച്ചമരം പൂക്കുന്നത് കാണണം
അല്ലെങ്കില്‍ പാതി വഴിയില്‍
ഞാന്‍ വറ്റി പോകും


ഞാനവന്റെ മുഖത്തേക്ക് നോക്കിയതേയില്ല
എന്നില്‍ പ്രണയത്തിന്‍റെ
ഒഴുക്ക് നിലച്ചു പോയി
എന്നോ കടലിന്‍റെ നെഞ്ചില്‍
അവസാനിച്ചവള്‍
നിനക്കൊരിക്കലും ഒഴുകി
എന്നിലേക്കെത്താന്‍ കഴിയില്ല


നീയെന്റെ പ്രണയത്തിന്‍റെ
കബനിയെ ഗതിമാറ്റിയോ
അതോ പാതി വഴിയില്‍
ഞാന്‍ വറ്റിപോയോ
ഒന്നും തിരിച്ചറിയുന്നില്ലല്ലോ
എന്നവന്‍ ആകുലപ്പെടുമ്പോള്‍
വഴിയെത്തും മുമ്പേ
പൂത്ത പച്ചമരത്തിന്റെ
ചില്ലകള്‍ അവന്‍ കാണാതെ
പോയതെന്നെന്നു
ഞാന്‍ ചോദിച്ചില്ല
അവന്‍റെ ഈ കബനി കടലില്‍ തന്നെ ഒടുങ്ങട്ടെ

Thursday, March 31, 2011

ജന്മനക്ഷത്രം

ഇന്ന് എന്‍റെ ജന്മദിനമാണ്.
കടലിന്‍റെ ജന്മനക്ഷത്രം
തന്നെയാണ് എന്‍റെതും


പിറന്നാള്‍ സമ്മാനമായി
നീയെന്താണ് എനിക്ക് തരിക?
ഇതെന്‍റെ ഹൃദയം ആണെന്നോതി
ഉടഞ്ഞു പോയ
ഒരു ശംഖിന്‍റെ കഷണമോ
അതോ അലറുന്ന കടലിനും
നാവികന് വഴി കാട്ടുന്ന
വിളക്ക് കൂടാരത്തിനുമിടയിലെ
നേര്‍ത്ത ഇരുട്ടില്‍ ഇരയെ
പതിയിരുന്നു ആക്രമിക്കുന്ന
വേട്ടമൃഗത്തിന്‍റെ ചെറുനീക്കം
പോലെ അപ്രതീക്ഷമായി
ഒരൊറ്റ ചുംബനമോ?


പിടയുന്ന നെഞ്ചില്‍ നീയെന്‍റെ
മുഖം ചേര്‍ത്തമര്‍ത്തുമ്പോള്‍
അവിടെ ഞാനും നീയുമില്ല
തിരയും തീരവും പോലെ
ഒരിക്കലും സ്വന്തമാകാനാവാത്ത
രണ്ട് ആത്മാക്കള്‍ മാത്രം.


പ്രണയത്തിന്‍റെ ഏറ്റവും
ഉദാത്തമായ ഈ ഉപമയല്ലാതെ
മറ്റൊന്നിനെയും നമ്മുടെ
വേവുന്ന ഹൃദയത്തിന്
പകരം വെയ്ക്കാനില്ല

Saturday, March 19, 2011

സ്നേഹത്തിന്‍റെ പുതപ്പ്

എന്‍റെ പിറന്നാളിന്
നീ തന്നത് സ്നേഹത്തിന്‍റെ
നിറമുള്ള ഒരു പുതപ്പായിരുന്നു.
അതു പുതച്ചാല്‍ മഞ്ഞുകാലത്ത്
എനിക്കൊരിക്കലും തണുക്കുകയില്ല.


മഴനാമ്പുകള്‍ എന്‍റെ മനസ്സില്‍
കുരുക്കുമ്പോള്‍ മൗനത്തിന്‍റെ
പ്രണയവുമായി നീ ഉണരും.
അപ്പോള്‍ തണുപ്പില്‍ വിരിയുന്ന
നീലക്കുറിഞ്ഞി കൊണ്ടൊരു
മാല കൊരുത്തു ഞാനെന്‍റെ
ചുരുള്‍ മുടിയലങ്കരിക്കുകയും
സ്വപ്നങ്ങളൊളിക്കുന്ന മിഴികള്‍
പാതിയടച്ചു നിന്‍റെ നെറുകിലൊരു
ചുംബനപ്പൂവ് അലസമായെറിഞ്ഞു
കുങ്കുമസന്ധ്യകള്‍ കാവല്‍
നില്‍ക്കുന്ന പടിവാതില്‍ കടന്നു
ഞാനീ താരകങ്ങള്‍ വീണുറങ്ങുന്ന
മണ്ണിലേക്കിറങ്ങും.

നിന്‍റെ സ്നേഹത്തിന്‍റെ
പുതപ്പെന്നെ മൂടുവോളം
എനിക്കൊരിക്കലും തണുക്കുകയില്ല

Friday, March 11, 2011

പുനര്‍ജ്ജനി

മഴ നനഞ്ഞ വാക്കുകളെ
കടവിലുപേക്ഷിച്ചു നാം
പുഴ മറികടക്കുമ്പോഴും
കളിവിളക്കുകള്‍
കളമൊഴിയുമ്പോഴും
അകപ്പൊരുളുകള്‍
പതിരാകുമ്പോഴും
പൊഴിയുകയില്ലിനി
നീലക്കടമ്പിന്‍റെ
പൂപോലെ അലിവാര്‍ന്ന
സ്വരം, ഇടറിവീഴില്ല
കിനാത്തുണ്ടിന്റെ
തേന്‍ചിന്തുകള്‍.


മറവി തടവിലാക്കിയ
ഒരു തുരുത്തില്‍ നമ്മള്‍
അകപ്പെട്ടു തീരാവ്യഥകള്‍
അതിരില്ലാതെ പാഞ്ഞോടു
ങ്ങുമ്പോഴും മൗനങ്ങളില്‍
ഒരു കിളി ചിറകടിച്ചുയരുമ്പോഴും
മുറുകിയ ഹൃദയതന്ത്രികളില്‍
വിരലറ്റ തേങ്ങലുകള്‍
പരലുകളാകുമ്പോഴും
തുളുമ്പില്ല മിഴിയിതള്‍
ത്തുമ്പില്‍ നിന്നിത്തിരിപ്പോലും
കണ്ണീര്‍പ്പൊടിപ്പുകള്‍