Thursday, June 13, 2013

വേനലിനും വര്‍ഷത്തിനും കുരുക്കിടാനാവാത്ത ഒരു നദി

ഞാന്‍ എപ്പോഴും 
എഴുതികൊണ്ടിരുന്നത്
പ്രണയത്തെക്കുറിച്ചായിരുന്നു 


കുടഞ്ഞെറിഞ്ഞാലും
പൂച്ചക്കുട്ടിയെ പോലെ 
നാലുകാലില്‍ വന്നു വീഴുന്ന
നിന്‍റെ  പ്രണയം 
വീണ്ടും ദേഹത്തു 
വന്നുരുമ്മി കാതരമായി  
എന്‍റെ കണ്ണുകളിലേക്ക് 
ഉറ്റു നോക്കിയിരുന്ന 
 ഗ്രീഷ്മത്തിലും ശിശിരത്തിലും 
മാറ്റമില്ലാതെ തുടരുന്ന 
നിന്‍റെ അതേ  പ്രണയം



എന്‍റെ അക്ഷരങ്ങളില്‍  നിറയെ 
നിന്‍റെ ആത്മാവാണ് 
കൂടു കൂട്ടിയിരുന്നത് 
 ഓരോ പ്രഭാതത്തിലും 
നീയെനിക്കേകുന്നത് 
ഓരോ വിസ്മയകാഴ്ചകളാണ് 
ചിലപ്പോള്‍ എന്നെക്കുറിച്ചുള്ള
ആര്‍ദ്രമായ ഒരു കവിത 
അല്ലെങ്കില്‍ എന്‍റെ കവിതകളുടെ 
ഒരു ആംഗലേയ പരിഭാഷ 
അതുമല്ലെങ്കില്‍  പ്രണയ കൊടുങ്കാറ്റിന്‍റെ 
വേരുകളാഴ്ന്ന ഒരു കുറിമാനം 



നിനക്കു വേണ്ടിയായിരുന്നു 
ഒരുകാലത്ത് ഞാന്‍ മരണത്തിന്‍റെ 
പടിവാതിലില്‍ നിന്നും തിരിച്ചു വന്നത് 
അന്നെന്‍റെ ജാലകങ്ങളില്‍ നിറയെ 
ഏകാന്തത വലകള്‍ നെയ്തിരുന്നു 
ഹൃദയത്തില്‍ ഇടിയും മിന്നലും 
പകച്ചു നിന്നിരുന്നു 
പെരുവഴിയില്‍ വീണുപോയ 
ജീവന്‍റെ നേര്‍ത്ത ഒരു തുടിപ്പ് 
ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങിയ 
തായ് വേരിന്‍റെ താളം 
തെറ്റിയ ഒരു  പിടച്ചില്‍ 
പ്രാണന്‍റെ  അവസാനത്തെ ഒരില



തെരുവോരങ്ങളില്‍ നിന്നും
പിടഞ്ഞമര്‍ന്നു കൊണ്ടിരുന്ന 
എന്‍റെ നേര്‍ത്ത സ്പന്ദനങ്ങള്‍  
വാരി പുണര്‍ന്നു
നെഞ്ചോട്‌ ചേര്‍ത്ത് 
ചെറുതീക്കണം ഊതിയൂതി
ജ്വലിപ്പിച്ചത് നീയായിരുന്നു 
നിന്‍റെ പ്രണയമായിരുന്നു 


എന്നിട്ടും നിന്നില്‍ നിന്നും 
കുതറിയൊഴുകാനാണ് 
ഞാനാഗ്രഹിച്ചത് 
ഞാനപ്പോഴും അങ്ങനെയായിരുന്നു 
കടുത്ത വരള്‍ച്ചയിലും വറ്റാത്ത 
ഒരു കാട്ടരുവിയാകാന്‍ മോഹിച്ചു 
ഒരു വേനലിനും വര്‍ഷത്തിനും 
എന്നെ കുരുക്കിയിടാന്‍  
കഴിയുമായിരുന്നില്ല