ഞാന്‍ എപ്പോഴും 
എഴുതികൊണ്ടിരുന്നത്
പ്രണയത്തെക്കുറിച്ചായിരുന്നു 
കുടഞ്ഞെറിഞ്ഞാലും
പൂച്ചക്കുട്ടിയെ പോലെ 
നാലുകാലില്‍ വന്നു വീഴുന്ന
നിന്റെ  പ്രണയം 
വീണ്ടും ദേഹത്തു 
വന്നുരുമ്മി കാതരമായി  
എന്റെ കണ്ണുകളിലേക്ക് 
ഉറ്റു നോക്കിയിരുന്ന 
 ഗ്രീഷ്മത്തിലും ശിശിരത്തിലും 
മാറ്റമില്ലാതെ തുടരുന്ന 
നിന്റെ അതേ  പ്രണയം
എന്റെ അക്ഷരങ്ങളില്‍  നിറയെ 
നിന്റെ ആത്മാവാണ് 
കൂടു കൂട്ടിയിരുന്നത് 
 ഓരോ പ്രഭാതത്തിലും 
നീയെനിക്കേകുന്നത് 
ഓരോ വിസ്മയകാഴ്ചകളാണ് 
ചിലപ്പോള്‍ എന്നെക്കുറിച്ചുള്ള
ആര്‍ദ്രമായ ഒരു കവിത 
അല്ലെങ്കില്‍ എന്റെ കവിതകളുടെ 
ഒരു ആംഗലേയ പരിഭാഷ 
അതുമല്ലെങ്കില്‍  പ്രണയ കൊടുങ്കാറ്റിന്റെ 
വേരുകളാഴ്ന്ന ഒരു കുറിമാനം 
നിനക്കു വേണ്ടിയായിരുന്നു 
ഒരുകാലത്ത് ഞാന്‍ മരണത്തിന്റെ 
പടിവാതിലില്‍ നിന്നും തിരിച്ചു വന്നത് 
അന്നെന്റെ ജാലകങ്ങളില്‍ നിറയെ 
ഏകാന്തത വലകള്‍ നെയ്തിരുന്നു 
ഹൃദയത്തില്‍ ഇടിയും മിന്നലും 
പകച്ചു നിന്നിരുന്നു 
പെരുവഴിയില്‍ വീണുപോയ 
ജീവന്റെ നേര്‍ത്ത ഒരു തുടിപ്പ് 
ഭൂമിയിലേക്ക് ആഴ്ന്നിറങ്ങിയ 
തായ് വേരിന്റെ താളം 
തെറ്റിയ ഒരു  പിടച്ചില്‍ 
പ്രാണന്റെ  അവസാനത്തെ ഒരില
തെരുവോരങ്ങളില്‍ നിന്നും
പിടഞ്ഞമര്‍ന്നു കൊണ്ടിരുന്ന 
എന്റെ നേര്‍ത്ത സ്പന്ദനങ്ങള്‍  
വാരി പുണര്‍ന്നു
നെഞ്ചോട് ചേര്‍ത്ത് 
ചെറുതീക്കണം ഊതിയൂതി
ജ്വലിപ്പിച്ചത് നീയായിരുന്നു 
നിന്റെ പ്രണയമായിരുന്നു 
എന്നിട്ടും നിന്നില്‍ നിന്നും 
കുതറിയൊഴുകാനാണ് 
ഞാനാഗ്രഹിച്ചത് 
ഞാനപ്പോഴും അങ്ങനെയായിരുന്നു 
കടുത്ത വരള്‍ച്ചയിലും വറ്റാത്ത 
ഒരു കാട്ടരുവിയാകാന്‍ മോഹിച്ചു 
ഒരു വേനലിനും വര്‍ഷത്തിനും 
എന്നെ കുരുക്കിയിടാന്‍  
കഴിയുമായിരുന്നില്ല 
4 comments:
നന്നായിട്ടുണ്ട്, ചേച്ചീ
പൂച്ചപോലത്തെ പ്രണയം
ഭാവനയുടെ ഓരോ ഒഴുക്കുകളേ......!!
വേനലിനും വര്‍ഷത്തിനും കുരുക്കിടാനാവാത്ത ഒരു നദി
നല്ല കവിത
ശുഭാശംസകൾ...
ഒത്തൊരുമിക്കലില്‍ കഥ തീരുകയാണ്. അതുകൊണ്ട് അത് നീട്ടിക്കൊണ്ടു പോകണം. വഴങ്ങാതെ, കീഴടങ്ങാതെ പൊരുതിക്കൊണ്ടിരിക്കുക; അതു സ്വന്തം നിഴലിനോടായാലും. അതിനായി ജീവിതം തന്നെ ബലി കൊടുക്കണം: ഒരു കവിയും കഥാക്രിത്തുമൊക്കെ അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണിത്.
അത്തരമൊരു കവിതയാണ് “വേനലിനും വര്‍ഷത്തിനും കുരുക്കിടാനാവാത്ത ഒരു നദി“.
നിന്റെ പ്രണയം എങ്ങനെ വീണാലും പരിക്കു പറ്റാത്തതും എപ്പോഴും മുട്ടിയുരുമ്മി നില്ക്കുന്നതും റിതുഭേദങ്ങള് ബാധിക്കാത്തതും നിനക്കു വേണ്ടിയാണ് മ്രിത്യുകവാടത്തില് നിന്നും ഞാന തിരികെവന്നതുമെന്നൊക്കെ പറയുംബോഴും
നീയാണ് കെട്ടുപോകാനൊരുമ്പെട്ട എന്നെ ഊതിയൂതി പൊലിപ്പിച്ചെടുത്തതെന്നു സമ്മതിക്കുമ്പോഴും
നിന്നില്‍ നിന്നും കുതറിയൊഴുകാനുള്ള ചോദനയാല്‍ നിനക്കുപോലും എന്നെ തളച്ചിടാനാകില്ലെന്നുദ്ഘോഷിച്ച്
ഞാന്‍ അകന്നു പോവുകയാണ്.
ഒരുമിച്ചാല്‍ കഥ കഴിഞ്ഞു എന്നതാണ് കാരണം. സംയോഗം പരിസമാപ്തിയും വിയോഗം നൈരന്തര്യവുമാണ്. കടലില്‍ ചേര്‍ന്നാല്‍ നദിയെവിടെ ? പെയ്തൊഴിഞ്ഞാല്‍ കാര്മേഘമെവിടെ ? അതുകൊണ്ട് നദി കടലിനെ ഒഴിവാക്കി ഒഴുകിക്കൊണ്ടേയിരിക്കും; ഇടയ്ക്ക് വരണ്ടുണങ്ങിയാലും വേണ്ടില്ല-കടലിനു കീഴടങ്ങിയില്ലല്ലോ. കാര്‍മേഘം പെയ്യാതെയലഞ്ഞു നടക്കും, വന്ധ്യമേഘമായാലും വരണ്ട കാറ്റില്‍ ചിന്നിച്ചിതറിപ്പോയാലും ഭൂമിയിലേക്ക് വീഴാതെകഴിച്ചല്ലോ.
എന്നാല്‍ സ്നേഹത്തിനു മുമ്പില്‍ ആത്മസമര്‍പ്പണം ചെയ്യുന്നില്ലെങ്കിലും സ്നേഹം പെയ്യുന്ന വാക്കുകളും വരികളും കൊണ്ടാണ് കവിത ചമച്ചിട്ടുള്ളത്. വായിച്ചുപോകുമ്പോള്‍ ഹ്രിദയത്തിലേക്കൊരു പ്രണയമഴ പെയ്യുന്നതായോ പ്രണയത്തിന്റെ ഒരു കുളിരു കോരുന്നതോ പോലെയൊക്കെ അനുഭവപ്പെടും.
നിറയെ പ്രണയവും വളരെ കവിത്വവുമുള്ള ഒരു പ്രണയകവിത.
Post a Comment