Sunday, July 18, 2010

കുടജാദ്രി

കുടജാദ്രിയിലേക്കുള്ള
യാത്രയില്‍ നീയൊരു
മഞ്ഞിന്‍ മുഴുക്കാപ്പ്


ചിതല്‍ തിന്ന മരത്തണലില്‍
കിതപ്പാറ്റി കാറ്റു
മയങ്ങുമ്പോള്‍
അകം പൊട്ടിയ
ചിന്തകള്‍ ഉണരുന്നു
ചിത്രകൂടത്തില്‍ നിന്നും
സര്‍വജ്ഞ പീഠത്തിലേക്ക്
മിഴികള്‍ പായുമ്പോള്‍
ഉള്ളുവെന്ത കാഴ്ചകള്‍
അമര്‍ന്നൊടുങ്ങുന്നു.


ഞാനും നീയും തമ്മിലെന്ത്‌
എന്നൊരാന്തല്‍
ഉള്ളിലുയര്‍ന്നുവെങ്കിലും
നീട്ടിപ്പിടിച്ച നിന്‍
കൈകളില്‍ വിരല്‍
കോര്‍ത്തു ഞാനീ
കുടജാദ്രിയുടെ
നെറുകിലെത്തുന്നു
ഭൂമി മൂകം
മരിച്ച രണ്ടാത്മാക്കളെപ്പോലെ
പരസ്പരം തുറിച്ചു
നോക്കവേ
ഹൃദയം ശൂന്യം.


പൊടുന്നനെ നിന്‍റെ
ദംഷ്ട്രങ്ങളമര്‍ന്നു
ഞരമ്പുകളറ്റു
തീയില്‍ പൊരിഞ്ഞ
നിലവിളികള്‍ പിടയുന്നു
ഇഷ്ടമുള്ളതെന്തെങ്കിലും
ഗുഹാമുഖത്തു വെച്ചു
തനിച്ചു മടങ്ങിക്കൊള്‍ക
യെന്നു നീ ഉപാധി
തീര്‍ക്കുമ്പോള്‍
ക്ലാവ് പിടിച്ച തലച്ചോര്‍
ഞാനീ പടിവാതില്‍ക്കല്‍
ഉപേക്ഷിക്കുന്നു.