Monday, December 28, 2009

പത്രപാരായണത്തിനിടയിലെ അല്പനേരം

പോലീസുകാരുടെ അടിയേറ്റ
ഏതാനും പത്രഫോട്ടോഗ്രാഫര്‍മാരുടെ
ചിത്രങ്ങളുടെ കൂടെയാണ് ഞാന്‍
നിന്നെ ആദ്യമായി കാണുന്നത്.
അവസാനക്കാഴ്ചയും അതുതന്നെ.ചിത്രത്തിലെ നിന്‍റെ കണ്ണുകള്‍
എന്നെ അമ്പരപ്പിച്ചു കളഞ്ഞു.
ലോകത്തിലെ എല്ലാ
പ്രതീക്ഷകളും സ്വപ്നങ്ങളും
കണ്ണീരിന്‍റെ നനവും
എതിര്‍പ്പിന്‍റെ തീക്ഷ്ണതയും
പോരാളിയുടെ കൂര്‍മ്മതയും
അതിലുണ്ടായിരുന്നു.തിളക്കമാര്‍ന്ന മിഴികളോടെ
നീയെന്നെ നോക്കിക്കൊണ്ടേയിരുന്നു.
മൗനമുറഞ്ഞുകൂടിയ നിന്‍റെ
ചുണ്ടുകള്‍ വിടര്‍ത്തി എന്നോട്
ഒന്നോ രണ്ടോ വാക്കുകള്‍
സംസാരിക്കുമെന്നും ഞാനോര്‍ത്തു.പക്ഷേ, ഒരു നിശ്ചലതടാകം പോലെ
അഗാധമായ നിന്‍റെ കണ്ണുകളില്‍
വാക്കുകളുടെ ഓളങ്ങളുയരുന്നത്
കാണാന്‍ ഞാനിഷ്ടപ്പെടുന്നില്ല.

Sunday, December 13, 2009

കരയുന്ന മെഴുകുതിരികള്‍

അകത്തളങ്ങളില്‍
കുട്ടികള്‍ മെഴുകുതിരികള്‍
തെളിച്ചു കളിക്കുകയാണ്.
കത്തിച്ചു കത്തിച്ചതിന്‍റെ
പ്രാണന്‍ പൊലിക്കരുത്
എന്നെനിക്ക് പറയണമെന്നുണ്ട്.
പക്ഷേ, അക്ഷരങ്ങളൊന്നും
എന്‍റെ മനസ്സിലില്ല.അവര്‍ക്ക് മാത്രം വ്യക്തമാകുന്ന
പക്ഷികളുടെയോ പൂക്കളുടെയോ
സ്വരമെനിക്കറിയില്ല.
നിലാവിന്‍റെ സാന്ത്വനവും
എന്‍റെ കൈയില്‍ ബാക്കിയില്ല.മാന്ത്രികന്‍റെ തൊപ്പിയില്‍ നിന്നുതിരുന്ന
വെണ്‍തൂവലുകള്‍ പോലെ
കണ്ണുകളില്‍ സ്നേഹം നിറച്ചു
ഞാനവരെ വിളിക്കാം.
അപ്പോള്‍ ഒന്നു പറയുക
മെഴുകുതിരികളുടെ
പ്രാണന്‍ എനിക്ക് വേണമെന്ന്.പകരം ചൂടേറ്റു മെഴുകുപോലെ
ഉരുകുന്ന എന്‍റെ ഹൃദയം തരാം.

Sunday, December 6, 2009

പ്രാണസ്പന്ദനങ്ങള്‍

കിനാവുകളെന്‍റെ കൈയില്‍
നിന്നും പറന്നുപോയി ഇന്ന്
ഇനി നിന്‍റെ കാലൊച്ചയാണ്
ഞാന്‍ കാത്തിരിക്കുന്നത്.ഇന്നലെ രാത്രിയിലോര്‍ത്തു
എന്‍റെ ഹൃദയവ്യഥകള്‍
നിനക്ക് പകുത്തു തരേണ്ടായിരുന്നു.മനസ്സില്‍ നിന്നു വീണുപോയ
അക്ഷരങ്ങള്‍ എനിക്കൊരിക്കലും
തിരിച്ചെടുക്കാനാവുകയില്ല.അതിനാല്‍ വിദ്വേഷത്തിന്‍റെ
ഒരു മൊഴി പാറിപ്പറന്നു വന്നാല്‍
പിന്നെ സൗഭാഗ്യങ്ങളൊന്നും
എനിക്ക് സ്വന്തമല്ല.നിലാവിനെ അമാവാസിയൊളിപ്പിക്കും
നക്ഷത്രങ്ങള്‍ മിഴിതുറക്കാത്ത
മാനത്തിന്‍റെ ശാപവചനങ്ങള്‍ക്കും
മഴയുടെ ആഞ്ഞടികള്‍ക്കും
ഞാന്‍ ഇരയായിത്തീരും.കനിവിന്‍റെ സ്പര്‍ശങ്ങളും
പ്രണയത്തിന്‍റെ തിരമാലയുമല്ല
ഞാന്‍ കാത്തിരിക്കുന്നത്.നിന്‍റെ ഹൃദയത്തിലെ ഒന്നോ
രണ്ടോ തുള്ളികള്‍ മാത്രം
എനിക്ക് പ്രാണസ്പന്ദനങ്ങളായി.

Sunday, November 29, 2009

സാന്ത്വനം

ഞാന്‍ മടങ്ങിപ്പോകയാണ്
നീ വിശേഷിപ്പിച്ച
ഈ ദുരന്തസ്വപ്നങ്ങളുടെ
ഇരുണ്ട തീരത്തുനിന്നും.ഒരു കൊച്ചു ചിലന്തിവലയ്ക്കുള്ളില്‍
എന്‍റെ മനസ്സും
ഒരു പിടിക്കരിയിലകള്‍ക്കിടയില്‍
എന്‍റെ മൌനവും
കുരുങ്ങിക്കിടക്കയാണ്.
ഒരു നീര്‍ക്കുമിളയുടെ
ജന്മദൈര്‍ഘ്യം പൂണ്ടവ
മുക്തി നേടിയേക്കാമൊരിക്കല്‍ക്കൂടി
ഒരു നവ ചൈതന്യം പകര്‍ന്നേക്കാം.
ഒരുവേള
പകലുറക്കം അസ്വസ്ഥമാക്കുന്ന
എന്‍റെ നാളുകള്‍ക്കു കടുത്ത
ചാരനിറം തൂകിയേക്കാം.
അല്ലായ്കിലൊരു
വ്രണത്തിന്‍റെ പുതുകിയ
നൊമ്പരവുമായി വീണ്ടും
തളര്‍ന്നേക്കാം.സ്നേഹം
എനിക്ക് ചുറ്റും കനത്ത ഇരുമ്പഴികള്‍
പണിതുയര്‍ത്തിയിരിക്കുന്നു
ഒരു നേര്‍ത്ത കമ്പിയുടെ അഗ്രം
പോലപവാദം നിന്‍റെ മുതുകിനെ
വളച്ചിരിക്കുന്നു.
ജലം വറ്റിയ എന്‍റെ വരണ്ട
കണ്ണുകളില്‍ നിന്നും
പച്ചച്ചോര വാര്‍ന്നിറങ്ങുന്നു.
ഒന്നും പറയാനില്ലേ?
അവസാനമോതുന്നതു തന്നെയാണല്ലോ
ആദ്യത്തേയും.എന്തെങ്കിലും പറയൂ
ഈ വിജനതയില്‍ നമ്മളേകരാണ്.
ഇവിടെ ദൈവങ്ങള്‍ ഉറങ്ങിവീഴുന്നു.
രാപ്പാടികളുടെ മൌനഗീതം
അവരുടെ അളകങ്ങളെ തലോടുന്നു.എന്‍റെ പ്രഭാതങ്ങള്‍
പ്രകാശത്തിന്‍റെ സ്നിഗ്ധത നഷ്ടമായ
സൂര്യന്‍റെ ഭ്രാന്തമായ മരണമാണ്.
ദുഃസ്വപ്‌നങ്ങള്‍ ചണ്ഡാള നൃത്തമാടുന്ന
ശ്മശാനഭൂവാണെന്‍റെ പ്രദോഷങ്ങള്‍

എങ്കിലും
ഞാനവയുടെ ഒരു കൊച്ചു
സാന്ത്വനത്തിനായി
കാതോര്‍ത്തിരിക്കയാണ്.ഞാന്‍ മടങ്ങിപ്പോകയാണ്
വായനക്കാരില്ലാത്ത
ഒരു നീണ്ടകഥയുടെ
ദുഃഖപര്യവസായിയായ
അനന്തതയിലേക്ക്.

Saturday, November 21, 2009

ഗൗതമന്‍

ഗൗതമന്‍ പോവുകയാണ്.
അരമന പടിവാതില്‍ക്കലോളം
പിന്തുടര്‍ന്ന് ഞാന്‍ നിന്‍റെ
അകക്കണ്ണുകള്‍ കണ്ടു
മടങ്ങി പോന്നു.

നീയുപേക്ഷിച്ച
പൊന്നും മുത്തും പതിച്ച
കിനാവിന്‍റെ ഉടയാടകളും
പ്രണയോപഹാരങ്ങളുടെ
തൊങ്ങലുകളണിഞ്ഞ
ആഭരണങ്ങളും
ഇപ്പോഴെന്‍റെ പാദങ്ങള്‍ക്കരികെ
കലമ്പലുകളടക്കി കിടക്കയാണ്.നെഞ്ചില്‍ പിടയുന്ന പരലുകളും
പ്രാണനെ പുല്‍കുന്ന സ്മൃതികളും
കാണാതെ നീ പോകുമ്പോള്‍
ഇമകളിലൂറൂന്ന
നൊമ്പരങ്ങളൊക്കെയും
ആത്മാവിലേക്കൊതുക്കി
ഞാന്‍ നിനക്ക് തന്നത്
ഒരു ബോധിവൃക്ഷച്ചുവടും
കനിവിന്‍റെ കാണാമറയത്ത്
നിന്നൊരു തെളിവാര്‍ന്ന സ്പര്‍ശവും
പൊരുളിന്‍റെ പാളികളെല്ലാം
ഒതുക്കിയൊരു തണല്‍ചില്ലയുമാണ്.

Monday, November 16, 2009

കീഴടങ്ങിയവരുടെ കവി (ബാലചന്ദ്രന്‍ ചുള്ളിക്കാടിന് )

കീഴടങ്ങിയവരുടെ കവീ,
നീയെന്താണ് നിശബ്ദനായിരിക്കുന്നത്?
ഹൃദയത്തിന്‍റെ തായ് വേരില്‍
നിന്നാണ് നിന്‍റെ രക്ത-
മിറ്റു വീഴുന്ന പേര്
ഞാന്‍ പറിച്ചെടുത്തത്.
നിന്‍റെ ചരിത്രം എനിക്കറിയില്ല.
നിന്‍റെ നിയോഗം എനിക്കറിയില്ല.
പക്ഷേ, നിന്നെ ഞാനറിയും
ഒരു ജന്മാന്തര ബന്ധം പോലെ.

നിന്‍റെ കാല്‍പ്പാടുകള്‍ തേടി
ഉള്ളു പൊട്ടിക്കരയുന്ന
പ്രേത ശബ്ദങ്ങള്‍ എത്തും.
നിന്‍റെ കാഴ്ചകള്‍ തേടി
സ്ഥാനഭ്രഷ്ടനായ
ഹാംലെറ്റ് രാജകുമാരനെത്തും.
നിന്‍റെ ഹൃത്തടം തേടി
വെറുമൊരു വാക്കിന്
ഇരുകരയില്‍ കടവുതോണി
കാത്തുകാത്തിരുന്ന
പാഴ്ജന്മങ്ങള്‍ എത്തും.
നിന്‍റെ പൊള്ളുന്ന വരികള്‍ തേടി
നാളെ പ്രണയികള്‍ വരും.
അപ്പോഴും നീ നിശബ്ദനായിരിക്കും.
ഒരു കൊടുങ്കാറ്റിനു മുമ്പുള്ള
മഹാശാന്തതയായിരിക്കുമത്.

Tuesday, November 10, 2009

തുലാവര്‍ഷ കോടതി

തുലാവര്‍ഷത്തിന്‍റെ
കോടതിയില്‍
സൂര്യചന്ദ്രന്മാരായിരുന്നു
സാക്ഷികള്‍.
ആകാശത്തെയും ഭൂമിയെയും
വിറപ്പിച്ച ഇടിമുഴക്കത്തിന്
വക്കീലിന്‍റെ കുപ്പായം.


ഇടിയൊച്ച
സ്വയം അഭിനന്ദിക്കുന്ന മട്ടില്‍
ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു.
മുനകൂര്‍ത്ത ചോദ്യങ്ങളുടെ
കെട്ടഴിച്ചു സാക്ഷികളുടെ
നേര്‍ക്കെറിഞ്ഞു.


സൂര്യന്‍ നഗ്നനായിരുന്നു.
അതിനാല്‍ അവന്‍
ചോദ്യങ്ങളുടെ പട്ടികയില്‍
നിന്നൊരു ആശ്ചര്യ
ചിഹ്നം എടുത്തുപുതച്ച്
നിശബ്ദനായി നിന്നു.


ചന്ദ്രന്‍ പ്രതിക്കൂട്ടിലെത്തിയപ്പോള്‍
വെണ്‍തൂവലുകളുടെ
രാത്രി കുപ്പായത്തില്‍
അവനെ ഒപ്പിയെടുക്കാന്‍
മിന്നലിന്‍റെ ക്യാമറ കണ്ണുകള്‍
മത്സരിക്കവേ
വക്കീല്‍ അട്ടഹസിച്ചു:
കറുത്ത കോട്ടിട്ട കാറ്റ്
മേഘപാളികളെ
തട്ടികൊണ്ടു പോയതിനു
സാക്ഷി താങ്കള്‍ ആണോ?

ഒരു ഗുഹാമുഖത്തെന്ന പോലെ
ചന്ദ്രന്‍ മൊഴിഞ്ഞു:
ഞാന്‍ അന്ധനാണ്.

Tuesday, November 3, 2009

രക്തസാക്ഷി

നിന്‍റെ ഒന്നാം ചരമവാര്‍ഷികം.
ഇന്ന് ഫെബ്രുവരി ഇരുപത്തിയഞ്ച്.
കലണ്ടറില്‍ അംഗ വൈകല്യമേറ്റ
തളര്‍ന്ന കറുത്ത ശരീരം.
നക്ഷത്രങ്ങള്‍ കൊരുത്തു
കണ്ണീരിന്‍റെ നനവുള്ള നിന്‍റെ
മണ്‍കൂനയില്‍ ഒരു മാല.


നിന്‍റെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും
ചുവപ്പ് വാര്‍ന്നു പോയിരിക്കുന്നു.
മണ്‍കൂനയ്ക്കുള്ളില്‍ പരതി
നിന്‍റെ മുഖം ഞാന്‍ കണ്ടെത്തി.
സ്വപ്‌നങ്ങള്‍ വിരിയുന്ന മിഴികളും
ചിതല്‍ പൊഴിയുന്ന നിന്‍റെ
കുടിലിന്‍റെ മേല്‍ക്കൂരയും
കരിന്തിരി കത്തുന്ന വിളക്കും
അവര്‍ തിരിച്ചു തന്നില്ലെന്ന്
നിന്‍റെ ചുണ്ടുകള്‍ വിതുമ്പുന്നു.


അലയാഴിയില്‍ പവിഴങ്ങള്‍
തേടിപോയ നിന്‍റെ പറവകളിനീ
തിരികെ വരില്ലെന്ന് തേങ്ങി
കടും ചുവപ്പൊരു ചെമ്പരത്തി
നീ എനിക്ക് നീട്ടി-

ആത്മസ്നേഹത്തിന്‍റെ സുഗന്ധം
ഇനിയുമീ താഴ്വരയെ
മുഗ്ദ്ധമാക്കില്ല സഖേ, യെന്നൊരു
മുദ്രാവാക്യവുമായി ഞാനീ കുന്നിറങ്ങുന്നു.

Tuesday, October 27, 2009

ചിത്ര ശലഭങ്ങള്‍

കഴിഞ്ഞ ജന്മത്തില്‍
ഞാനും നീയും
ചിത്രശലഭങ്ങളായിരുന്നു.


ചിറകില്‍
വസന്തകാലമൊതുക്കി
മധുകാലം തേടി പറന്നവര്‍.


പൂവിന്‍ കാതുകളില്‍
മധുര രഹസ്യങ്ങള്‍
കൈമാറാനായി
ഏതോ ഒരു
പ്രണയിനിയുടെ
ഹൃദയത്തില്‍ നിന്നും
ജന്മമെടുത്തവര്‍.


സൂര്യകിരണങ്ങള്‍ക്കൊപ്പം
മൃദുല സ്വപ്‌നങ്ങള്‍
നെഞ്ചിലേറ്റി
നാഴികകള്‍ താണ്ടിയവര്‍.


ആതിര നിലാത്തൂവലുകള്‍
നെറുകിലണിയാനും
മഞ്ഞിന്‍ കണങ്ങള്‍
മിഴിയിലെഴുതാനും
മോഹിച്ചുവെങ്കിലും
പ്രാണന്‍ പറന്നുപോയ്‌
ഒരു സന്ധ്യതന്‍
ഇതള്‍ കൊഴിയും മുമ്പേ.

Wednesday, October 14, 2009

ഒറ്റ്

നിന്നെ പ്രണയിക്കണമെന്നും
എന്‍റെ സ്നേഹത്തെ
ഒരിക്കലും നീ
ഒറ്റു കൊടുക്കില്ലെന്നും
വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍
ക്ഷമിക്കുക സുഹൃത്തേ,
ഒറ്റു കൊടുക്കുന്ന
പ്രണയത്തെയാണ്
ഞാനിഷ്ടപ്പെടുന്നത്.
പകരം കിട്ടുന്നത്
ഒരു കിഴി നിറയെ
കിലുങ്ങുന്ന വെള്ളി
നാണയങ്ങള്‍ ആണല്ലോ?

അശാന്തമായ ജീവിതത്തെ
വാക്കുകളില്‍
കൊത്തി വെച്ചവള്‍ക്ക്
നിന്‍റെ സ്നേഹം
നറും പാലാകുമെന്നു
നീ വ്യാമോഹിച്ചു.

പ്രണയം-
പൊട്ടാത്ത വല നെയ്തു
ഇരയെ കുരുക്കിയ
എട്ടുകാലി എന്ന്
ഞാന്‍ പഠിച്ച
അവസാന പാഠം.

Tuesday, September 22, 2009

എന്‍റെ പേര്

അനുവാദം ചോദിക്കാതെയാണ്
ഞാന്‍ അകത്തേക്ക് കടന്നത്.
ഏഴു താഴിട്ടു പൂട്ടിയ
നിന്‍റെ ഹൃദയവാതില്‍
ഒരൊറ്റ നോട്ടം കൊണ്ടാണ്
ഞാന്‍ തുറന്നത്.


കൂരമ്പുകളായി തറയ്ക്കുന്ന
നിന്‍റെ നോട്ടങ്ങളും
ചാട്ടുളിയായി പായുന്ന
വാക്കും
പെരുമഴ പോലെ
നിര്‍ത്താതെ പെയ്യുന്ന
രോഷവും
ഒരൊറ്റ ചുംബനം കൊണ്ടാണ്
ഞാന്‍ തടഞ്ഞത്.
എന്‍റെ പേരാണ് പ്രണയം.


ഒറ്റ ചുംബനത്തില്‍
പൂക്കുന്ന പൂവായി നീ
ഉലഞ്ഞു നില്‍ക്കുമ്പോള്‍
ഇനി വിട തരിക
സ്നേഹിച്ച അധരങ്ങള്‍ക്കും
കാത്തിരുന്ന ഹൃത്തിനും.

Monday, September 14, 2009

മൂന്നാമത്തെയാള്‍

ഇന്ന് പടികടന്നാദ്യം
വന്നതൊരു യാചകനാണ്.
അമ്മ വിളമ്പിയ പ്രാതലും
പഴയ കമ്പിളി വസ്ത്രങ്ങളും
കൊണ്ടയാള്‍ തിരികെ
പോകുമ്പോള്‍ ഞാന്‍
ആകാശത്തേക്ക് നോക്കി
സ്വപ്നം കാണുകയായിരുന്നു
അന്ധന്‍റെ കണ്ണിലെ

നിറച്ചാര്‍ത്തുകളുള്ള സ്വപ്‌നങ്ങള്‍.


മഴക്കാറുകളെന്‍റെ
മിഴിയിലേറിയപ്പോഴാണ്
രണ്ടാമന്‍ എത്തിയത്‌
ഒരു കൈനോട്ടക്കാരന്‍
ഭാവിയും ഭൂതവും വര്‍ത്തമാനവും
ഓരോ മുദ്രമോതിരങ്ങളായി
അയാളുടെ വിരലുകളില്‍
ഞാണു കിടന്നിരുന്നു
കൂട്ടിലെ തത്തയെ
നെഞ്ചോളം ഉയര്‍ത്തി
ഇരകളെയൊന്നും കിട്ടാതെ
ഏറെ നിരാശനായാണ്
അയാള്‍ മടങ്ങിപ്പോയത്‌.മൂന്നാമത്തെയാള്‍
ഒരു സ്വപ്നാടകനായിരുന്നു
പകലുറക്കത്തില്‍ നിന്നും
ദിക്കറിയാതെ നടന്നു വന്നവന്‍
ഉറക്കം ആളിപ്പടര്‍ന്ന
കണ്ണുകള്‍ തുറക്കാതെ
എന്നോടവന്‍ പറഞ്ഞു
അവന്‍റെ നിശ്വാസങ്ങളാല്‍
എന്‍റെ കളിത്തോണി മറിക്കുമെന്ന്.

Tuesday, September 1, 2009

ആരാധകന്‍

പറന്നു പോകുന്ന
അക്ഷരങ്ങളുടെ ഏതാനും
ചീളുകള്‍ മാത്രം
കൈവശമുള്ള
എന്‍റെ ആരാധകനാണ്
നീയെന്നു സ്വയം പരിചയ-
പ്പെടുത്തിയപ്പോള്‍
ഞാന്‍ വിസ്മയത്തിന്‍റെ
പാതാളത്തിലേക്ക്‌
താഴ്ന്നുപോയി.


ആരാധകാ, നിന്നെ
നിലനിര്‍ത്താനുള്ള
കൈയടക്കം എന്‍റെ
വരികള്‍ക്കിപ്പോഴില്ല.
നിന്‍റെ സ്നേഹത്തിനും
സൌഹൃദത്തിനും മുന്നില്‍
മുഖം തിരിച്ച
എന്നോട് പൊറുക്കുക.


ദുരിതങ്ങളുടെ
ഖനിഗര്‍ത്തങ്ങള്‍ താണ്ടി
എന്‍റെ വാക്കുകള്‍
പുനര്‍ജ്ജനിക്കുമ്പോള്‍
ഇടിമുഴക്കങ്ങളെ ഭേദിക്കാന്‍
എന്‍റെ ബിംബങ്ങള്‍
കരുത്താര്‍ജ്ജിക്കുമ്പോള്‍
സ്വപ്നങ്ങളുടെ
തടവറയില്‍ നിന്നും
എന്‍റെ കണ്ണുകള്‍
പുറന്തള്ളപ്പെടുമ്പോള്‍
ഓര്‍മ്മകളുടെ മായാ-
ഗോപുരങ്ങളില്‍ നിന്നും
എന്‍റെ ഹൃദയം
പൊട്ടിത്തെറിക്കുമ്പോള്‍ മാത്രം
നീയെന്‍റെ ആരാധകനാവുക.


അന്ന് ഞാന്‍ വീണ്ടുവിചാരങ്ങള്‍ക്ക്
തയ്യാറെടുത്ത
ഒരു പച്ചമരമായിരിക്കും.

Saturday, August 22, 2009

നീ

എത്ര അകലെയാണെങ്കിലും
എന്‍റെ സ്നേഹം
തൊട്ടറിയുന്നവനാണ് നീ.
ഒരിക്കലും തമ്മില്‍
കണ്ടിട്ടില്ലെങ്കിലും
എന്‍റെ മനസ്സറിയുന്നവന്‍.


കനല്‍വഴികളില്‍
കാലിടറുമ്പോള്‍
എന്‍റെ കരതലം കവരുന്നവന്‍
മിഴികളില്‍ നീര്‍ക്കണം
പൊടിയുമ്പോള്‍
അധരങ്ങളാലൊപ്പുന്നവന്‍
ഹൃദയം നോവാല്‍ പിടയുമ്പോള്‍
മെയ്യോടു ചേര്‍ത്തു
മെല്ലെ പുണരുന്നവന്‍.


ഇരവിലും പകലിലും
ഞാന്‍ സംസാരിക്കുന്നത്
നിന്നോടാണ്.
ഞാനുണരുന്നതും
നിന്‍റെ സ്നേഹസ്മൃതിയിലാണ്
എന്‍റെ നെഞ്ചില്‍
ഇനിയും കാണാത്ത
നിന്‍റെ മുഖം മാത്രമാണുള്ളത്.


എന്നിലും നിന്നിലും വീണ്ടും
പ്രാണന്‍റെ ചിറകടിയൊച്ച
ഉയരുമ്പോള്‍ നാമിങ്ങനെ
അകലെയിരുന്നു
മൂകം പ്രണയിക്കും
ഒരിക്കലും തമ്മില്‍ പറയാതെ.

Monday, August 17, 2009

കലണ്ടര്‍

മാസത്തിലെ എല്ലാ
പതിനഞ്ചാം തിയ്യതിയും
നീ പടിയിറങ്ങിപ്പോയ
ദിവസത്തിന്‍റെ
അളവുകോലായി മാത്രം
കലണ്ടറില്‍ അവശേഷിക്കുന്നു.
ജീവിതത്തിലെ
മഞ്ഞുമലകളെയെല്ലാം
ഉരുക്കാന്‍ കെല്പുള്ള
ഒരു വരി
കരുണാര്‍ദ്രമായ
ഒരു നോട്ടമകലെ നിന്നെങ്കിലും

പഴയ നോട്ടുപുസ്തകത്തിലെ
താളുകളിലെന്നോ
ആരുമറിയാതെ നീയെഴുതിയ
രണ്ടു വരി കവിത
ഇന്ന് തികച്ചും
യാദൃച്ഛികമായി കണ്ടു ഞാന്‍
പ്രണയവും ആര്‍ദ്രതയും
കടലിന്‍റെ ആഴത്തോളമെന്നെ
കൊണ്ടുപോയ രണ്ടേ
രണ്ടു
വരികള്‍.

പക്ഷെ കര്‍ക്കടകം
കലിത്തുള്ളുന്ന ദിനങ്ങളില്‍
നിന്നെയോര്‍ക്കാനെനിക്ക്
ഈ വരികള്‍ മതിയാവുകയില്ല.

Wednesday, August 12, 2009

രമ്യഗീതം

ആദ്യമായി നിന്‍റെ സ്വരം
എന്‍റെ കാതുകളില്‍
പതിഞ്ഞപ്പോള്‍
മനസ്സില്‍ സ്നേഹത്തിന്‍റെ
കുളിരും സാന്ദ്രിമയും
കണ്ണുകളില്‍
അഗ്നിയും മഞ്ഞും
ഒരേ പോലെ
പൊഴിഞ്ഞു കൊണ്ടിരുന്നു.


പുതുമണ്ണില്‍ പുതുമഴ
നാമ്പ് വിരിയുമ്പോഴുള്ള
പ്രണയത്തിന്‍റെ ഗന്ധത്തിലും
കിനാവിന്‍റെ വിഹ്വലതകളിലും
അശാന്തിയുടെ തീരങ്ങളിലും
ഞാന്‍ ചെന്നു വീണു.


ഇനിയും എന്തെങ്കിലും പറയുക
ഇമ്പമാര്‍ന്ന നിന്‍റെ സ്വരം
എന്‍റെ തനുവില്‍ നിറയുമ്പോള്‍
ആകാശത്തിന്‍റെ ആര്‍ദ്രതയും
ഭൂമിയുടെ മായികതയും
ഞാനറിയും.
മയിലും മാരിവില്ലും
എന്‍റെ മിഴികളില്‍
നൃത്തമാടി തളര്‍ന്നുറങ്ങും.


ഗന്ധര്‍വ സ്വരഗീതകങ്ങള്‍
പൂക്കുമ്പോള്‍ നാം രണ്ടു
താരകങ്ങളായി നിര്‍ത്താതെ
പാടിക്കൊണ്ടേയിരിക്കും.

Saturday, August 8, 2009

ഇരുള്‍ക്കാഴ്ചകള്‍

ഞാനിപ്പോള്‍
അന്ധന്മാരുടെ ലോകത്താണ്.
കണ്ണാശുപത്രിയിലെ
സന്ദര്‍ശകമുറിയില്‍
കണ്ണുകളില്‍ തുള്ളിമരുന്നൊഴിച്ചു
അന്ധനായിരിക്കുന്ന
അവന്‍റെ അടുത്തിരുന്നു
വായിച്ചറിഞ്ഞക്ഷരങ്ങളിലൂടെ
ആഴ്ന്നിറങ്ങുമ്പോള്‍
അറിയാതെ അകപ്പെട്ടു പോയ
ഇരുട്ടിന്‍റെ ഇടനാഴിയില്‍
തപ്പിത്തടഞ്ഞവന്‍
പിറുപിറുക്കുന്നു:
കണ്ണുകള്‍ തുറക്കണമെനിക്ക്
എങ്കിലും കാഴ്ചകള്‍ അന്യമാവാം.


അന്ധരുടെ ലോകത്ത്‌
ഇരുള്‍ക്കാഴ്ചകള്‍ മാത്രമെന്ന
വേദാന്തമൊന്നും
പറയാതെ അവന്‍
കൈനീട്ടി തപ്പിതടയുന്നു
നീയെന്താണ്
നിശബ്ദയായിരിക്കുന്നത് ?
എന്നെ വിട്ടെങ്ങും പോകരുത്‌
എനിക്ക് വിശക്കുന്നു.

Sunday, August 2, 2009

വിരിയാത്ത വരികള്‍

എഴുതാതെ പോയ വരികളും
പറയാതെ കളഞ്ഞ അക്ഷരങ്ങളും
എല്ലാം നിനക്കുള്ളതായിരുന്നു.


നനഞ്ഞ മണ്ണില്‍ നിന്നും
മിഴിനീട്ടുന്ന പുല്‍ക്കൊടിയുടെ
വിഹ്വലതയും ഊഷരഭൂവില്‍
വീണ ആദ്യമഴത്തുള്ളിയുടെ
നിര്‍വൃതിയും അതിലടങ്ങിയിരിക്കുന്നു.


വയലേലകളുടെയോരത്ത്
ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന
കൊറ്റിയുടെ ഏകാഗ്രതയിലും
നീലപൊന്‍മാന്‍ ചിറകിന്‍റെ
വശ്യതയിലും മുക്കുറ്റിപ്പൂവിന്‍റെ
സ്വപ്നങ്ങളിലും നിറഞ്ഞൊഴുകി
ഒരു നദിപോലെ ധന്യയായി
ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍
മഴവില്‍ പൂക്കളാല്‍ നിറമാല
ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ
സിന്ദൂരം നെറുകയിലണിയിച്ചു
നീയെന്നെ സ്വീകരിക്കുക.


പ്രിയനേ, മഞ്ഞുപൊഴിയുന്ന
പ്രഭാതങ്ങളില്‍ നീയെന്‍റെ
ചിലമ്പിച്ച സ്വരം കേള്‍ക്കും.
അപ്പോള്‍ ചിതറി വീഴുന്ന
സ്പന്ദനങ്ങളില്‍ എന്‍റെ പ്രണയം
തുളുമ്പാതെ നിറഞ്ഞു നില്‍ക്കും.

Tuesday, July 28, 2009

ഭൂകമ്പരാത്രിയില്‍

ഭൂകമ്പത്തിന്‍റെയും
വിലാപങ്ങളുടെയും
ഈ രാത്രിയില്‍
നീ എന്നെ മാറോടണയ്ക്കുക

അയല്‍വീടുകളുടെ
വേരുകളിളകി
പ്രേതഭവനം പോലെ
നിശബ്ദവും ഭീതിദവുമായി
ധരണിയുടെ പ്രകമ്പിതഗാത്രം
നമ്മുടെ കൊച്ചുകൂടാരത്തെ
ഉലയ്ക്കുമ്പോള്‍
ദുര്‍ബലമാകുന്ന
ഈ നെഞ്ചിടിപ്പുമായി
ഏതാകാശത്തേക്കാണ്
നാമിനി ചേക്കേറുക?

മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ്ടാവണം
ഭ്രാന്തു പിടിച്ചലറുന്ന
കരിമ്പാറക്കെട്ടുകള്‍
ചവിട്ടിയരയ്ക്കുമ്പോള്‍
നീയെന്‍റെ വിരല്‍ത്തുമ്പുകള്‍
വേര്‍പെടുത്തരുത്

കുരുതി കഴിക്കപ്പെട്ട
നിലാവിന്‍റെ ചോരയില്‍
ഞാനെന്‍റെ പാപങ്ങള്‍
കഴുകി കളയുമ്പോള്‍
നീയെന്നെ ഉപേക്ഷിച്ചു
ആത്മഹത്യ ചെയ്ത മണ്ണിലേക്ക്
ഓടിയൊളിക്കരുത്.

Tuesday, July 21, 2009

വേടന്‍

നെഞ്ചില്‍ അമ്പേറ്റു പിടയുന്ന
ഒരു പക്ഷിയാണീ പ്രഭാതം.

ഇത് വേടന്‍റെ ഇടത്താവളമാണ്.
ഒരിക്കല്‍ അവനിവിടെയെത്തും.
പിന്നെയെന്‍റെ ഇളംതൂവലും
പിഴുതെറിഞ്ഞു എന്നോട്
പറന്നു പോകാന്‍ കല്പിക്കും.

തൂവലുകള്‍ കൊഴിയും മുമ്പ്‌
സ്നേഹം തണല്‍വിരിക്കുന്ന
നിന്‍റെ ചില്ലയില്‍ ഞാനെന്‍റെ
ഓമല്‍ കാഞ്ചനക്കൂട് പണിയും.

ആഴങ്ങളറിയാത്ത ആഴിയും
ദൂരങ്ങളറിയാത്ത ആകാശവും
അളക്കാന്‍ വേടന്‍ വരികിലും
പ്രണയം പൂത്ത പൂമരക്കൊമ്പില്‍
നാം കൊക്കില്‍ കൊക്കുരുമ്മി
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കും.

മാനിഷാദ മൊഴികളുതിരും മുമ്പേ
അമ്പേറ്റു താഴെ പതിച്ചീടില്‍
കരയില്ല ഞാന്‍ പ്രാണന്‍ വെടിഞ്ഞാലും.

Sunday, July 5, 2009

സമാന്തരങ്ങള്‍

എന്‍റെ ഹൃദയത്തില്‍
സ്നേഹത്തിന്‍റെ
നക്ഷത്രത്തിരി കൊളുത്താനും
തണുപ്പിന്‍റെ സ്പര്‍ശങ്ങള്‍
മേയ്ക്കാനും നിനക്ക്
മാത്രമേ കഴിയുകയുള്ളൂ.

നിന്‍റെ മുഖം
കൃഷ്ണകാന്തമാകുമ്പോഴാണ്
എന്നില്‍ സ്വപ്‌നങ്ങള്‍
തളിര്‍ക്കുന്നത്
സ്മൃതികള്‍ പൂമൊട്ടാകുന്നത്.

നീയില്ലെങ്കില്‍ എന്‍റെ ലോകം
അമാവാസിയാകുമായിരുന്നു.
നിന്‍റെ ഇമ്പമാര്‍ന്ന
സ്വരമില്ലെങ്കില്‍
ഭൂമി മൂകമാകുമായിരുന്നു.

നിന്‍റെ മിഴികളാണ്
ലോകത്തിലേറ്റവും ഹൃദ്യം.
നിന്‍റെ സ്നേഹത്തിന്‍റെ
നിറവാണ് എന്‍റെ
ചുണ്ടില്‍ പുഞ്ചിരിയായി
തെളിഞ്ഞു കത്തുന്നത്.

ഈ പ്രണയമല്ലാതെ
മറ്റൊന്നും എനിക്ക് വേണ്ട
ഒരു നിശ്വാസം പോലും.

Wednesday, July 1, 2009

മറുപടി

സ്നേഹാര്‍ദ്രനായ്‌ നീ
കുത്തികുറിക്കുന്നു:
തുറന്നിട്ട ജാലകത്തിലൂടെ
പുറത്തേക്കു നോക്കുമ്പോള്‍
എങ്ങും കൂടുകൂട്ടാനാവാത്ത
ഒരു വരണ്ട കാറ്റ്‌
മരച്ചില്ലകളെ പുല്‍കി
കടന്നു പോകുന്നു.
എനിക്കിപ്പോള്‍
ഇരുണ്ട മഴക്കാല
സന്ധ്യകളെ പേടിയാണ്.
പുറത്ത്‌
ഇരുള്‍ പരക്കുമ്പോള്‍
മനസ്സിലൊരായിരം
ശവംതീനി പക്ഷികളുടെ
കലഹവും വിലാപവും
ഭീകരമായി തുടങ്ങുന്നു.
ആകാശത്തിന്‍റെ കനിവുമായി
ഇരമ്പിയെത്തുന്ന മഴയുള്ള
നീലിമയാര്‍ന്ന രജനികളില്‍
നിലത്തിഴയുന്ന
കറുത്ത വസ്ത്രങ്ങളണിഞ്ഞു
നൃത്തം ചെയ്യുന്ന
പ്രേതരൂപങ്ങളുള്ള
സ്വപ്നങ്ങളെക്കുറിച്ച്.

ഞാനെഴുതുന്നു വീണ്ടും
നിന്‍റെ കത്തുകള്‍ക്കിടയില്‍ നിന്നും
കടമെടുത്ത പദങ്ങള്‍.
ഇനിയുമെന്നെ അറിയുന്നില്ല നീ
എന്‍റെ മനം നിറയെ
വിലാപമാണ്‌.
അക്ഷരങ്ങളും
വാക്കുകളും പിണങ്ങിപോയ
ഹൃദയത്തില്‍ നിനക്കായി
ഒരു സാന്ത്വനം പോലും
ബാക്കിയില്ല.
മുഷിഞ്ഞ എന്‍റെ വസ്ത്രങ്ങള്‍
പോലെ ഞാനും.

Friday, June 26, 2009

കടല്‍ ശാന്തമാകുന്നു

അലയടങ്ങാത്ത
ഏതു കടലും ശാന്തമാകും
എന്‍റെ വിരല്‍ തൊടുമ്പോള്‍.

അലയാഴിയുടെ ആഴങ്ങളും
ചുഴികളും ഭ്രാന്തുപോലെ
ആഞ്ഞടിക്കുന്ന തിരമാലകളും
ഏറ്റുവാങ്ങിയത്‌
എന്‍റെ ഹൃദയമാണ്.

ജ്വലിക്കുന്ന സൂര്യന്‍
രാവുറങ്ങുന്നത്
എന്‍റെ ചിന്തകളിലാണ്.
ചിപ്പിയിലൊളിച്ച മുത്തെന്‍റെ
മോഹങ്ങളായിരുന്നു.

മിഴിയടയ്ക്കാത്ത ജന്മങ്ങള്‍
തപസ്യയാക്കിയതെല്ലാം
തളരാത്ത
എന്‍റെ സിരകളായിരുന്നു.

പക്ഷേ, ഇറുകെപ്പുണര്‍ന്നു
നിശ്വസനങ്ങളെടുക്കാന്‍ വന്ന
നീരാളി നീയായിരുന്നു.
എന്നിട്ടും നിന്നെ ചുമന്നത്
ഞാനീ നെഞ്ചിലാണ്.

അതിനാല്‍ ഏതു സാഗരവും
സൗമ്യയാകും ഞാനൊന്നു
വിരല്‍ത്തുമ്പാല്‍ സ്പര്‍ശിക്കുമ്പോള്‍.

Friday, June 19, 2009

ഇവിടെ എനിക്ക് സുഖം തന്നെ

നിനക്കെഴുതണമെന്നു
പൊടുന്നനെയാണ്
എനിക്ക് തോന്നിയത്‌.

മുറ്റത്തെ കനകാംബരത്തില്‍
കുഞ്ഞുപൂ വിരിഞ്ഞതും
പളുങ്ക് പാത്രത്തില്‍
കുപ്പിവളപ്പൊട്ടുകള്‍
നിറവായതും
രാവിന്‍റെ ചില്ലയിലൂടെ
ഒരു സ്വപ്നം
പാഞ്ഞുപോയതുമൊക്കെ.
പക്ഷേ നീയെവിടെയാണെന്ന്
എനിക്കറിയുകയില്ല.

കടങ്ങള്‍ പെരുകുന്ന
ദിനങ്ങള്‍ക്കൊടുവില്‍
കലഹവുമായെത്തുന്ന
മുഖങ്ങളില്‍ കാര്‍മേഘങ്ങള്‍
പെയ്തൊഴിയാതെ
കനക്കുന്നതും
കടുത്ത വാക്കുകള്‍ക്കിടയില്‍
എന്‍റെ കാലിടറുന്നതും
കരുണാര്‍ദ്രമെന്നോ
പാകിയ സൗഹൃദത്തിന്‍റെ
വിത്തറ്റു പോകുന്നതും
എരിയുന്ന സൂര്യന്‍റെ
ചൂടേറ്റു ഹൃദയം വേവുന്നതും
വിഷം തേച്ച അക്ഷരങ്ങള്‍
മനസ്സിലേക്കെയ്തു
മൃതപ്രാണനാക്കാനെത്തുന്ന
കല്ലിച്ച മുഖങ്ങള്‍ കാണുമ്പോള്‍
പൊടുന്നനെ നിനക്ക്‌
എഴുതണമെന്നോര്‍ക്കുമെങ്കിലും
എവിടെയാണ് നീയെന്നു
എനിക്കറിയുകയില്ലല്ലോ.

Monday, June 15, 2009

അരുത്‌

ദയവായി എന്നെയിങ്ങനെ
നീ സ്നേഹിക്കരുത്‌.
അതിന്‍റെ കൊടുംചൂടില്‍
എന്‍റെ ഹൃദയം പൊള്ളുന്നു.
കണ്ണിലെ സ്വപ്‌നങ്ങള്‍ കരിയുന്നു.
ഇത്രയേറെ സ്നേഹം
എനിക്കാവശ്യമേയില്ലല്ലോ.

ഒരു തരി പ്രണയത്തിന്‍റെ
ഊഷ്മളതയിലാണ്
ഞാന്‍ തീവ്രവേദനകളുടെ
കൊടുമുടികള്‍ താണ്ടിയത്‌.
ഒരു ചെറു സ്പര്‍ശത്തിന്‍റെ
തണലിലാണ് ഞാന്‍
ദുരിതങ്ങളുടെ തിരകളോട്
മല്ലിട്ട് തീരത്തെ പുണര്‍ന്നത്.
ഒരിളം ചുംബനത്തിന്‍റെ
നനവിലാണ് ഞാന്‍
എരിയുന്ന വേനലിന്‍റെ
മതിലുകള്‍ ഭേദിച്ചത്.
ഒരു തലോടിന്‍റെ
ഓര്‍മ്മയിലാണ് ഞാന്‍
കാത്തിരിപ്പിന്‍റെ
നരകാഗ്നിയില്‍ വെന്തെരിയാതെ
കത്തുന്ന മെഴുകായ്‌ നില്‍ക്കുന്നത്‌.

അതിനാല്‍ സ്നേഹത്തിന്‍റെ
പ്രളയത്തില്‍ നീയെന്നെ
മുക്കിത്താഴ്ത്തരുത്‌.
തൊലിയുരിക്കപ്പെടുന്ന
ഹൃദയത്തിന്‍റെ കാഴ്ചക്കാരിയാവാന്‍
എനിക്കിനി വയ്യ.

Tuesday, June 9, 2009

മഴ

നീരദപാദം നീട്ടി നീ
തൊടുന്നെന്റെ ഹൃത്തില്‍
വിതുമ്പുന്ന ശ്യാമാംബരത്തിന്‍
വാര്‍നെറ്റിയില്‍ നിന്നായി
ഇലത്തുമ്പില്‍ പിടയുന്നു
ജീവന്‍റെ താളം.

മിഴിക്കുള്ളില്‍ ഇളകുന്നു
രാവിന്‍റെ മൗനം.
കലിതുള്ളി തളര്‍ന്നൊരു
പുഴയുടെ നാദം.
മരച്ചോട്ടില്‍ നിന്നും
കലമ്പുന്ന കിളികള്‍.
ഇളകുന്നു പിന്നെയും
മുളംകാട്ടില്‍ മയില്‍പ്പീലി
കുട നിവര്‍ത്തിയ സ്പര്‍ശം.

അലിയുന്ന ആലിപ്പഴങ്ങള്‍
വിരിച്ചിട്ടു തണുക്കുന്ന
നേര്ത്ത വിരലിന്‍ തുമ്പുകള്‍.
ചിത്രവര്‍ണ്ണങ്ങള്‍ ഇഴയുന്ന
കളിവള്ളങ്ങള്‍ മറിഞ്ഞൊരു
മുറ്റവും ആരോ ഊര്‍ന്നു
ഇറങ്ങിപ്പോയിട്ടും നിലയ്ക്കാതെ
മാവിന്ച്ചോട്ടില്‍ ആടുന്ന
ഊഞ്ഞാലിന്‍ പടവുകള്‍.

കാറ്റിന്റെ കൈകളില്‍
നിന്നടരുന്ന ഇലഞ്ഞികള്‍.
പൊഴിയുന്ന മഞ്ചാടി
പെറുക്കാം നമുക്കിനിയും.
നിലയ്ക്കാത്ത ഹര്‍ഷത്തിന്‍
കുട ചുരുള്‍ നിവര്‍ത്തിടൂ
തണുക്കാത്ത പാദങ്ങള്‍
അടിവെച്ചടിവെച്ചു ഇറങ്ങാമീ
കനിവിന്റെ മടിത്തട്ടില്‍ വീണ്ടും.

ഉടലാകെ ഉന്മാദപ്പൂക്കള്‍
വിരിയുന്ന ഗന്ധം.
അരുതെന്ന് വിലക്കിയിട്ടും
കനവിന്റെ ചിരിയൊച്ച
തൊടുകുറി മായ്ക്കുന്നു
വിറയ്ക്കുന്ന അധരങ്ങള്‍.
കണ്‍പീലിയില്‍ പടരുന്നു
പ്രാണന്റെ വേരുകള്‍
മനമാകെ തിളയ്ക്കുന്നു
പ്രണയത്തിന്‍ തിരകള്‍.

നനയുന്ന വിരലുകള്‍ നീട്ടി
എന്നെ പുണര്‍ന്നിടൂ വീണ്ടും
നിര്‍വൃതി പൂക്കുന്ന
മിഴികള്‍കൂമ്പി അണയട്ടെ
നിന്‍ പിടയുന്ന നെഞ്ചില്‍.

Saturday, June 6, 2009

ജനിമൃതിയുടെ തീരങ്ങള്‍

പിരിയുന്ന നേരത്ത്
ഇടവഴിയില്‍ നിറയെ
വീണുകിടന്ന വയലറ്റ്‌
പൂവിന്‍റെ പേര്
നിന്നോട് ചോദിക്കണം
എന്നോര്‍ത്തിരുന്നു.

അക്കരെയ്ക്ക് പോകാന്‍
തിടുക്കപ്പെട്ട തോണിക്കാരന്റെ
കൊതുമ്പു വള്ളത്തില്‍
നീ പൊടുന്നനെ കയറിയതിന്റെ
അങ്കലാപ്പില്‍
ഞാനത് മറന്നു പോയി.

കാറ്റു ചേക്കേറാത്ത
വാടക വീട്ടിലെത്തിയപ്പോഴാണ്
ഞെട്ടറ്റ പൂക്കളും
നിന്റെ മുഖവും വീണ്ടും
തെളിഞ്ഞു വന്നത്.

വയലറ്റ്‌ പൂക്കള്‍
മൃത്യുവിന്റെ ഉടയാടയാണെന്ന്
മുമ്പൊരു ഹേമന്ത സന്ധ്യയില്‍
നീ പറഞ്ഞിരുന്നത്
ഇപ്പോഴെനിക്ക്‌
ഓര്മ്മ വരുന്നുണ്ട്.

ഒരിക്കലും നാം തമ്മില്‍
കാണുകയില്ല.
ജനിമൃതിയുടെ
അക്കരെയും ഇക്കരെയും
ആണല്ലോ നാമിനി
പഴയത് പോലെ
ഒരു കണ്ണ് പൊത്തിക്കളി.

Monday, June 1, 2009

കമലാ സുരയ്യ തന്ന വരം

കമലാ സുരയ്യ എന്ന മാധവിക്കുട്ടി ഇനിയില്ല. നീര്മാതള സുഗന്ധം പോലെ ആ ഗന്ധവും നമ്മളില്‍ നിന്നും അകന്നു പോയി. അവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എനിക്കൊരു വരം തന്നിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ പോവുകയാണെങ്കില്‍ അവരുടെ സ്വന്തം മുറിയില്‍ എന്നെ സ്വീകരിച്ചു ഇരുത്തും എന്ന്. പക്ഷെ മനസ്സില്‍ ഒരുപാടു മോഹം ഉണ്ടായിട്ടും ഞാന്‍ അവരെ ഒരിക്കല്‍ പോലും കാണാന്‍ പോയില്ല. പിന്നീടൊരിക്കലും ഞാന്‍ അവരെ വിളിച്ചതുമില്ല.

അന്ന് ഞാന്‍ കോഴിക്കോട്‌ താമസിക്കുകയാണ്. കോഴിക്കോട്‌ നിന്നും ഇറങ്ങുന്ന പല പത്രങ്ങളിലും മാഗസിനുകളിലും ഞാന്‍ പല പേരില്‍ പല തരത്തില്‍ എഴുതുന്ന കാലം. എനിക്ക് പണത്തിനു ഒരു പാടു ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. ആകെ അറിയാവുന്ന ജോലി എഴുത്താണ്. ചന്ദ്രികയില്‍ നിന്നും ഇറങ്ങുന്ന എല്ലാത്തിലും ഞാന്‍ നിരത്തി എഴുതാറുണ്ട്. കാശിനു ആവശ്യം വരുമ്പോള്‍ നേരെ ചന്ദ്രികയില്‍ പോയാല്‍ മതി. എഴുതിയതിന്റെ പ്രതിഫലം കിട്ടാന്‍ ഉണ്ടാകും. എന്റെ വീട്ടിലേക്ക് കയറി ചെല്ലുന്നത് പോലെ ആയിരുന്നു ഞാന്‍ ചന്ദ്രികയിലേക്ക് പോയിരുന്നത്. അവിടെ ഉള്ളവരുടെ സ്നേഹവും ആതിഥ്യ മര്യാദയും ഒരിക്കലും മറക്കാന്‍ കഴിയില്ല.

അതുപോലെ മാധ്യമം പത്രത്തിന്റെ ശനിയാഴ്ച ഇറങ്ങുന്ന കുടുംബ മാധ്യമത്തില്‍ മിക്ക ആഴ്ചയും എന്റെ ഫീച്ചര്‍ ഉണ്ടാകും. കവര്‍ സ്റ്റോറിയായി. വ്യത്യസ്തത ഉള്ള മാറ്റര്‍ അന്വേഷിക്കുന്നതിനിടയിലാണ് എന്റെ അടുത്ത സുഹൃത്തും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി. ടി. നാസര്‍ ഒരു സ്റ്റോറി പറയുന്നത്. മാധവിക്കുട്ടി എഴുതിയ ജാനുവമ്മ പറഞ്ഞ കഥയിലെ നായിക കോഴിക്കോട്‌ ഉണ്ട്. ഇന്ത്യാവിഷന്‍ ചാനലിലെ ഗുഡ് മോര്‍ണിംഗ് കേരളയില്‍ ഒരിക്കല്‍ അവര്‍ വന്നിരുന്നു എന്നൊക്കെ. അന്ന് നാസര്‍ക്ക ഇന്ത്യാവിഷന്‍ ദല്‍ഹി ഓഫീസിലാണ്. അഡ്രസ്‌ സംഘടിപ്പിച്ച് തന്നു. ഞാന്‍ മാധ്യമത്തില്‍ വിളിച്ചു സണ്‍‌ഡേ മാധ്യമം എഡിറ്റര്‍ ആയ പ്രശസ്ത എഴുത്തുകാരന്‍ പി. കെ. പാറക്കടവിനോട് സ്റ്റോറി എടുക്കാന്‍ പോകുന്ന കാര്യം പറഞ്ഞു. പാറക്കടവ് പറഞ്ഞു ഐറ്റം എടുക്കുക. അജീബ്‌ കൊമാച്ചി പോയി ഫോട്ടോ എടുത്തോളും.

ഞാന്‍ ഒലീവ്‌ ബുക്സില്‍ ഒരു പുസ്തകത്തിനുള്ള മാറ്റര്‍ തയ്യാറാകുന്ന ജോലിയില്‍ ആയിരുന്നു. അന്ന് ഒലിവ് ബുക്സിന്റെ ചാര്‍ജ് പ്രശസ്ത സാഹിത്യകാരനായ അക്ബര്‍ കക്കട്ടില്‍ മാഷിനാണ്. അവിടെ വരുന്ന ഒരാള്‍ ചിരുതേയി അമ്മയുടെ നാട്ടുകാരനാണ്. ഒരു ദിവസം അയാളുടെ സഹായത്തോടെ ജാനുവമ്മ എന്ന ചിരുതേയി അമ്മയുടെ വീട്ടിലെത്തി. അവരെ കണ്ടു ഞാന്‍ അതിശയിച്ചു പോയി. ഒരു അതിസുന്ദരി. പക്ഷെ അവര്‍ അമ്പിനും വില്ലിനും അടുക്കില്ല. ഇങ്ങനെ പലരും വന്നു അഭിമുഖം എടുത്തു കൊണ്ടു പോയിട്ടുണ്ട്. യാതൊരു ഗുണവും ഉണ്ടായിട്ടില്ല, പത്രത്തില്‍ വന്ന ഒരു ഫോട്ടോ പോലും അവര്‍ ഇതു വരെ കണ്ടിട്ടില്ല എന്നൊക്കെ പരാതി പറഞ്ഞു. ഫോട്ടോ എന്തായാലും എത്തിക്കും എന്നൊക്കെ ഉറപ്പു കൊടുത്തു ഞാന്‍ മാറ്റര്‍ എടുത്തു മടങ്ങി.

സണ്‍‌ഡേ മാധ്യമത്തില്‍ അച്ചടിച്ചു വന്ന സ്റ്റോറി കണ്ടു ഞാന്‍ വിസ്മയിച്ചു . ഒരു ഫുള്‍ പേജ് കവര്‍ സ്റ്റോറി. അജീബ്‌ കൊമാച്ചി എടുത്ത ചിരുതേയി അമ്മയുടെയും അവരുടെ ഓമന പൂച്ചക്കുട്ടിയുടെയും ജീവന്‍ തുടിക്കുന്ന ചിത്രത്തോടൊപ്പം മാധവിക്കുട്ടിയുടെ മനോഹരമായ ഫോട്ടോയും വെച്ചു ഒരു മാറ്റര്‍. ആ മാറ്റര്‍ എഴുതിയതിനു നാസര്‍ക്ക ഡല്‍ഹിയില്‍ നിന്നും വരുമ്പോള്‍ എനിക്ക് വില കൂടിയ ഒരു പേന സമ്മാനം തന്നു.

പിറ്റേന്നു ദീപിക പത്രത്തിന്റെ കൊച്ചി യൂണിറ്റില്‍ നിന്നും പത്രാധിപ സമിതിയിലെ ചിലര്‍ മാധവിക്കുട്ടിയെ കാണാന്‍ പോയിരുന്നു. അതില്‍ എന്റെ സുഹൃത്ത് ജോര്‍ഡി ജോര്‍ജും ഉണ്ടായിരുന്നു. തലേന്ന് സണ്‍‌ഡേ മാധ്യമത്തില്‍ വന്ന സ്റ്റോറി കണ്ടിരുന്നോ എന്ന് മാധവിക്കുട്ടിയോടു ജോര്‍ഡി ചോദിച്ചു. അതിമനോഹരമായ ഒരു റൈറ്റ് അപ്പ്‌ ആണതെന്ന് അവര്‍ പറഞ്ഞത്രേ. ജോര്‍ഡി ഓഫീസില്‍ എത്തിയ ഉടനെ എന്നെ വിളിച്ചു കാര്യം പറഞ്ഞു. ഒന്നു മാധവിക്കുട്ടിയെ വിളിച്ചു സംസാരിക്കണമെന്ന് പറഞ്ഞു. ഫോണ്‍ നമ്പരും തന്നു. അവരെ എന്ത് വിളിക്കണം എന്നെനിക്കു അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ജോര്‍ഡി പറഞ്ഞു അമ്മ എന്ന് വിളിച്ചാല്‍ മതിയെന്ന്.

അങ്ങനെ പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ മാധവിക്കുട്ടിയുടെ വീട്ടിലെ ഫോണിലേക്ക് വിറയലോടെ വിളിച്ചു. ഞാന്‍ ഒരുപാടു ആരാധിക്കുന്ന എഴുത്തുകാരിയെ ആണ് വിളിക്കുന്നത്. ആദ്യം ഫോണ്‍ എടുത്തത് വേലക്കാരിയാണ്. ഇപ്പോള്‍ മാധവിക്കുട്ടിയുടെ സ്വരം എന്റെ കാതില്‍ പതിക്കുകയാണ്. ഞാന്‍ പേരു പറഞ്ഞു. അമ്മ എന്നെ അറിയുമോ എന്ന് ഞാന്‍ ചോദിച്ചു. മാധ്യമത്തില്‍ ഒക്കെ മനോഹരമായ പ്രണയ കവിതകള്‍ എഴുതുന്ന കുട്ടി അല്ലെ എന്ന് ചോദിച്ചു. എന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോയി. എം.ടി. വാസുദേവന്‍ നായര്‍ എന്റെ പുസ്തകം പ്രകാശനം ചെയ്തപ്പോള്‍ സമാഹാരത്തിലെ ചില കവിതകളുടെ പേരു എടുത്തു പറഞ്ഞു പ്രശംസിച്ചപ്പോള്‍ പോലും ഇത്രത്തോളം ഞാന്‍ സന്തോഷിചിരുന്നില്ല. തുടര്‍ന്ന് മാധവിക്കുട്ടി എന്നെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. കുട്ടി വന്നാല്‍ ഞാന്‍ എന്റെ മുറിയില്‍ ഇരുത്തും, ഇവിടെ കുറെ അശ്രീകരങ്ങളൊക്കെ വരും. അവരെയൊന്നും ഞാന്‍ എന്റെ മുറിയിലേക്ക് കടത്താറില്ല എന്നും പറഞ്ഞു. എഴുതുന്ന അതെ ലാഘവത്തോടെ ഉള്ള വാക്കുകള്‍. ഞാന്‍ ഉടനെ നാസര്‍ക്കയെയും ജോര്‍ഡിയെയും വിളിച്ചു കാര്യം പറഞ്ഞു. മനസിലെ സന്തോഷം അടക്കാന്‍ കഴിയുമായിരുന്നില്ല, അവര്‍ എന്നെ വീട്ടിലേക്ക് വിളിച്ചതായിരുന്നില്ല എന്റെ സന്തോഷം എന്നെ അറിയും എന്ന് പറഞ്ഞതില്‍ ആയിരുന്നു. എന്റെ കവിതകള്‍ നല്ലതാണ് എന്ന് പറഞ്ഞതില്‍ ആയിരുന്നു.

പിന്നീട് ഞാന്‍ ഇന്ത്യാവിഷന്‍ ചാനല്‍ കൊച്ചി ഓഫീസില്‍ എത്തി. രണ്ടു വര്‍ഷത്തിനു ശേഷം വായന ദ്വൈവാരികയിലേക്ക് പോയി. അവിടെ നിന്നും രാഷ്ട്ര ദീപിക പത്രത്തിലേക്ക് പോയി. എല്ലാം കൊച്ചിയില്‍ തന്നെ. മാധവിക്കുട്ടിയെ കുറിച്ചു എന്തെങ്കിലും സംസാരം ഉണ്ടാകുമ്പോള്‍ ഞാന്‍ അന്തസ്സോടെ പറയും അവര്‍ എന്നെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. സുഹൃത്തുകള്‍ എല്ലാവരും അത് കേള്‍ക്കുമ്പോള്‍ പറയും. എന്നാല്‍ പോയി കാണണം. ഞങ്ങളും കൂടെ വരാം. അങ്ങനെ എങ്കിലും അവരെ ഒന്നു അടുത്ത് കാണാമല്ലോ. ഞാന്‍ ഒഴിഞ്ഞു മാറും. ഒടുവില്‍ അവര്‍ കൊച്ചി വിട്ടു പോകുന്നു എന്നറിഞ്ഞപ്പോള്‍ നാസര്‍ക്ക എന്നോട് പറഞ്ഞു-നിനക്കൊന്നു പോയി കാണാമായിരുന്നു. ഞാന്‍ നിശബ്ദയായി.

അവരെ കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടു ആയിരുന്നില്ല ഞാന്‍ പോകാതിരുന്നത്. അവരുടെ ലേഖനങ്ങള്‍ വായിച്ചതില്‍ നിന്നും ഒരു കാര്യം എനിക്കറിയാം. പലരും ചെന്നു അവരോട് സങ്കടങ്ങള്‍ പറയും. കരയും. പിന്നീട് പോകാന്‍ നേരം അവരുടെ കൈയില്‍ നിന്നും പണത്തിനു പുറമെ കൈയില്‍ ഉള്ള വളകള്‍ പോലും വാങ്ങി കൊണ്ടു പോകുമായിരുന്നു. അവര്‍ ആര് എന്ത് ചോദിച്ചാലും കൊടുക്കുന്ന കര്‍ണനെ പോലെ ആയിരുന്നു. എനിക്ക് അവരുടെ മുന്നില്‍ ഇരുന്നു പറയാന്‍ ഒരു നല്ല വിശേഷവും ഇല്ല. ഉള്ളതാകട്ടെ ഒരു വലിയ ദുരന്ത കഥയാണ്‌. അത് കേട്ടാല്‍ അവരുടെ ഹൃദയം മഞ്ഞു പോലെ ഉരുകി പോകും. ഒടുവില്‍ ഞാന്‍ ആവശ്യപെടാതെ തന്നെ അവര്‍ എനിക്ക് പണം തരും. സ്വര്‍ണ്ണം തരും. അപ്പോള്‍ അവരെ കളിപ്പിച്ചു സ്വര്‍ണവും പണവും വാങ്ങി കൊണ്ടു പോകുന്നവരും ഞാനും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. അതോര്‍ത്തു മാത്രം ഞാന്‍ ആ സ്നേഹനിധിയെ കാണാന്‍ പോയില്ല.

എന്റെ നിലാപാട് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്ക് അറിയുകയില്ല. ഇന്ത്യ ലോകബാങ്കില്‍ നിന്നും എടുത്ത കടം പോലെ എനിക്ക് ചുറ്റും കടം പെരുകുമ്പോഴും അക്കാര്യത്തില്‍ മാത്രം ഞാന്‍ അഭിമാനിയായത്‌ എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഒരുവേള ഒന്നും മോഹിക്കാതെയും പ്രതീക്ഷിക്കാതെയും ഒരാളെ സ്നേഹിക്കുക -ഈ ചിന്ത മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കാം. ഇനി കമലാ സുരയ്യയെ ഞാന്‍ കാണുകയില്ല. പക്ഷെ എന്റെ മനസ്സില്‍ മനസ്സില്‍ അവര്‍ ഒരിക്കലും മരിക്കുകയുമില്ല. അതിനാല്‍ അവരുടെ ക്ഷണം അന്തസ്സോടെ ഞാന്‍ എന്നും ഓര്‍ക്കും.

Monday, May 25, 2009

ഏഴാമത്തെ ഋതു

ഒരു വ്യാഴവട്ടത്തിനു ശേഷം
ഇന്നാണ് എന്റെ നെഞ്ചില്‍
നീലക്കുറിഞ്ഞികള്‍ പൂത്തത്.
നിന്റെ മിഴികളുമായി
കൊരുത്തപ്പോള്‍ ഉണ്ടായ
മിന്നലില്‍ നിന്നായിരുന്നത്.


ദുരിതങ്ങളുടെ അഗ്നി
കൂമ്പാരത്തിനുള്ളില്‍
ഞാന്‍ കരിഞ്ഞുപോകുമെന്ന്
ഭയപ്പെട്ട നിമിഷമാണ്
നീയെന്നെ കണ്ടെത്തിയത്‌.
തൂവലുകള്‍ കിളിര്‍ക്കാത്ത
ഒരു പക്ഷിക്കുഞ്ഞായിരുന്നു ഞാന്‍.
നിന്റെ ഹൃത്തടത്തിന്റെ
ചൂടേറ്റാണെന്നില്‍
ജീവന്‍ തിളച്ചതും
ഇളംവെയില്‍ പിടച്ചതും.


കാട്ടാറിന്റെ കിതയ്ക്കുന്ന
പ്രാണനില്‍ നമ്മള്‍ കൂട് വെച്ച
ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി
നീയെനിക്ക് ഗ്രീഷ്മത്തിന്റെ
ചിറകുകള്‍ തന്നു.
ഞാന്‍ നിനക്ക്‌ ശിശിരത്തിന്റെ
മഞ്ഞലകളും.

നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്ന
ഒരു കാലത്തിലേക്ക്
നമ്മള്‍ മടങ്ങുമ്പോള്‍
ഭൂമിയില്‍ ഏഴാമത്തെ
ഋതു വിരുന്നിനെത്തും.

Thursday, May 21, 2009

വൃത്തം

നീയെന്നെ
കണ്ണടക്കിടയിലൂടെ
ഇങ്ങനെ നോക്കരുത്‌.
അന്ധന്‍റെ കൈയിലെ
ഭിക്ഷാപാത്രമാണ് ഞാന്‍.
കൊടുംകാറ്റിന്റെ
നെഞ്ചില്‍
വിത്തെറിഞ്ഞവള്‍.
നരകാഗ്നിയില്‍
തലച്ചോറ് നട്ടവള്‍.
ഖനി ഗര്‍ത്തങ്ങളില്‍
പൈതൃകങ്ങള്‍
ഉപേക്ഷിച്ചവള്‍
ഇടിമുഴക്കങ്ങള്‍ക്കൊപ്പം
ആകാശഭിത്തികളെ
ചിന്തകളാല്‍
ഭേദിച്ച് നടന്നവള്‍.
അതിനാല്‍
വീണ്ടുമെന്നെ
നീയിങ്ങനെ നോക്കരുത്‌.
പൂവിതള്‍-
ത്തുമ്പില്‍ വിതുമ്പിനില്ക്കുന്ന
മഞ്ഞുതുള്ളിയാവാന്‍
എനിക്കിനി കഴിയില്ല.

Friday, May 15, 2009

ഇന്നലെ പെയ്ത മഴ

ഇന്നലെ മഴയിലൂടെയാണ്
ഞാന്‍ നടന്നു പോയത്.
കലങ്ങിമറിയുന്ന വെള്ളത്തില്‍
എന്റെ പാദസരങ്ങള്‍
ഒലിച്ചുപോയത്
ഞാന്‍ അറിഞ്ഞതേയില്ല.

മുറ്റത്തെ പുതുനദിയില്‍ നിന്നും
ഒഴുകി വരുന്ന
കടലാസ് വഞ്ചികളില്‍
ബാല്യത്തിന്‍റെ സ്വപ്നങ്ങളും
മയില്‍പീലിയും
ആലിപ്പഴവുമുണ്ടായിരുന്നു.

സ്ഫടികമണി തുള്ളികള്‍
ചാഞ്ചാടിക്കളിക്കുന്ന
ചേമ്പിന്‍പാടത്തിനു അക്കരെനിന്നും
പാറിവന്ന ഈറന്‍ കാറ്റും
പുല്‍ക്കൊടികളും പറഞ്ഞിരുന്നു:
പ്രണയിക്കരുത്‌ നീ ഇനിയും
ഗതിമാറ്റി മറയ്ക്കുന്ന മഴയെയും
നിറങ്ങള്‍ മാറ്റുന്ന മാനത്തെയും.

മാനം നിന്റെ സ്വപ്നങ്ങളും
മഴ പാദസരങ്ങളും അപഹരിച്ചു
ചിരിച്ചു മറയുകയാണ്.
നിന്റെ കാലുകളുടെ കീഴിലൂടെ
ആണിന്നു മഴ പാഞ്ഞു പോയത്‌.
ആകാശമാവട്ടെ മിഴികളിലൂടെയും.

Sunday, May 10, 2009

കണ്ടകശനി

വീണ്ടും എന്നെ നീ
തിരികെ വിളിക്കരുത്‌.
എന്റെ പേനയിലെ മഷി
മുഴുവന്‍ വറ്റിപ്പോയിരിക്കുന്നു.
മനസ്സില്‍ നിന്നും സ്വപ്നങ്ങളും.
രാത്രികള്‍ നിദ്രയും കൊണ്ടു
കാടുകളിലെവിടെയോ മറഞ്ഞു.

പ്രണയ താളുകള്‍ക്കിടയില്‍
കാത്തുവെച്ച മയില്‍പ്പീലി-
യിതളുകളെ മിഴിതുറന്ന
മാനം വന്ധ്യയാക്കി-
മാറ്റിയത് അറിഞ്ഞു സ്നേഹത്തിന്‍റെ
ഈ തീരം വിട്ടു ഞാന്‍ പോവുകയാണ്.

പുണരുന്ന കൈകളില്‍
നിന്നെന്നെ മോചിപ്പിക്കുക.
യാത്ര പറയാനാണ് ഞാന്‍ വന്നത്.
ശിശിരത്തില്‍ ഉണര്‍ന്നിരുന്നു നീ
പറഞ്ഞ ആയിരത്തൊന്നു രാവുകളുടെ
കഥ ഞാന്‍ കരുതിവെച്ചിട്ടുണ്ട്.

നിന്റെ ചുംബനത്തിന്റെ നനവ്
എന്റെ മിഴികളില്‍ സാന്ത്വനമായും
ആലിംഗനത്തിന്റെ ചൂട്
എന്നിലൊരു കടമായും ബാക്കിയാവുന്നു.
നിന്റെ കൈത്തണ്ടയില്‍ കിടത്തി
എന്നെ ഉറക്കിയിരുന്ന രാത്രികളോട്
യാത്ര പറയാന്‍ കൂടിയാണ് ഞാന്‍ വന്നത്.
സ്വസ്ഥയായി ഞാനിനി ഉറങ്ങുകയില്ല.

നീല കടമ്പിന്റെ തണലിലിരുന്നു
നാം നെയ്തുകൂട്ടിയ കിനാക്ക-
ളൊക്കെ ഞാനീ പടിവാതിലില്‍
ഉപേക്ഷിക്കുകയാണ്.
വീണ്ടും ഒരു ജന്മം ബാക്കി
നിന്നാല്‍ ജനിമൃതികളുടെ
നൂല്പാലവും കൈവഴികളും
നമുക്ക്‌ വേണ്ടെന്ന മോഹം
ഞാന്‍ കൊണ്ടുപോകുന്നു.

Saturday, May 2, 2009

ഗസലുകളുടെ രാവ്‌

ഗസലുകളുടെ താളങ്ങളിഴയുന്ന
രാത്രികളില്‍ നിശ്ശബ്ദരായി
ഇരിക്കാം നമുക്ക്‌.

നിലാവിന്‍റെ തണുപ്പ്‌
ഉടലാകെ പുണരുമ്പോള്‍
കണ്ണുകളില്‍ ആകാശത്തെ
ഒളിപ്പിച്ച്
സ്നേഹത്തിന്‍റെ മൂകഭാഷയില്‍
സംവാദങ്ങള്‍ നടത്താം.

മേഘജാലങ്ങളെ തോളിലേറ്റി
ഒരു കാറ്റു പാഞ്ഞുപോകുമ്പോള്‍
ഞാനൊരു താരാട്ട് പാടാം.

വേനല്‍മഴ സ്വപ്നങ്ങളെ
നനയ്ക്കുമ്പോള്‍ നിന്റെ
പ്രണയാര്‍ദ്ര മുഖം
എന്റെ മനസ്സില്‍ പടരുന്നു.

ഇനി നമുക്ക്‌ ശാന്തരായി
രാവിന്റെ കൈകളില്‍ വീഴാം
ഗസല്‍ പാടിക്കഴിഞ്ഞിരിക്കുന്നു.

Monday, April 27, 2009

പ്രണയം

പനികൊണ്ട്‌ തിളങ്ങിയ
കണ്ണുകളുമായി
നീയെന്നെ നോക്കിയപ്പോള്‍
ഞാനതില്‍ നമ്മുടെ
പോയ്മറഞ്ഞ കാലങ്ങള്‍ കണ്ടു.

ഇതുപോലെ മഴ
തകര്ത്തു പെയ്ത
ഒരു സന്ധ്യയില്‍ നീയെന്നെ
നിശബ്ദമായി പ്രണയിച്ച
കഥ വിവരിക്കുകയും
അടയാളങ്ങള്‍ ആവശ്യമില്ലാത്ത
സ്നേഹതീരങ്ങളിലെക്കെന്നെ
ക്ഷണിച്ചതും
തിരിച്ചറിവായി ഒരു പൂവാക
പൂത്തുലഞ്ഞതും.

എന്നിട്ടും ഇന്നലെ
അപ്രതീക്ഷിതമായി
കണ്ടുമുട്ടിയപ്പോള്‍
ഒരു വാക്ക് പോലും അന്യോന്യം
മൊഴിയാന്‍ കഴിയാതെ
അന്യരായി പിരിഞ്ഞു
പോയതും മിഴികളില്‍
തെളിനീര്‍ പൊടിഞ്ഞതും
ഹൃത്തില്‍ കദനം ബാക്കി
നിന്നതും ഓരോ കിനാവായി
പൊഴിഞ്ഞു പോയെന്കില്‍.

Saturday, April 18, 2009

നിശ്ചല ദൃശ്യങ്ങള്‍

എന്നെ നീ ഇനിയും
അറിയുന്നില്ല.
ഹൃദയ ജാലകം തുറന്നു
നിന്റെ രൂപം കാണിച്ചു തരാന്‍
എനിക്കാവില്ല.

എന്റെ മൌനത്തിനിടയിലെ
വരികള്‍ നീ എന്നാണു
വായിച്ചെടുക്കുക എന്നോര്‍ത്ത്
ഞാന്‍ ഉറങ്ങാറില്ല.

ഒരു കാറ്റായി ഞാന്‍
നിന്റെ മുറ്റത്തെ പൂമര-
ച്ചില്ലയില്‍ മറഞ്ഞിരിപ്പുണ്ട്‌.
നിഴലായി നിന്നെ പുണരുന്നതും
ഞാന്‍ തന്നെയാണ്.

നഗ്ന നേത്രങ്ങള്‍ കൊണ്ടു
നിനക്ക് കാണാനാവില്ലെന്ന്
മുമ്പൊരിക്കല്‍ പറഞ്ഞത്
ഇപ്പോഴെനിക്ക്‌ ഓര്‍മയുണ്ട്.

ഇനി നിന്റെ മിഴികള്‍ക്ക്
ഞാന്‍ ദൂരക്കാഴ്ച ആയിരിക്കാം.
പക്ഷെ, ഹൃദയത്തില്‍ ചെവി
ചേര്‍ത്താല്‍ എന്റെ സ്പന്ദനങ്ങള്‍
നിനക്ക് വ്യക്തമായി കേള്ക്കാം.

ഗ്രീഷ്മകാലങ്ങള്‍ക്ക് ഒടുവില്‍
നിന്റെ സ്നേഹം
മഴയായി പെയ്യുമ്പോള്‍
ഞാന്‍ ഈറന്‍ നിലാവ്
അണിഞ്ഞ ഭൂമിയാകും.Friday, April 17, 2009

നീ തന്ന മയില്‍പ്പീലി

ചിത്ര പുസ്തകത്തില്‍
വരച്ചു തീര്‍ത്തപ്പോഴേ
ഒരു മുയല്‍
അടുത്ത കുറ്റിക്കാട്ടിലേക്ക്
മുന്കാലുകളുയര്‍ത്തി
ഓടി മറഞ്ഞു.

കൂട്ടുകാരാ,
യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍
പഴനിയില്‍ കാവടിയാടി
നീ കൊണ്ടു വന്നു തന്ന
മയില്‍പ്പീലി മാത്രം
ഈ ഹോസ്റ്റല്‍ മുറിയില്‍
എനിക്ക് കൂട്ട്.


സായന്തനങ്ങളില്‍
കടല്‍ക്കരയില്‍ ഞാനും
സൂര്യനും അഭിമുഖമായി
നില്‍ക്കുമ്പോള്‍
സൂര്യന്‍ ചോദിക്കുന്നു:
എന്റെ മരണം കാണാനോ
നീയിങ്ങനെ തിരകളെ
തൊടാതെ അനക്കമറ്റ്‌
ഇരിക്കുന്നത്?

ചിത്ര പുസ്തകത്തില്‍ നിന്നും
ചെഞ്ചായം വാരി പൂശി
സൂര്യനും കടലിന്റെ
നെഞ്ചിലേക്ക് താഴുമ്പോള്‍
കൂട്ടുകാരാ,
നീ തന്ന മയില്‍പ്പീലിയല്ലാതെ
മറ്റെന്താണീ മുറിയില്‍
എനിക്കായ് ഉള്ളത്?

Tuesday, March 31, 2009

സൂര്യകാന്തികള്‍ പൂക്കുന്ന കാലം

പ്രണയത്തിന്റെ
സൂര്യകാന്തിപാടങ്ങളില്‍ നിന്നും
നമ്മുടെ കിനാവുകള്‍
ശലഭങ്ങളായി പറന്നുയരുമ്പോള്‍
താഴെ നിലാവ്
ഒരു കടല്‍ പോലെ
രാത്രി ഉറക്കത്തിലായിരിക്കും.
സ്പര്‍ശങ്ങള്‍ നൂപുര
ധ്വനികള്‍ ഉയര്‍ത്തുമ്പോള്‍
ഒരു മിന്നലില്‍ അല
ഹൃദയത്തിലെക്കായുന്നു.
അപ്പോള്‍ നിന്റെ വിരലുകളില്‍
നിറയെ പാട്ടുകള്‍ ആയിരിക്കും.
കണ്ണുകളില്‍ അന്തിമന്ദാരങ്ങള്‍
പൂത്തുലയും.
നെന്ചില്‍ ഹേമന്തത്തിന്റെ
ചില്ലകള്‍ കൂടൊരുക്കും.
ചുണ്ട്കളില്‍ ആനന്ദ
രാഗങ്ങള്‍ വിരുന്നൊരുക്കും.
ശിശിരത്തിന്റെ അരഞ്ഞാണം
അണിഞ്ഞ ഒരു നദിയായി
ഞാന്‍ ആ വേളയില്‍
നിന്റെ ഹൃദയത്തിന്റെ
തീരങ്ങള്‍ പിന്നിടും.


എന്നെ കുറിച്ചു ചെറിയ ചില കാര്യങ്ങള്‍

എന്റെ പേരു മേരി ലില്ലി. വയനാട് സ്വദേശിനി. കുറച്ചു കാലങ്ങളായി കൊച്ചിയില്‍ താമസം. ഒരു ചാനലില്‍ ജോലി ചെയ്യുന്നു. കവിതകളും അത്യാവശ്യം ചില ലേഖനങ്ങളും എഴുതാറുണ്ട്. ഒരു കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഏഴാമത്തെ ഋതു. കുറച്ചു കാലങ്ങളായി ചിതലരിച്ച ഒരു തൂലികയുമായി നിശബ്ദം ജീവിക്കുന്നു. അതിനൊരു മാറ്റത്തിനു വേണ്ടിയാണ് കൈവെള്ള.
അക്ഷരങ്ങള്‍ കോര്‍ത്ത ഈ കൈവെള്ളയിലൂടെഎന്റെ കവിതകള്‍ പുനര്‍ജനിക്കും എന്ന പ്രതീക്ഷ ആണോ എന്നെ ഇതിന് പ്രേരിപിച്ചത്‌ എന്ന് അറിയില്ല . എന്നാലും ഞാന്‍ പ്രതീക്ഷിക്കുക ആണ്. മനസിലെ ചിതല്‍ പുറ്റു ഭേദിച്ച് എനിക്ക് പുറത്തു കടക്കാന്‍ കഴിയുമെന്ന്.
ഇതില്‍ കൂടുതല്‍ എന്നെ പരിചയപെടുത്തേണ്ട കാര്യമില്ലല്ലോ.
നമുക്ക് വീണ്ടും കാണാം. അക്ഷരങ്ങളിലൂടെ, വരികളിലൂടെ, വരികള്‍ക്കിടയിലെ നിശബ്ദതയിലൂടെ...