Monday, June 15, 2009

അരുത്‌

ദയവായി എന്നെയിങ്ങനെ
നീ സ്നേഹിക്കരുത്‌.
അതിന്‍റെ കൊടുംചൂടില്‍
എന്‍റെ ഹൃദയം പൊള്ളുന്നു.
കണ്ണിലെ സ്വപ്‌നങ്ങള്‍ കരിയുന്നു.
ഇത്രയേറെ സ്നേഹം
എനിക്കാവശ്യമേയില്ലല്ലോ.

ഒരു തരി പ്രണയത്തിന്‍റെ
ഊഷ്മളതയിലാണ്
ഞാന്‍ തീവ്രവേദനകളുടെ
കൊടുമുടികള്‍ താണ്ടിയത്‌.
ഒരു ചെറു സ്പര്‍ശത്തിന്‍റെ
തണലിലാണ് ഞാന്‍
ദുരിതങ്ങളുടെ തിരകളോട്
മല്ലിട്ട് തീരത്തെ പുണര്‍ന്നത്.
ഒരിളം ചുംബനത്തിന്‍റെ
നനവിലാണ് ഞാന്‍
എരിയുന്ന വേനലിന്‍റെ
മതിലുകള്‍ ഭേദിച്ചത്.
ഒരു തലോടിന്‍റെ
ഓര്‍മ്മയിലാണ് ഞാന്‍
കാത്തിരിപ്പിന്‍റെ
നരകാഗ്നിയില്‍ വെന്തെരിയാതെ
കത്തുന്ന മെഴുകായ്‌ നില്‍ക്കുന്നത്‌.

അതിനാല്‍ സ്നേഹത്തിന്‍റെ
പ്രളയത്തില്‍ നീയെന്നെ
മുക്കിത്താഴ്ത്തരുത്‌.
തൊലിയുരിക്കപ്പെടുന്ന
ഹൃദയത്തിന്‍റെ കാഴ്ചക്കാരിയാവാന്‍
എനിക്കിനി വയ്യ.

14 comments:

aneesh said...

ഒരു ചെറു സ്പര്‍ശത്തിന്‍റെ
തണലിലാണ് ഞാന്‍
ദുരിതങ്ങളുടെ തിരകളോട്
മല്ലിട്ട് തീരത്തെ പുണര്‍ന്നത്.
ഒരിളം ചുംബനത്തിന്‍റെ
നനവിലാണ് ഞാന്‍
എരിയുന്ന വേനലിന്‍റെ
മതിലുകള്‍ ഭേദിച്ചത്.

prasanth said...

പറയാനും വയ്യ
പറയാതിരിക്കാനും വയ്യ
പ്രണയിക്കാനും വയ്യ
പ്രണയിക്കാതിരിക്കാനും വയ്യ
ആശംസകളോടെ

പ്രശാന്ത്‌ കെ. ജോസഫ്‌

റെമിസ് രഹനാസ് | Remiz Rahnas said...

സ്നേഹിക്കുന്ന മനസ്സില്‍ നിന്നും അകലാന്‍ ശ്രമിക്കുന്ന കവി ഹൃദയം എന്തേ സ്നേഹിക്കുന്ന മനസ്സ് കാണാന്‍ ശ്രമിക്കുന്നില്ല ?

കുമാരന്‍ | kumaran said...

അതി മനോഹരം.
ഇതൊക്കെ പ്രിന്റ് മീഡിയ കൂടി കാണേണ്ടതായിരുന്നു.

mary lilly said...

കുമാരന്‍, പ്രിന്‍റ് മീഡിയയില്‍
വന്ന കവിതയാണ് ഇത്.
എന്‍റെ സുഹൃത്തുകള്‍ക്ക്
ഇവ ഇഷ്ടമായത് കൊണ്ടും
അവര്‍ ആവശ്യപ്പെട്ടത്‌ കൊണ്ടും
വീണ്ടും പോസ്റ്റ്‌ ചെയ്തു എന്ന് മാത്രം.
കൈവെള്ളയില്‍ എത്തിയതിന്‌ നന്ദി.

റെമിസ്, മനുഷ്യര്‍ ചിലപ്പോള്‍ അങ്ങനെയാണ്-
സ്നേഹിക്കുന്നവരില്‍ നിന്നും ദൂരേക്ക്‌
ഓടി മറയാന്‍ തോന്നും. അത് സ്നേഹിക്കുന്നവരെ
തിരിച്ചറിയാതെയോ അങ്ങോട്ട്‌ സ്നേഹമില്ലാഞ്ഞിട്ടോ
ആയിരിക്കില്ല. അത് ഒരു അവസ്ഥയാണ്.
നന്ദി കൈവെള്ളയില്‍ എത്തിയതിന്‌

അനീഷ്‌, പ്രശാന്ത്‌, നിങ്ങളുടെ അഭിപ്രായങ്ങള്‍
എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
പക്ഷെ, അഭിപ്രായങ്ങള്‍ക്ക് മറുപടി
ബ്ലോഗില്‍ എഴുതാന്‍ ഇത്രനാളും
കഴിഞ്ഞിരുന്നില്ല. കൈവെള്ളയിലെ
സ്ഥിരം വായനക്കാര്‍ ആയതിനാല്‍
ഇപ്പോള്‍ നന്ദി പറയുന്നതില്‍
അര്‍ഥമില്ല എന്ന് വിശ്വസിക്കുന്നു.

അനൂപ്‌ കോതനല്ലൂര്‍ said...

എന്നാലും സേനഹം അഗ്രഹിക്കാത്തവർ ആരുണ്ട്

junaith said...

ദയവായി എന്നെയിങ്ങനെ
നീ സ്നേഹിക്കരുത്‌.
അതിന്‍റെ കൊടുംചൂടില്‍
എന്‍റെ ഹൃദയം പൊള്ളുന്നു.
കണ്ണിലെ സ്വപ്‌നങ്ങള്‍ കരിയുന്നു.
ഇത്രയേറെ സ്നേഹം
എനിക്കാവശ്യമേയില്ലല്ലോ.

വെറുതെ മനോഹരം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല ,പക്ഷെ ഞാന്‍ വേറെന്തു പറയും...

അരുണ്‍ ചുള്ളിക്കല്‍ said...

എന്തോ സ്നേഹത്തോട് മറഞ്ഞു നില്‍ക്കാന്‍ കഴിയുന്നില്ല. ഒരു നുള്ളും ഒരു കുട്ടയുമൊരുപോലെയേറ്റു വാങ്ങാന്‍ തുടിക്കുന്നൊരു ഹൃദയം ദൈവം തന്നിട്ടുപോയി.

ആശംസകള്‍...

ajayan said...

ഒരുപാട് കൂടുതല്‍ സ്നേഹം
കിട്ടുന്നുണ്ടോ? അതുകൊണ്ടാണോ
സ്നേഹം ഒരു ഭാരമായി തോന്നുന്നത്?
എന്തായാലും വരികള്‍ ഹൃദയത്തിലേക്ക്
തുളച്ചു കയറുന്നു.
നല്ല കവിത. ആശംസകള്‍

പാവപ്പെട്ടവന്‍ said...

ദയവായി എന്നെയിങ്ങനെ
നീ സ്നേഹിക്കരുത്‌.
അങ്ങനെ അവസാന വാക്ക് പറയരുത് ഈ മധുരം മധുരതരം

RaFeeQ said...

ആശംസകൾ.. ;-)

ഏങ്കിലും, ഈ പ്രണയത്തിന്റെ നോവിൽ
മുങ്ങിമരിക്കാനാണെനിക്കിഷ്ടം,
നിൻ ഓർമ്മകളെനിക്കു കൂട്ടെങ്കിൽ.

mary lilly said...

അനൂപ്‌,
അരുണ്‍,
അജയന്‍,
റഫീക്ക്‌,
സ്നേഹവും പ്രണയവുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിലര്‍ അതില്‍ മുങ്ങി താഴും.
മറ്റു ചിലര്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറി നടക്കും.
അപ്പോഴായിരിക്കും അരുത്‌ പോലെയുള്ള
കവിതകള്‍ ജനിക്കുന്നത്. അത്രമാത്രം
കൈവെള്ളയില്‍ വന്നതിനു നന്ദി.

ജുനൈദ്, നല്ല വാക്കുകള്‍ക്കു നന്ദി.

പാവപ്പെട്ടവന്‍, നന്ദി, ഒന്നും
അവസാനവാക്കല്ല.

jeeva said...

മേരി ലില്ലി,
എന്‍റെ ഹൃദയം പൊള്ളുന്നു.
ആശംസകളോടെ
ജീവജ്യോതി. കെ. എന്‍
കോഴിക്കോട്

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ഒരു തരി പ്രണയത്തിന്‍റെ
ഊഷ്മളതയിലാണ്
ഞാന്‍ തീവ്രവേദനകളുടെ
കൊടുമുടികള്‍ താണ്ടിയത്‌.

ഈ വരികള്‍ ഒത്തിരി ഇഷ്ടമായി, ആശംസകള്‍