Monday, May 23, 2011

പനി


പനിക്കുമോര്‍മ്മയില്‍
കനല്‍ കടയുന്നു.
തലയില്‍ സൂര്യന്‍
സിരകളില്‍ കടല്‍.

ഹൃത്തില്‍ അക്ഷരങ്ങള്‍
ഇരമ്പിയാര്‍ക്കുന്നു
കണ്‍കളില്‍ യക്ഷന്മാര്‍
കൊമ്പു കോര്‍ക്കുന്നു


നിഴലുകള്‍ വളര്‍ന്നു
വന്‍മരങ്ങളാകുന്നു
ചെവിയില്‍ കടന്നലുകള്‍
ചെണ്ട കൊട്ടുന്നു.


രസനയില്‍ കാഞ്ഞിരം
വലകള്‍ നെയ്യുന്നു.
പരേത്മാക്കള്‍ നെഞ്ചില്‍
വെയിലു കായുന്നു

കിനാക്കളില്‍ തീച്ചാമുണ്ഡി
തിറ പടരുന്നു

Monday, May 9, 2011

നിന്നെ ഞാന്‍ സ്നേഹിക്കുന്നു

നിന്നെ ഞാന്‍ സ്നേഹിക്കുന്നു.
അക്ഷരങ്ങളില്‍ മാത്രം തൊട്ടു
നീയെന്നെ കാണും പോലെ
അത്ര അഗാധം, സുതാര്യവും.



വിലക്കപ്പെട്ട കനിയായ സ്നേഹം
വെളിപ്പെടുത്താനാവില്ലയെങ്കിലും
എന്‍റെ പതിഞ്ഞ വരികള്‍ക്കിടയിലെ
മൌനത്തിലൂടെ നീയതറിയുക.



ഒന്നും നേടാനാഗ്രഹിക്കാത്ത
സ്നേഹമാണിത്‌, സ്വപ്നങ്ങളും.
ജന്മാന്തരങ്ങള്‍ക്കിടയിലെവിടെയോ
നാം കണ്ടുമറന്ന വൈശാഖ സന്ധ്യകള്‍
നിന്‍റെ മയില്‍‌പ്പീലിക്കണ്ണുകള്‍
കണ്ണാന്തളിപ്പൂക്കളും.



തമ്മിലറിയുകയില്ല നാമെങ്കിലും
കാതങ്ങള്‍ അകലെയിരുന്നു മൂകം
മനസ്സില്‍ കരഞ്ഞും തിരുത്തിയും
പാതി നിര്‍ത്തി പറഞ്ഞതത്രയും
നിന്നോടായിരുന്നുവെന്നു തിരിച്ചറിഞ്ഞ
നിമിഷം തൊട്ടു പേനത്തുമ്പിലൂടെ
നിന്‍റെ മുഖവും മനസ്സും അഭയമായി
എന്നില്‍ പതിയുമ്പോള്‍ അറിയുക
നിന്നെ ഞാന്‍ സ്നേഹിക്കുന്നു