Friday, March 11, 2011

പുനര്‍ജ്ജനി

മഴ നനഞ്ഞ വാക്കുകളെ
കടവിലുപേക്ഷിച്ചു നാം
പുഴ മറികടക്കുമ്പോഴും
കളിവിളക്കുകള്‍
കളമൊഴിയുമ്പോഴും
അകപ്പൊരുളുകള്‍
പതിരാകുമ്പോഴും
പൊഴിയുകയില്ലിനി
നീലക്കടമ്പിന്‍റെ
പൂപോലെ അലിവാര്‍ന്ന
സ്വരം, ഇടറിവീഴില്ല
കിനാത്തുണ്ടിന്റെ
തേന്‍ചിന്തുകള്‍.


മറവി തടവിലാക്കിയ
ഒരു തുരുത്തില്‍ നമ്മള്‍
അകപ്പെട്ടു തീരാവ്യഥകള്‍
അതിരില്ലാതെ പാഞ്ഞോടു
ങ്ങുമ്പോഴും മൗനങ്ങളില്‍
ഒരു കിളി ചിറകടിച്ചുയരുമ്പോഴും
മുറുകിയ ഹൃദയതന്ത്രികളില്‍
വിരലറ്റ തേങ്ങലുകള്‍
പരലുകളാകുമ്പോഴും
തുളുമ്പില്ല മിഴിയിതള്‍
ത്തുമ്പില്‍ നിന്നിത്തിരിപ്പോലും
കണ്ണീര്‍പ്പൊടിപ്പുകള്‍

3 comments:

Unknown said...

തുളുമ്പില്ല മിഴിയിതള്‍
ത്തുമ്പില്‍ നിന്നിത്തിരിപ്പോലും
കണ്ണീര്‍പ്പൊടിപ്പുകള്‍ ....

വികാരങ്ങളില്ല്ലാത്ത, കണ്ണുനീരിന്റെ ആർദ്രത ഇല്ലാത്ത,നിർജ്ജീവമായ ഒരു അവസ്ഥയിലേക്കു വഴുതി വീഴാൻആർക്കും സാധ്യമാവില്ല.അത്ര കാഠിന്യം ശരിക്കും മനസ്സിൽ ഉണ്ടോ? വിശ്വസിക്കാൻ കഴീയില്ല.ഈ മിഴിപ്പൂക്കൾ ഈറൻ അണിയുന്നതാണു സൌകുമാര്യം...

new said...

ഓരോ വരികളും മനസിനെ തട്ടി മുറിപ്പെടുത്തി കടന്നു പോയി , ഒരല്പ നേരം പിറകിലേക്ക് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചതിന് നന്ദി ...... ആശംസകള്‍

താമരപൊയ്‌ക said...

നന്നായിട്ടുണ്ട്, നന്മകള്‍ നേരുന്നു