Wednesday, September 18, 2013

വെയില്‍മരങ്ങള്‍ക്കിടയില്‍ മഴ പെയ്യുമ്പോള്‍

വെയില്‍മരങ്ങള്‍ക്കിടയില്‍
മഴ പെയ്യുമ്പോള്‍
അവിടെ നമ്മുടെ സൗഹൃദത്തിന്റെ 
തുമ്പികള്‍ പാറി കളിക്കുകയില്ല
പകരം മിഴിപൂട്ടിയ
ഒരു മൗനം മാത്രം വിതുമ്പി നില്‍ക്കും


കിളികള്‍ കൂട് വെടിഞ്ഞ
ഒരു ചീന്ത്  ആകാശം
കൊടും വെറുപ്പിന്റെ   ഒരു പകല്‍
ഈണം വാര്‍ന്നു പോയ ഒരു പാട്ട്
ആരോടും കലമ്പല്‍ കൂട്ടാത്ത ഒരു കാറ്റ്


സ്നേഹം വറ്റിപോയ ഒരു കടല്‍
പകയുടെ കനല്‍ വാര്‍ത്ത കണ്ണുകള്‍
തിരിച്ചു വരാതെ പുറപ്പെട്ടു
പോയ  ഒരേയൊരു വാക്ക്

വേനലില്‍ പൊട്ടിപിളര്‍ന്ന
പ്രണയത്തിന്റെ   ഒരു പാത്രം
വേരുകള്‍ക്കിടയില്‍  കുരുങ്ങിയ ഒരു കരച്ചില്‍
കാഴ്ച മങ്ങിയ   ഒരു ഇല


ശിശിരത്തിന്റെ  അല  കടഞ്ഞെടുത്ത
ഒരു നിശ്വാസം വെയില്‍മരങ്ങളില്‍
ജ്വലയാകുമ്പോള്‍  തനിയെ ഒരു കുട നിവരുന്നു

5 comments:

ajith said...

കുട ചൂടാമല്ലോ

സൗഗന്ധികം said...

കുളിർമഞ്ഞിൻ വെള്ളി മന്ദാരക്കുട..

നല്ല കവിത

ശുഭാശംസകൾ....

Manoj Vellanad said...

നല്ല കവിത

Aarsha Abhilash said...

വിട്ടു പോയ ഒരേ ഒരു വാക്ക്!! അതെന്താകാം?

നിയോമാന്‍...ന്യൂമാന്‍...നോമാന്‍... said...

നിരാശയുടെ ചീന്തു കൊണ്ടുണ്ടാക്കിയ കവിത…
പകയില് വാറ്റി, വാശി കൊണ്ടു വീശി
പൊലിപ്പിച്ചെടുത്തിരിക്കുന്നു.
പ്രത്യാശയുടെ വാക്കുകളും വരികളും എന്നാണിനി
ആ തൂലികയില് നിന്നും ഉറവെടുക്കുക ?