Tuesday, July 3, 2012

നിന്നെ പിരിയാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല

നിന്നെ പിരിയാന്‍ ഒരിക്കലും
ഞാനാഗ്രഹിച്ചിരുന്നില്ല
പക്ഷേ നീയിടയ്ക്കിടെ
കളിയായോ കാര്യമായോ
എന്നെ മറന്നു പോകുന്നു
എന്നു പറയുന്നത്
സഹിക്കാനും എനിക്ക്
കഴിയുമായിരുന്നില്ല


നിന്നെ പിരിഞ്ഞപ്പോഴാണ്
കരയ്ക്കിട്ട മത്സ്യം പോലെ
എന്‍റെ ഹൃദയം ഓരോ നിമിഷവും
പിടഞ്ഞു കൊണ്ടിരിക്കുന്നത്
ഞാന്‍ തിരിച്ചറിഞ്ഞത്.


നേരം പുലരുമ്പോഴും
ഇരുളുമ്പോഴും
നിന്നെ വിളിക്കാന്‍ പല
തവണ ഫോണില്‍
വിരലുകളമര്‍ത്തി
ഞാന്‍ പിന്തിരിഞ്ഞത്
പരിഭവമോ കലഹമോ
നിറയുന്ന ഒരു വാക്ക്
നിന്നില്‍ നിന്നും വീണുപോയാല്‍
താങ്ങാന്‍ കരുത്തില്ലാതെയായിരുന്നു.


നിനക്കറിയാം നിന്നെ
പിരിഞ്ഞു എനിക്ക് ജീവിക്കാന്‍
കഴിയില്ലെന്നും നിന്റെ ഓര്‍മ്മകളില്‍
എത്രത്തോളം ഞാന്‍ വേദനിക്കുമെന്നും
എന്നാലും എന്റെയും നിന്റെയും
വാശി നമ്മെ വീണ്ടും വീണ്ടും
കൊടിയ നൊമ്പരങ്ങളിലേക്കും
അകലങ്ങളിലേക്കും
വലിച്ചിഴയ്ക്കുകയാണ്


നീയും ജയിക്കില്ല
ഞാനും ജയിക്കില്ല
നമ്മള്‍ രണ്ടുപേരും
ഒരുപോലെ ഉരുകുകയാണ്
ഒരുപോലെ സ്നേഹിക്കുകയാണ്
അകന്നന്നു പോകുമ്പോഴും
നിന്നെ വെറുക്കാന്‍
നിന്നെ സ്നേഹിക്കാതിരിക്കാന്‍
എനിക്ക് കഴിയുകയില്ല
അത്രത്തോളം നിന്നെ ഞാനും
നീ എന്നെയും സ്നേഹിക്കുന്നുണ്ട്.
എങ്കിലും നമ്മള്‍ അകന്നു പോവുകയാണ്
ഈ സ്നേഹം മരണം വരെ പിന്തുടരുന്ന
ഒരു വേദനയാവുകയാണ്

4 comments:

CMR said...

തീഷ്ണമാം വരികള്‍, നന്നായിരിക്കുന്നു, പ്രണയത്തില്‍ കോംബ്രമൈസ് ചെയ്തു രണ്ടു പേര്‍ക്കും കൂടി ഒരുമിച്ചു ജയിക്കാന്‍ കഴിയട്ടെ അല്ലെ?
" പ്രണയമേ ഞാന്‍ കരയുമ്പോള്‍ ചിരി തൂകി നീ മറയുന്നു,
വെയിലേറ്റു ഞാന്‍ വാടുമ്പോള്‍ കുളിരേറ്റു നീ വിരിയുന്നു,
ഒരു മഹാ ദുഃഖം നല്കാന്‍ ഞാന്‍ എന്തപരാധം ചെയ്തു, "

Neelima said...
This comment has been removed by the author.
Neelima said...

ഹോ എന്റെ മനസ്സാണ് ഇവിടെ വരച്ചിട്ടിരിക്കുന്നത് .എങ്ങനെ എന്റെ മനസ്സ് കണ്ടു എന്ന് അത്ഭുതപ്പെട്ടു പോയി.ഇഷ്ട്ടായി ഒരുപാട്.

PK said...
This comment has been removed by a blog administrator.