Sunday, July 7, 2013

ഒരു കവിത ഇടവഴിയിലെവിടെയോ പതുങ്ങി നില്‍പ്പുണ്ട്

ഒരു കവിത ഇടവഴിയിലെവിടെയോ
പതുങ്ങി നില്‍പ്പുണ്ട് 
തലേന്ന് രാത്രി നിലാവ് 
പടര്‍ന്ന വഴികള്‍ താണ്ടി 
ഞാന്‍ നടന്നു പോകുമ്പോഴും 
ചെറിയൊരു പരിഭവം കണ്ണില്‍ 
നിറച്ച് അവിടെ തന്നെയുണ്ടായിരുന്നു.


നെഞ്ചോട്‌ ചേര്‍ത്ത് പുണര്‍ന്നാല്‍ 
മഞ്ഞു പോലെ നീ അലിയുമായിരുന്നു 
പക്ഷേ  ആ നേരത്ത് എനിക്കും
നിനക്കുമിടയില്‍ ഒരു കടല്‍ദൂരം 
ബാക്കിയുണ്ടായിരുന്നു.


പുലര്‍ച്ചെ നേര്‍ത്ത വെട്ടത്തില്‍ 
ഞാന്‍ ഇടവഴിയിലേക്ക് 
ഉറ്റുനോക്കികൊണ്ടിരിക്കുമ്പോള്‍ 
നീ പടിക്കലോളം വന്ന് 
എന്‍റെ കണ്ണുകളിലെ 
ശൂന്യത കണ്ടു തിരികെ പോയി. 


സായന്തനത്തില്‍  അവന്‍റെ 
പ്രണയാര്‍ദ്രമായ കണ്ണുകള്‍ 
കണ്ടപ്പോള്‍ വീണ്ടും ഞാന്‍ 
ഒരു മിന്നല്‍ പോലെ 
നിന്നെയോര്‍ത്തെങ്കിലും 
എനിക്കും നിനക്കുമിടയില്‍ 
പിന്നെയും ഒരു പെരുമഴക്കാലം 
പെയ്തു കൊണ്ടേയിരുന്നു.



ഇപ്പോള്‍ ഞാനെന്‍റെ വിരലുകള്‍ 
നിനക്കു നേരെ നീട്ടിയിരിക്കുന്നു 
വേണമെങ്കില്‍ നിനക്കതില്‍ 
നിന്‍റെ വിരലുകള്‍ കോര്‍ക്കാം 
അധരങ്ങള്‍ മെല്ലെയമര്‍ത്തി 
ചെറുതായൊന്നു ചുംബിക്കാം 
പക്ഷേ കൈകളില്‍ ചുവന്ന 
പനിനീര്‍ പൂക്കളുമേന്തി 
നിനക്ക് മുമ്പില്‍ മുട്ടുകുത്തി 
നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് 
ഞാന്‍ പറയുമെന്ന് മാത്രം 
നീ പ്രതീക്ഷിക്കരുത്.


നമുക്കിരുവര്‍ക്കുമിടയില്‍ 
ഇപ്പോഴും  ചുട്ടു പൊള്ളിക്കുന്ന 
ഒരു വേനല്‍  കത്തിനില്‍ക്കുന്നുണ്ട് 

12 comments:

ajith said...

പതുങ്ങിനില്‍ക്കുന്ന കവിതയോ?
പുറത്തേക്ക് വാ ധൈര്യമുണ്ടെങ്കില്‍!!!

Unknown said...

മനസ്സിലിരുപ്പു കൊള്ളാം.

നന്നായിട്ടുണ്ടു ആശംസകള്‍.........

mary lilly said...
This comment has been removed by the author.
കീയക്കുട്ടി said...

നെഞ്ചോട്‌ ചേര്‍ത്ത് പുണര്‍ന്നാല്‍
മഞ്ഞു പോലെ നീ അലിയുമായിരുന്നു
പക്ഷേ ആ നേരത്ത് എനിക്കും
നിനക്കുമിടയില്‍ ഒരു കടല്‍ദൂരം
ബാക്കിയുണ്ടായിരുന്നു.!!!

നല്ല വരികൾ !


ബൈജു മണിയങ്കാല said...

ചില കവിതകൾക്ക് മുമ്പിൽ വായന വെറും ശിശു

അറിയാത്ത എന്തെല്ലാം കാര്യങ്ങൾ ഭൂമിയിൽ നടക്കുന്നു

അജിത്‌ ഭായ് അജിത്‌ ഭായ് യുടെ കമന്റ്‌ എനിക്ക് പൊതു പൊതാ ബോധിച്ചു

കവിതയ്ക്ക് കവിക്ക്‌ ആശംസകൾ

Aneesh chandran said...

ആ വേനലില്‍ ഒരു മഴ അതു കവിത...

Unknown said...


നല്ല കവിത. പക്ഷെ ആ ഫോണ്ട് അഞ്ജലി ഓൾഡ് ലിപി ആക്കിയാൽ വായിക്കാൻ ഒരു സുഖം തോന്നും..എല്ലാ ചില്ലംഷരങ്ങളും വെർപെട്ടു കിടക്കുന്നു.ശ്രദ്ധിക്കുമല്ലൊ!

AnuRaj.Ks said...

കവിത ഇടവഴിയില്‍ മാത്രമല്ല തൂണിലും തുരുമ്പിലും, വാക്കിലും, നോക്കിലുമുണ്ട്. അവളെക്കൂടി കണ്ടെത്തുക

സൗഗന്ധികം said...

വെയിലും,മഴയും കൊള്ളാതെ നിൽക്കാൻ പാവത്തിന് ഒരു കുടയെങ്കിലും കൊടുക്കൂ.

നല്ല കവിത.വരികൾ.

ശുഭാശംസകൾ....

esayvinod said...

true love must be uncontitional. yes i love it

mary lilly said...

കവിത വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി... :)

നിയോമാന്‍...ന്യൂമാന്‍...നോമാന്‍... said...

ഇടവഴിയില്‍ പതുങ്ങിനില്‍ക്കുന്ന കവിത എന്തുകൊണ്ടാണ് ഒരു കടല്‍ ദൂരത്തില്‍ നില്‍ക്കുന്നത് ?

ഇന്നലെ ഇടവഴിയിലൂടെ നറുനിലാവില്‍ നടന്നു പോകുംബോള്‍ കണ്ണില്‍ പരിഭവം നിറച്ച് അവള്‍ എന്നെ നോക്കി നിന്നിട്ടും, നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നാല്‍ മഞ്ഞുപോലുരുകിപ്പോകാന്‍ സാധ്യതയുണ്ടായിരുന്ന അവള്‍ കടല്‍ ദൂരം നീന്തി എന്തേ അടുത്തുവ്ന്നില്ല?



സായന്തനത്തില്‍ കാമുകന്റെ കണ്ണുകളിലെ തിരയിളക്കത്തില്‍ തലേന്ന് പതുങ്ങിനിന്ന കവിതയുടെ നിറകണ്ണുകള്‍ മിന്നായം പോലെ കണ്ടെങ്കിലും, കടല്‍ ദൂരത്തില്‍ നിന്നും ഒരു പെരുമഴയുടെ ദൂരത്തിലേക്കടുത്തു വന്നെങ്കിലും, മാറോടു ചേര്‍ക്കാവുന്ന അടുപ്പത്തിലേക്ക് അവള്‍ വഴങ്ങാതെ നിന്നതെന്തുകൊണ്ടാണ്?



ഒടുവിലുത്തരം കണ്ടെത്തി!

ഞാന്‍ അവള്‍ക്കു നേരേ കൈകള്‍ നീട്ടി, വേണമെങ്കില്‍ തൊട്ടോ എന്ന ഭാവത്തില്‍.

പിന്നെ പറഞ്ഞതോ, കൈകളില്‍ പൂച്ചെണ്ടുമായി നിന്റെ മുമ്പില്‍ മുട്ടുകുത്തി നില്‍ക്കുമെന്നൊന്നും ഞാന്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും വേണ്ടെന്ന്!

അതുകേട്ട് ചുട്ടുപൊള്ളുന്ന ഒരു വേനലിന്റെ അകലത്തിലേക്കവള്‍ പിണങ്ങിപ്പോയി!

അപ്പോഴാദ്യമായി എനിക്കു മനസ്സിലായി, എന്തു കൊണ്ടാണവള്‍ പതുങ്ങി നിന്നുകളഞ്ഞതെന്ന്, കടല്‍ ദൂരവും പെരുമഴദൂരവും ഞങ്ങള്‍ക്കിടയില്‍ നിലനിന്നതെന്തുകൊണ്ടെന്ന്.
എന്റെ ശൂന്യമായ നോട്ടം, എന്റെ നിരാസഭാവം, പൂച്ചെണ്ടുമായി ഞാന്‍ വരവേല്‍ക്കില്ലെന്നും അവള്‍ക്കു മുമ്പില്‍ മുട്ടുകുത്തില്ലെന്നുമുള്ള അഹന്ത-അതാണ് അവള്‍ക്കും എനിക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കിയത്!

ഒരു സ്വീകാരഭാവം, സ്നേഹം നിറഞ്ഞ ഒരു നോട്ടം, മുന്നോട്ടു ചെന്ന് അവളെ ആനയിച്ചുകൊണ്ടുവരാനുള്ള ഹ്രിദയവിശാലത-അതൊക്കെയായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നത്! അവള്‍ക്ക് വരാനാവുന്നിടത്തോളം അവള്‍ വന്നു, പിന്നെയുള്ള ചുവടുവയ്പ് എന്റെ ഭാഗത്തു നിന്നും വേണ്ടിയിരുന്നു.

എന്റെ സ്വാഗതമില്ലാത്തതുകൊണ്ടാണ് അവള്‍ക്ക് എനിക്കു മുമ്പില്‍ പ്രത്യക്ഷപ്പെടാനാവാത്തതെന്ന് ഇന്നു ഞാന്‍ ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു.