Wednesday, March 13, 2013

അപഥസഞ്ചാരം


ഞാനവനോട് പറഞ്ഞു 
സ്നേഹം ഒരിക്കലും 
ഒന്നും നിരാകരിക്കുന്നില്ല 
കൈകളിലെ  പൊടിമണല്‍ 
ചെറുതായി ഊതി പറപ്പിച്ചു
തിരകള്‍ക്കു മീതെ നിന്നും 
കണ്ണുകള്‍ അടര്‍ത്തി 
അവന്‍ എനിക്ക് നേരെ തിരിഞ്ഞു 



നീയിനി  സ്നേഹത്തെ 
കവിതകളില്‍ നിന്നും 
അകറ്റി നിര്‍ത്തുക  
പ്രണയത്തെ പടിക്കു പുറത്താക്കൂ 
എന്നിട്ട് നീയൊരു 
അപഥസഞ്ചാരിണിയാകൂ 



കവിതകളുടെ വേറിട്ട 
വഴികളിലൂടെ കയറിയിറങ്ങുന്ന 
ഒരു അപഥസഞ്ചാരിണി
ഭരണസിരാ  കേന്ദ്രങ്ങളുടെ 
ഇടനാഴികകളിലൂടെ 
ചുവന്ന തെരുവുകളിലൂടെ 
കുട്ടികളുടെ കരച്ചിലുകള്‍ 
ഒടുങ്ങാത്ത വീഥികളിലൂടെ 
നീയിനി നടക്കുക.


അല്ലെങ്കില്‍ പൊങ്ങച്ചക്കാരായ 
സ്ത്രീകളെ പോലെ 
പാവയ്ക്ക വട്ടത്തില്‍ 
അരിയുന്നതിനെക്കുറിച്ചും 
വെണ്ടയ്ക്കാ വിരലുകളില്‍ 
നഖങ്ങള്‍ നീട്ടി 
വളര്‍ത്തുന്നതിനെക്കുറിച്ചും 
ചുണ്ടുകളില്‍ ചായം 
പുരട്ടുന്നതിനെക്കുറിച്ചും 
അതുമല്ലെങ്കില്‍  
കുട്ടികളുടെ ട്യൂഷന്‍ ടീച്ചറുടെ 
പിന്നാമ്പുറം 
മുഴുവന്‍ തുറന്നു കാണിക്കുന്ന
വേഷങ്ങളെക്കുറിച്ചും 
കവിതകളെഴുതുക.



നിന്‍റെ അധരങ്ങള്‍ 
എന്‍റെ അധരങ്ങളില്‍ 
അമരുമ്പോള്‍ 
ഏഴു കടലാഴങ്ങളുടെ 
തണുപ്പില്‍ ഞാന്‍ വീണുപോകുന്ന 
കാഴ്ചകള്‍ നീയിനി എഴുതരുത്.
അതെനിക്ക്   മാത്രം ഹൃദയംകൊണ്ടു 
വായിക്കാനുള്ള അക്ഷരങ്ങളാകട്ടെ.



നിന്‍റെ കവിതകള്‍ക്ക് 
കാത്തിരിക്കുന്നവര്‍ക്കായി 
നീയൊരു  അപഥസഞ്ചാരിണിയാകൂ 
എന്നിലേക്ക്‌ നടന്ന് 
നടന്നു തളര്‍ന്നു പോകുന്ന 
എന്‍റെ  മാത്രം  അപഥസഞ്ചാരിണി


3 comments:

സൗഗന്ധികം said...

വേറിട്ട കവിത തന്നെ.

ശുഭാശംസകൾ....

പാവപ്പെട്ടവൻ said...

കവിതകളുടെ വേറിട്ട വഴികളിലൂടെ കയറിയിറങ്ങുന്ന ഒരു അപഥസഞ്ചാരിണി

കവിതകളുടെ വേറിട്ടവഴികളിലൂടെ സഞ്ചരിക്കു പക്ഷേ ഒരു അപഥസഞ്ചാരിണി ആകണ്ട. എഴുതുന്ന ഒരാൾക്ക് എഴുതാനുള്ള ഊർജ്ജം അവന്റെ ചുറ്റുപാടുകളിൽ നിന്നു തന്നെകിട്ടും അതിനൊരു വേറിട്ട വഴിതിരഞ്ഞെടുത്താലും മനസ്സ് എഴുതാൻ പാകമാകണമെന്നില്ല.
നല്ല വാക്കുകൾ

ഭ്രാന്തന്‍ ( അംജത് ) said...

നല്ലൊരു കവിതയ്ക്ക് ആകെ രണ്ടു കമന്റ്‌.....,,, കഷ്ടം... പ്രണയവും മഴയും അന്യം നിന്നുപോയ കവിത ആയതിനാല്‍ ആകാം ...