Monday, July 15, 2013

കൊടും വേനലിന്റെ ഒരു മഴ

നിന്നെ പ്രണയിക്കുമ്പോള്‍ 
ഞാന്‍ കരുതിയിരുന്നത് 
ഏകാന്തത മുറിവേറ്റ 
ഒരു മൃഗത്തെ പോലെ 
ന്റെ ഹൃദയത്തിന്റെ  
ചിതല്‍ ചിത്രം വരച്ച വാതിലും 
കടന്ന് എന്നേക്കുമായി 
പാഞ്ഞു പോകുമെന്നാണ്.

പക്ഷേ വക്ക് പൊട്ടിയ 
വാക്കുകള്‍ കൊണ്ട് 
സംസാരിക്കുമ്പോള്‍ 
പരിക്ക് പറ്റിയാലെന്നവിധം 
നമുക്കിടയില്‍
നിശബ്ദത മഞ്ഞു മൂടിയ 
ഒരു തടാകമായി

നിന്നെ പ്രണയിച്ചതിനേക്കാള്‍ 
തീവ്രതയോടെ പിരിഞ്ഞു 
പോകണമെന്ന് 
ഞാനാഗ്രഹിച്ചത് അപ്പോഴാണ്.
അകലും മുമ്പ് എന്റെ ഹൃദയം 
കഠിനമാക്കേണ്ടതുണ്ടായിരുന്നു

നമ്മള്‍ ഉപയോഗിക്കാതെ 
കരുതി വച്ച വക്ക് പൊട്ടിയ 
ഓരോ വാക്കുകള്‍ കൊണ്ടും 
നിന്റെ ഹൃദയത്തില്‍ 
ആഴത്തില്‍ മുറിവേല്‍പ്പിക്കുമ്പോള്‍ 
ഞാനെന്റെ മനസ്സ്  
പാറക്കഷണം പോലെ 
മൂര്‍ച്ച കൂട്ടികൊണ്ടിരുന്നതും  
മിഴികള്‍ നിറയുന്നതും  
നീ അറിയരുതെന്നുണ്ടായിരുന്നു.

ഇനിയൊരിക്കലും ഏകാന്തതയെ 
പടിയടച്ചു പിണ്ഡം വയ്ക്കാതിരിക്കാന്‍ 
കൊടും വേനലിന്‍റെ ഒരു മഴ 
ഞാനൊറ്റയ്ക്ക്  നനയേണ്ടതുണ്ട്  

8 comments:

Aneesh chandran said...

ഒളിച്ചോടുക, ഒറ്റയ്ക്കാവുക,മഴയില്‍ നനയുക .വീണ്ടും പലതിലേക്കും ഇറങ്ങിച്ചെല്ലുക.

Kalavallabhan said...

"വക്ക് പൊട്ടിയ
വാക്കുകള്‍ കൊണ്ട്
സംസാരിക്കുമ്പോള്‍..."

AnuRaj.Ks said...

aruthu,,,anganeyonnum chinthikkaruthu

ajith said...

മുറിപ്പെടുത്താതെ......

സൗഗന്ധികം said...

മുറിവേറ്റ മൃഗത്തെപ്പോലെ പായുന്ന ഏകാന്തത..! നല്ല കല്പന. കവിതയും.

ശുഭാശംസകൾ...

esayvinod said...

know that you are alone
in the lonleiness
so live and love in the lonleiness
by heart with you............

esayvinod said...

besides all are alone
ever and then

നിയോമാന്‍...ന്യൂമാന്‍...നോമാന്‍... said...

പ്രതീക്ഷ നിരാശയായി മാറുംബോള് സ്നേഹം വെറുപ്പാകും.
പിന്നെ കനിവും കരുണയുമില്ല,
പുകയുന്ന പകയും പ്രതികാരവാഞ്ചയും മാത്രം.

“ഞാനെന്റെ മനസ്സ്
പാറക്കഷണം പോലെ
മൂര്‍ച്ച കൂട്ടികൊണ്ടിരുന്നതും….”

മനസ്സ് പാറക്കഷണം തന്നെയാണ്, അതിന്റെ കോന്തലകള്‍ക്ക് അല്പം മൂറ്ച്ച കൂട്ടിക്കൊടുക്കുകയേ വേണ്ടൂ.

“മിഴികള്‍ നിറയുന്നതും
നീ അറിയരുതെന്നുണ്ടായിരുന്നു.“

അതാണ് ഹ്രിദയം. അതു നമ്മള് മറച്ചുപിടിക്കും, പാറക്കഷണത്തിന്റെ മൂറ്ച്ച പരീക്ഷിക്കുകയും ചെയ്യും.

“ഇനിയൊരിക്കലും ഏകാന്തതയെ
പടിയടച്ചു പിണ്ഡം വയ്ക്കാതിരിക്കാന്‍
കൊടും വേനലിന്‍റെ ഒരു മഴ
ഞാനൊറ്റയ്ക്ക് നനയേണ്ടതുണ്ട്.”

തീരുമാനം എടുത്തു കഴിഞ്ഞു! ഇനി ദൈവം വിചാരിച്ചാലും എന്നെ മാറ്റാനാകില്ല. ഞാനൊറ്റയ്ക്ക് തന്നെ ഏകാന്തതയുടെയും വിരഹത്തിന്റെയും മഴ നനയുകയും ചെയ്യും.
ഈ പിടിവാശി തന്നെയാണ് തുടറ്ന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമെങ്കിലും
നീയാണ് അതിന്റെ കാരണമെന്നു പറയാനാണെന്നിക്കിഷ്ടം!