Friday, September 14, 2012

ഒരു പൂക്കൂടയ്ക്കും പറയാന്‍ കഴിയാത്തത്

പൂക്കൂട കൈമാറുമ്പോള്‍
നീ പറഞ്ഞിരുന്നു
ആ പൂക്കളില്‍ പ്രണയത്തോടെ
മുഖം ചേര്‍ക്കാന്‍ മറന്നു പോകരുതെന്ന്.
അതില്‍ നിറയെ
നിന്റെ ചുംബനങ്ങള്‍ ഉണ്ടായിരുന്നു.


ഇണക്കിളികള്‍
കൊക്കില്‍ കൊക്കുരുമ്മിയ
ആശംസാ കാര്‍ഡില്‍
നിന്റെ സ്നേഹത്തിന്‍റെ ഉപ്പും
വിയര്‍പ്പും ഉണ്ടെന്ന്‌
നൂറ്റൊന്നു തവണ മന്ത്രാക്ഷരികള്‍
ഉരുവിടുന്നതുപോലെ
നിന്നെ ഞാന്‍ സ്നേഹിക്കുന്നു
എന്നുറക്കെ പറഞ്ഞു
അതില്‍ എത്രയോ തവണ
എനിക്കുള്ള ചുംബനങ്ങള്‍
നീ അടക്കം ചെയ്തിരുന്നു



എന്നിട്ടും നിന്റെ പൂക്കുടയിലെ
പ്രണയം ചുംബനങ്ങള്‍
നൂറ്റൊന്നു മന്ത്രാക്ഷരികള്‍
ഒന്നും സ്പര്‍ശിക്കാതെ
ഞാന്‍ ചവറ്റുക്കൊട്ടയിലെറിഞ്ഞു



അന്നെന്റെ ഹൃദയം നിന്റെ
പ്രണയത്തോട് മുഖം തിരിച്ചിരുന്നു
കണ്ണീര്‍ നിറഞ്ഞ നിന്റെ
ഒടുവിലത്തെ ആഴമുള്ള നോട്ടം
വിട്ടു പോകരുതെന്ന് കേണു
നീയെന്റെ വിരലുകളില്‍
കൈനീട്ടി പിടിച്ചത്


ഈ കാലത്തും ഇതുപോലൊരു
പ്രണയമോ എന്ന് നീ
അതിശയിപ്പിച്ചത്
കൗമാരകാലത്തേക്ക്
മനസ്സിനെ മടക്കി കൊണ്ടു പോയിരുന്നത്
നിന്റെ ഈ സ്നേഹം തന്നെയായിരുന്നുവെന്നു
ഞാന്‍ തിരിച്ചറിയുകയാണ്



വൃന്ദാവനത്തില്‍ നിന്നും വേര്‍പെട്ടു പോയ
രാധയും കൃഷ്ണനും നമ്മളായിരുന്നു
അകം നിറഞ്ഞിട്ടും അകന്നു പോയവര്‍
ദൂരങ്ങള്‍ താണ്ടുമ്പോഴും ആഴിയില്‍ ഉഴറിയവര്‍
എന്‍റെ രാധേ എന്ന് നീ കേഴുമ്പോള്‍
ഇനിയുമെങ്ങനെ ഞാന്‍ വിളി കേള്‍ക്കാതിരിക്കും?

5 comments:

Unknown said...

പ്രണയത്തിനു കാലമോ പ്രായമോഇല്ല
മനസ്സു എന്നും തളിര്‍ത്തു കൊണ്ടിരിക്കും
അതില്‍ പ്രണയം എന്നും മൊട്ടിട്ടു പൂവായ്
സുഗന്ധം പരത്തും,ഒരു പൂക്കൂടയായും...!


ആശംസകള്‍....

Unknown said...

നന്നായി ഈ പ്രണയത്തിന്റെ തണുപ്പ്
ആശംസകള്‍
http://admadalangal.blogspot.com/

Unknown said...

പ്രണയം പുവില്‍ വിരിയുന്നതാണ്

Unknown said...

പ്രണയം പുവില്‍ വിരിയുന്നതാണ്

anupama said...

പ്രിയപ്പെട്ട കൂട്ടുകാരി,

എത്ര മനോഹരം, ഈ പ്രണയ വിചാരങ്ങള്‍ !

ഒരു പുഷ്പം പോലെ, സൌമ്യം,ദീപ്തം !

അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനു