Saturday, August 3, 2013

ജന്മജന്മാന്തരങ്ങൾ

മുമ്പ് നമുക്കിടയിൽ ഒരു കടൽ 
ദൂരമുണ്ടായിരുന്നു. 
ഇപ്പോൾ  ഒരു ഹൃദയത്തിൽ നിന്നും 
മറുഹൃദയത്തിലേക്കു
താമരനൂലിഴയുടെ
നേർത്ത അകലം മാത്രം 


മുപ്പതു സംവത്സരങ്ങളോളം 
തമ്മിൽ കാണാതെ പോയ 
കാലത്തിനു പകരമായി 
ബഷീറിന്റെ മതിലുകൾ പോലെ 
ഒരു ചുമരിനപ്പുറവും
ഇപ്പുറവും നിന്നു 
പരസ്പരം സംസാരിക്കാൻ 
കഴിഞ്ഞെങ്കിലെന്നു 
നീയാഗ്രഹിച്ചിരുന്നു. 


പക്ഷെ കൗമാരത്തിൽ 
നീ പറയാൻ മടിച്ച 
എന്നോടുള്ള പ്രണയം 
വിടർന്ന നമ്മുടെ സ്വപ്ന ഭൂമിയിൽ 
വച്ചായിരിക്കണം 
കാൽ നൂറ്റാണ്ടു കഴിഞ്ഞു 
നീ തുറന്നു വിട്ട പ്രണയത്തെ 
വീണ്ടും ഞാനറിയാൻ. 

അന്നു വഴിവക്കിൽ കാത്തുകാത്തു 
നിന്നിരുന്ന നിന്റെ കണ്ണുകൾ 
ഞാൻ കണ്ടിരുന്നില്ല 
അകന്നകന്നു പോകുമ്പോൾ 
ഹൃദയം പൊട്ടിയ 
നിന്റെ കരച്ചിലും  കേട്ടിരുന്നില്ല. 
ഇനി എനിക്കു നിന്റെ ചിരിക്കുന്ന 
കണ്ണുകൾ  കാണണം 
തിരിച്ചറിയാതെ പോയ 
നിന്റെ പ്രണയമൊക്കെയും 
അതിനേക്കാൾ പതിന്മടങ്ങായി 
പകുത്തു നൽകണം 


നീ എനിക്കുവേണ്ടി കാത്തു വച്ചത് 
കാൽ നൂറ്റാണ്ടു പിന്നിട്ട 
പ്രണയമാണെങ്കിൽ 
ഞാൻ നിനക്കു വാഗ്ദാനം ചെയ്യുന്നത് 
ഈ ജന്മം മാത്രമല്ല 
വരും ജന്മങ്ങളിലെയും  
എന്റെ പ്രണയവും ജീവിതവുമാണ്
നിനക്കുവേണ്ടി മാത്രം 
പിറക്കാനാഗ്രഹിക്കുന്ന 
ജന്മജന്മാന്തരങ്ങൾ.

6 comments:

ajith said...

കാല്‍നൂറ്റാണ്ടും ജന്‍മാന്തരങ്ങളും.
ചെറിയ വില.വലിയ ലാഭം

സൗഗന്ധികം said...

വർത്തമാനവും,ഭാവിയും കൂടി പെയ്തു നിറയുമ്പോൾ പൊയ്പ്പോയ കാലത്തിൻ തട്ടുയർന്നു തന്ന നിൽക്കേണ്ടി വരും.
പ്രിയ ജോസഫ്,നീയിതൊന്നും കാണുന്നില്ലേ..?ഹ..ഹ..ഹ..

നല്ല കവിത

ശുഭാശംസകൾ...

Aneesh chandran said...

കല്പാന്തകാലത്തോളം

esayvinod said...

വര്‍ത്തമാനകാലത്തില്‍ പ്രണയിക്കാന്‍ മറന്നുപോയെങ്കില്‍
കാതിരിപ്പല്ലാതെ..... ജെന്മാന്തരങ്ങള്‍
അതെ കാത്തിരിക്കാം ...(.ഇഷ്ടപ്പെട്ടു )

Anonymous said...

ജന്മ ജന്മാന്തരങ്ങള്‍! അതെ ചിലരെങ്കിലും ഇങ്ങനെ പറഞ്ഞു ആശ്വസിക്കുന്നുണ്ടകാം :)

നിയോമാന്‍...ന്യൂമാന്‍...നോമാന്‍... said...

വൈകി വന്ന പ്രണയം, വരാതെ നിന്ന പ്രണയത്തേക്കാളും മെച്ചമാണ്.
മാത്രവുമല്ല, വൈകിപ്പോയതിന്റെ മുഴുവന് വിലയും ഒടുക്കാന് തയ്യാറുമാണ്.
അതുകൊണ്ടാണ്
“നീ എനിക്കുവേണ്ടി കാത്തു വച്ചത്
കാൽ നൂറ്റാണ്ടു പിന്നിട്ട
പ്രണയമാണെങ്കിൽ
ഞാൻ നിനക്കു വാഗ്ദാനം ചെയ്യുന്നത്
ഈ ജന്മം മാത്രമല്ല
വരും ജന്മങ്ങളിലെയും
എന്റെ പ്രണയവും ജീവിതവുമാണ്…”
എന്നു പറഞ്ഞു വയ്ക്കുന്നത്. തന്നെയുമല്ല ഇനിയുള്ള ജന്മജന്മാന്തരങ്ങള് “നിനക്കു വേണ്ടി മാത്രം ജനിക്കാന്“ ആഗ്രഹം പ്രകടിപ്പിക്കുന്നതിലൂടെ വൈകി വന്ന പ്രണയത്തിന്റെ ലഹരി എത്രമാത്രം തലയ്ക്കു പിടിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുകയാണ്. മറുവശത്ത് കാത്തിരിപ്പിന്റെ ലഹരി നുരയുന്നുണ്ടെങ്കില് ചേരുമ്പടിയായി!

നല്ല കവിത….പ്രണയം അന്ധമാണെന്ന് പറയുംബോള് അത് പ്രായോഗികതയെ തീരെ വില വ്യ്ക്കുന്നില്ലെന്നാണറ്ത്ഥം….പിന്നെല്ലാം ഹ്രിദയാനുസാരിയാണ്. ആ തലം വ്യക്തമാക്കുന്ന ഒരു ലഹരി നുരയുന്നുണ്ട് ഈ കവിതയില്.