Wednesday, February 10, 2010

മഴ തൊട്ട മണ്ണ്

വേര് പൊട്ടിയ കാറ്റില്‍ നിന്നും
തണുത്ത കാലൊച്ചകള്‍
അടുത്തടുത്തെത്തുമ്പോഴും
ഇടനെഞ്ചില്‍ കൂടുകൂട്ടിയ
വെറുപ്പിന്‍ കാര്‍മേഘങ്ങള്‍
ഉറക്കെ കരയുമ്പോഴും
ഇമകളടച്ചു ഞാന്‍
നിശ്ചലയായി ഇടവഴി
യിലിരിക്കയാണിപ്പോഴും.



അതവന്‍റെ കാലൊച്ചകള്‍
അതവന്‍റെ നിശ്വാസഗന്ധം
അവന്‍റെ ചുണ്ടിലെ
അതേ തണുത്തയുമ്മകള്‍
മിഴികളില്‍ നീര്‍ക്കണം
പൊടിഞ്ഞു നില്‍ക്കു
മോര്‍മ്മകള്‍ ചവര്‍ക്കുന്നു



തൊടരുതെന്നെ
നിന്‍ കിനാവള്ളികളാല്‍
അടുക്കരുതെന്നില്‍
കഥയില്ലാക്കഥ ചൊല്ലി
കേള്‍ക്കേണ്ടയിനിമേല്‍
മഴ തൊട്ട മണ്ണിന്‍
സുഗന്ധത്തിന്‍റെ പേര്.

13 comments:

Anil cheleri kumaran said...

വളരെ ഇഷ്ടപ്പെട്ടു.

മിര്‍സ said...

ഒരു പെണ്മനസ്സിലെ കാമത്തിന്റെ പോറലുകലേയും പോരാട്ടങളേയും വിരചിക്കുന്നു വരികളില്‍.. ...ഇഷ്ടമായി.
ഒരു short film ഉണ്ടാക്കവുന്ന visual images നാല്‍ സമ്പന്നമാണു ഈ കവിത.
തുടക്കത്തില്‍ വരികളില്‍ പാലിച്ച ആര്‍ജ്ജവം അവസാന രണ്ടുവരികളിലെത്തുമ്പോഴേക്കും വറ്റി പോകുന്നുണ്ട്‌.take care..
ഏതാണ്ട് ഒരേ ഭാവമാണു നിങളുടെ പല കവിതകള്‍ക്കും. സ്വയം അതില്‍ തളച്ചിടപ്പെടാന്‍ നിങല്‍ മോഹിക്കുന്നപോലെ....?

grkaviyoor said...
This comment has been removed by the author.
grkaviyoor said...

പുതു മണ്ണിന്‍ മണം മേറ്റ് കഴിയുവാന്‍ ഭാഗ്യമുള്ളവര്‍ മാത്രമേ ഇതിന്‍ സുഖം അറിവു പ്രവാസത്തു നിന്ന് ഇതുപോല നല്ല കവിതയിലുടെ അറിവതുള്ളൂ നന്ദി കവിയത്രിക്ക്

ഭ്രാന്തനച്ചൂസ് said...

തീഷ്ണതയുണ്ട് വരികളില്‍...

nissari said...

വളരെ ഇഷ്ടപ്പെട്ടു ..........വളരെ ...വളരെ

Anonymous said...

നിരാലംബയുടെ ജല്പനങ്ങൾ‌‌.. വഞ്ചിതയുടെ ആത്മരോഷവും..
കുറച്ചുവാക്കുകൾ‌ ഒരുപാട് സംവദിക്കുന്നുണ്ട്..
നന്നായി..
പിന്നെ മിർ‌സ പറഞ്ഞതുപോലെ അല്പം ശുഭപ്രതീക്ഷകളൊക്കെ ആവാം..

★ Shine said...

കവിത ആത്മാവിഷ്കാരമാണെങ്കിൽ വരികൾക്കു തീഷ്ണത ഉണ്ടാവും. ഈ കവിതക്കതുണ്ടെന്നു തോന്നി. കവിത വളരെ ഇഷ്ടപ്പെട്ടു. പക്ഷെ ജീവിതത്തെ അതിലേറെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനായതുകൊണ്ട്‌, "വേദനകളെ പിൻതള്ളി ജീവിതത്തിലേക്കു കുതികൊള്ളു" എന്നോർമ്മപ്പെടുത്തുന്നതാണെനിക്കിഷ്ടം.

Deepa Bijo Alexander said...

തൊടരുതെന്നെ
നിന്‍ കിനാവള്ളികളാല്‍
അടുക്കരുതെന്നില്‍
കഥയില്ലാക്കഥ ചൊല്ലി
കേള്‍ക്കേണ്ടയിനിമേല്‍
മഴ തൊട്ട മണ്ണിന്‍
സുഗന്ധത്തിന്‍റെ പേര്.

ഇഷ്ടമായി..ഈ വരികൾ....മേരി ലില്ലിയുടെ തന്നെ മറ്റൊരു കവിതയുടെ തുടർച്ചയായി തോന്നി..

mary lilly said...

കൈവെള്ള സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി.

മിര്‍സ,
രതീഷ്‌,
ഷൈന്‍
നിര്‍ദ്ദേശങ്ങളെ ഉള്‍ക്കൊള്ളുന്നു.

pournami said...

nice one..words r really touching..

പാവപ്പെട്ടവൻ said...

അതവന്‍റെ കാലൊച്ചകള്‍
അതവന്‍റെ നിശ്വാസഗന്ധം
അവന്‍റെ ചുണ്ടിലെ
അതേ തണുത്തയുമ്മകള്‍
മിഴികളില്‍ നീര്‍ക്കണം
പൊടിഞ്ഞു നില്‍ക്കു
മോര്‍മ്മകള്‍ ചവര്‍ക്കുന്നു

വളരെ മനോഹരം ലില്ലി
പ്രതീക്ഷകള്‍ തീര്‍ത്ത കരുത്തുകള്‍ തുളുമ്പുന്ന ഒരു മനസ് ഉണര്‍ന്നിരിക്കുന്നു

vidya said...

ഇടനെഞ്ഞില്‍ കുടുകുട്ടിയ വെറുപ്പിന്‍
കാര്‍മേഘങ്ങള്‍ ഉറക്കെ കരയുന്നുവോ..

എത്ര കാവ്യത്മകമായ് എഴുതിയിരിക്കുന്നു..
അഭിനന്ദനങ്ങള്‍ കവയിത്രിക്ക്.

forMalayalam poems