Friday, June 26, 2009

കടല്‍ ശാന്തമാകുന്നു

അലയടങ്ങാത്ത
ഏതു കടലും ശാന്തമാകും
എന്‍റെ വിരല്‍ തൊടുമ്പോള്‍.

അലയാഴിയുടെ ആഴങ്ങളും
ചുഴികളും ഭ്രാന്തുപോലെ
ആഞ്ഞടിക്കുന്ന തിരമാലകളും
ഏറ്റുവാങ്ങിയത്‌
എന്‍റെ ഹൃദയമാണ്.

ജ്വലിക്കുന്ന സൂര്യന്‍
രാവുറങ്ങുന്നത്
എന്‍റെ ചിന്തകളിലാണ്.
ചിപ്പിയിലൊളിച്ച മുത്തെന്‍റെ
മോഹങ്ങളായിരുന്നു.

മിഴിയടയ്ക്കാത്ത ജന്മങ്ങള്‍
തപസ്യയാക്കിയതെല്ലാം
തളരാത്ത
എന്‍റെ സിരകളായിരുന്നു.

പക്ഷേ, ഇറുകെപ്പുണര്‍ന്നു
നിശ്വസനങ്ങളെടുക്കാന്‍ വന്ന
നീരാളി നീയായിരുന്നു.
എന്നിട്ടും നിന്നെ ചുമന്നത്
ഞാനീ നെഞ്ചിലാണ്.

അതിനാല്‍ ഏതു സാഗരവും
സൗമ്യയാകും ഞാനൊന്നു
വിരല്‍ത്തുമ്പാല്‍ സ്പര്‍ശിക്കുമ്പോള്‍.

Friday, June 19, 2009

ഇവിടെ എനിക്ക് സുഖം തന്നെ

നിനക്കെഴുതണമെന്നു
പൊടുന്നനെയാണ്
എനിക്ക് തോന്നിയത്‌.

മുറ്റത്തെ കനകാംബരത്തില്‍
കുഞ്ഞുപൂ വിരിഞ്ഞതും
പളുങ്ക് പാത്രത്തില്‍
കുപ്പിവളപ്പൊട്ടുകള്‍
നിറവായതും
രാവിന്‍റെ ചില്ലയിലൂടെ
ഒരു സ്വപ്നം
പാഞ്ഞുപോയതുമൊക്കെ.
പക്ഷേ നീയെവിടെയാണെന്ന്
എനിക്കറിയുകയില്ല.

കടങ്ങള്‍ പെരുകുന്ന
ദിനങ്ങള്‍ക്കൊടുവില്‍
കലഹവുമായെത്തുന്ന
മുഖങ്ങളില്‍ കാര്‍മേഘങ്ങള്‍
പെയ്തൊഴിയാതെ
കനക്കുന്നതും
കടുത്ത വാക്കുകള്‍ക്കിടയില്‍
എന്‍റെ കാലിടറുന്നതും
കരുണാര്‍ദ്രമെന്നോ
പാകിയ സൗഹൃദത്തിന്‍റെ
വിത്തറ്റു പോകുന്നതും
എരിയുന്ന സൂര്യന്‍റെ
ചൂടേറ്റു ഹൃദയം വേവുന്നതും
വിഷം തേച്ച അക്ഷരങ്ങള്‍
മനസ്സിലേക്കെയ്തു
മൃതപ്രാണനാക്കാനെത്തുന്ന
കല്ലിച്ച മുഖങ്ങള്‍ കാണുമ്പോള്‍
പൊടുന്നനെ നിനക്ക്‌
എഴുതണമെന്നോര്‍ക്കുമെങ്കിലും
എവിടെയാണ് നീയെന്നു
എനിക്കറിയുകയില്ലല്ലോ.

Monday, June 15, 2009

അരുത്‌

ദയവായി എന്നെയിങ്ങനെ
നീ സ്നേഹിക്കരുത്‌.
അതിന്‍റെ കൊടുംചൂടില്‍
എന്‍റെ ഹൃദയം പൊള്ളുന്നു.
കണ്ണിലെ സ്വപ്‌നങ്ങള്‍ കരിയുന്നു.
ഇത്രയേറെ സ്നേഹം
എനിക്കാവശ്യമേയില്ലല്ലോ.

ഒരു തരി പ്രണയത്തിന്‍റെ
ഊഷ്മളതയിലാണ്
ഞാന്‍ തീവ്രവേദനകളുടെ
കൊടുമുടികള്‍ താണ്ടിയത്‌.
ഒരു ചെറു സ്പര്‍ശത്തിന്‍റെ
തണലിലാണ് ഞാന്‍
ദുരിതങ്ങളുടെ തിരകളോട്
മല്ലിട്ട് തീരത്തെ പുണര്‍ന്നത്.
ഒരിളം ചുംബനത്തിന്‍റെ
നനവിലാണ് ഞാന്‍
എരിയുന്ന വേനലിന്‍റെ
മതിലുകള്‍ ഭേദിച്ചത്.
ഒരു തലോടിന്‍റെ
ഓര്‍മ്മയിലാണ് ഞാന്‍
കാത്തിരിപ്പിന്‍റെ
നരകാഗ്നിയില്‍ വെന്തെരിയാതെ
കത്തുന്ന മെഴുകായ്‌ നില്‍ക്കുന്നത്‌.

അതിനാല്‍ സ്നേഹത്തിന്‍റെ
പ്രളയത്തില്‍ നീയെന്നെ
മുക്കിത്താഴ്ത്തരുത്‌.
തൊലിയുരിക്കപ്പെടുന്ന
ഹൃദയത്തിന്‍റെ കാഴ്ചക്കാരിയാവാന്‍
എനിക്കിനി വയ്യ.

Tuesday, June 9, 2009

മഴ

നീരദപാദം നീട്ടി നീ
തൊടുന്നെന്റെ ഹൃത്തില്‍
വിതുമ്പുന്ന ശ്യാമാംബരത്തിന്‍
വാര്‍നെറ്റിയില്‍ നിന്നായി
ഇലത്തുമ്പില്‍ പിടയുന്നു
ജീവന്‍റെ താളം.

മിഴിക്കുള്ളില്‍ ഇളകുന്നു
രാവിന്‍റെ മൗനം.
കലിതുള്ളി തളര്‍ന്നൊരു
പുഴയുടെ നാദം.
മരച്ചോട്ടില്‍ നിന്നും
കലമ്പുന്ന കിളികള്‍.
ഇളകുന്നു പിന്നെയും
മുളംകാട്ടില്‍ മയില്‍പ്പീലി
കുട നിവര്‍ത്തിയ സ്പര്‍ശം.

അലിയുന്ന ആലിപ്പഴങ്ങള്‍
വിരിച്ചിട്ടു തണുക്കുന്ന
നേര്ത്ത വിരലിന്‍ തുമ്പുകള്‍.
ചിത്രവര്‍ണ്ണങ്ങള്‍ ഇഴയുന്ന
കളിവള്ളങ്ങള്‍ മറിഞ്ഞൊരു
മുറ്റവും ആരോ ഊര്‍ന്നു
ഇറങ്ങിപ്പോയിട്ടും നിലയ്ക്കാതെ
മാവിന്ച്ചോട്ടില്‍ ആടുന്ന
ഊഞ്ഞാലിന്‍ പടവുകള്‍.

കാറ്റിന്റെ കൈകളില്‍
നിന്നടരുന്ന ഇലഞ്ഞികള്‍.
പൊഴിയുന്ന മഞ്ചാടി
പെറുക്കാം നമുക്കിനിയും.
നിലയ്ക്കാത്ത ഹര്‍ഷത്തിന്‍
കുട ചുരുള്‍ നിവര്‍ത്തിടൂ
തണുക്കാത്ത പാദങ്ങള്‍
അടിവെച്ചടിവെച്ചു ഇറങ്ങാമീ
കനിവിന്റെ മടിത്തട്ടില്‍ വീണ്ടും.

ഉടലാകെ ഉന്മാദപ്പൂക്കള്‍
വിരിയുന്ന ഗന്ധം.
അരുതെന്ന് വിലക്കിയിട്ടും
കനവിന്റെ ചിരിയൊച്ച
തൊടുകുറി മായ്ക്കുന്നു
വിറയ്ക്കുന്ന അധരങ്ങള്‍.
കണ്‍പീലിയില്‍ പടരുന്നു
പ്രാണന്റെ വേരുകള്‍
മനമാകെ തിളയ്ക്കുന്നു
പ്രണയത്തിന്‍ തിരകള്‍.

നനയുന്ന വിരലുകള്‍ നീട്ടി
എന്നെ പുണര്‍ന്നിടൂ വീണ്ടും
നിര്‍വൃതി പൂക്കുന്ന
മിഴികള്‍കൂമ്പി അണയട്ടെ
നിന്‍ പിടയുന്ന നെഞ്ചില്‍.

Saturday, June 6, 2009

ജനിമൃതിയുടെ തീരങ്ങള്‍

പിരിയുന്ന നേരത്ത്
ഇടവഴിയില്‍ നിറയെ
വീണുകിടന്ന വയലറ്റ്‌
പൂവിന്‍റെ പേര്
നിന്നോട് ചോദിക്കണം
എന്നോര്‍ത്തിരുന്നു.

അക്കരെയ്ക്ക് പോകാന്‍
തിടുക്കപ്പെട്ട തോണിക്കാരന്റെ
കൊതുമ്പു വള്ളത്തില്‍
നീ പൊടുന്നനെ കയറിയതിന്റെ
അങ്കലാപ്പില്‍
ഞാനത് മറന്നു പോയി.

കാറ്റു ചേക്കേറാത്ത
വാടക വീട്ടിലെത്തിയപ്പോഴാണ്
ഞെട്ടറ്റ പൂക്കളും
നിന്റെ മുഖവും വീണ്ടും
തെളിഞ്ഞു വന്നത്.

വയലറ്റ്‌ പൂക്കള്‍
മൃത്യുവിന്റെ ഉടയാടയാണെന്ന്
മുമ്പൊരു ഹേമന്ത സന്ധ്യയില്‍
നീ പറഞ്ഞിരുന്നത്
ഇപ്പോഴെനിക്ക്‌
ഓര്മ്മ വരുന്നുണ്ട്.

ഒരിക്കലും നാം തമ്മില്‍
കാണുകയില്ല.
ജനിമൃതിയുടെ
അക്കരെയും ഇക്കരെയും
ആണല്ലോ നാമിനി
പഴയത് പോലെ
ഒരു കണ്ണ് പൊത്തിക്കളി.

Monday, June 1, 2009

കമലാ സുരയ്യ തന്ന വരം

കമലാ സുരയ്യ എന്ന മാധവിക്കുട്ടി ഇനിയില്ല. നീര്മാതള സുഗന്ധം പോലെ ആ ഗന്ധവും നമ്മളില്‍ നിന്നും അകന്നു പോയി. അവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എനിക്കൊരു വരം തന്നിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ പോവുകയാണെങ്കില്‍ അവരുടെ സ്വന്തം മുറിയില്‍ എന്നെ സ്വീകരിച്ചു ഇരുത്തും എന്ന്. പക്ഷെ മനസ്സില്‍ ഒരുപാടു മോഹം ഉണ്ടായിട്ടും ഞാന്‍ അവരെ ഒരിക്കല്‍ പോലും കാണാന്‍ പോയില്ല. പിന്നീടൊരിക്കലും ഞാന്‍ അവരെ വിളിച്ചതുമില്ല.

അന്ന് ഞാന്‍ കോഴിക്കോട്‌ താമസിക്കുകയാണ്. കോഴിക്കോട്‌ നിന്നും ഇറങ്ങുന്ന പല പത്രങ്ങളിലും മാഗസിനുകളിലും ഞാന്‍ പല പേരില്‍ പല തരത്തില്‍ എഴുതുന്ന കാലം. എനിക്ക് പണത്തിനു ഒരു പാടു ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. ആകെ അറിയാവുന്ന ജോലി എഴുത്താണ്. ചന്ദ്രികയില്‍ നിന്നും ഇറങ്ങുന്ന എല്ലാത്തിലും ഞാന്‍ നിരത്തി എഴുതാറുണ്ട്. കാശിനു ആവശ്യം വരുമ്പോള്‍ നേരെ ചന്ദ്രികയില്‍ പോയാല്‍ മതി. എഴുതിയതിന്റെ പ്രതിഫലം കിട്ടാന്‍ ഉണ്ടാകും. എന്റെ വീട്ടിലേക്ക് കയറി ചെല്ലുന്നത് പോലെ ആയിരുന്നു ഞാന്‍ ചന്ദ്രികയിലേക്ക് പോയിരുന്നത്. അവിടെ ഉള്ളവരുടെ സ്നേഹവും ആതിഥ്യ മര്യാദയും ഒരിക്കലും മറക്കാന്‍ കഴിയില്ല.

അതുപോലെ മാധ്യമം പത്രത്തിന്റെ ശനിയാഴ്ച ഇറങ്ങുന്ന കുടുംബ മാധ്യമത്തില്‍ മിക്ക ആഴ്ചയും എന്റെ ഫീച്ചര്‍ ഉണ്ടാകും. കവര്‍ സ്റ്റോറിയായി. വ്യത്യസ്തത ഉള്ള മാറ്റര്‍ അന്വേഷിക്കുന്നതിനിടയിലാണ് എന്റെ അടുത്ത സുഹൃത്തും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി. ടി. നാസര്‍ ഒരു സ്റ്റോറി പറയുന്നത്. മാധവിക്കുട്ടി എഴുതിയ ജാനുവമ്മ പറഞ്ഞ കഥയിലെ നായിക കോഴിക്കോട്‌ ഉണ്ട്. ഇന്ത്യാവിഷന്‍ ചാനലിലെ ഗുഡ് മോര്‍ണിംഗ് കേരളയില്‍ ഒരിക്കല്‍ അവര്‍ വന്നിരുന്നു എന്നൊക്കെ. അന്ന് നാസര്‍ക്ക ഇന്ത്യാവിഷന്‍ ദല്‍ഹി ഓഫീസിലാണ്. അഡ്രസ്‌ സംഘടിപ്പിച്ച് തന്നു. ഞാന്‍ മാധ്യമത്തില്‍ വിളിച്ചു സണ്‍‌ഡേ മാധ്യമം എഡിറ്റര്‍ ആയ പ്രശസ്ത എഴുത്തുകാരന്‍ പി. കെ. പാറക്കടവിനോട് സ്റ്റോറി എടുക്കാന്‍ പോകുന്ന കാര്യം പറഞ്ഞു. പാറക്കടവ് പറഞ്ഞു ഐറ്റം എടുക്കുക. അജീബ്‌ കൊമാച്ചി പോയി ഫോട്ടോ എടുത്തോളും.

ഞാന്‍ ഒലീവ്‌ ബുക്സില്‍ ഒരു പുസ്തകത്തിനുള്ള മാറ്റര്‍ തയ്യാറാകുന്ന ജോലിയില്‍ ആയിരുന്നു. അന്ന് ഒലിവ് ബുക്സിന്റെ ചാര്‍ജ് പ്രശസ്ത സാഹിത്യകാരനായ അക്ബര്‍ കക്കട്ടില്‍ മാഷിനാണ്. അവിടെ വരുന്ന ഒരാള്‍ ചിരുതേയി അമ്മയുടെ നാട്ടുകാരനാണ്. ഒരു ദിവസം അയാളുടെ സഹായത്തോടെ ജാനുവമ്മ എന്ന ചിരുതേയി അമ്മയുടെ വീട്ടിലെത്തി. അവരെ കണ്ടു ഞാന്‍ അതിശയിച്ചു പോയി. ഒരു അതിസുന്ദരി. പക്ഷെ അവര്‍ അമ്പിനും വില്ലിനും അടുക്കില്ല. ഇങ്ങനെ പലരും വന്നു അഭിമുഖം എടുത്തു കൊണ്ടു പോയിട്ടുണ്ട്. യാതൊരു ഗുണവും ഉണ്ടായിട്ടില്ല, പത്രത്തില്‍ വന്ന ഒരു ഫോട്ടോ പോലും അവര്‍ ഇതു വരെ കണ്ടിട്ടില്ല എന്നൊക്കെ പരാതി പറഞ്ഞു. ഫോട്ടോ എന്തായാലും എത്തിക്കും എന്നൊക്കെ ഉറപ്പു കൊടുത്തു ഞാന്‍ മാറ്റര്‍ എടുത്തു മടങ്ങി.

സണ്‍‌ഡേ മാധ്യമത്തില്‍ അച്ചടിച്ചു വന്ന സ്റ്റോറി കണ്ടു ഞാന്‍ വിസ്മയിച്ചു . ഒരു ഫുള്‍ പേജ് കവര്‍ സ്റ്റോറി. അജീബ്‌ കൊമാച്ചി എടുത്ത ചിരുതേയി അമ്മയുടെയും അവരുടെ ഓമന പൂച്ചക്കുട്ടിയുടെയും ജീവന്‍ തുടിക്കുന്ന ചിത്രത്തോടൊപ്പം മാധവിക്കുട്ടിയുടെ മനോഹരമായ ഫോട്ടോയും വെച്ചു ഒരു മാറ്റര്‍. ആ മാറ്റര്‍ എഴുതിയതിനു നാസര്‍ക്ക ഡല്‍ഹിയില്‍ നിന്നും വരുമ്പോള്‍ എനിക്ക് വില കൂടിയ ഒരു പേന സമ്മാനം തന്നു.

പിറ്റേന്നു ദീപിക പത്രത്തിന്റെ കൊച്ചി യൂണിറ്റില്‍ നിന്നും പത്രാധിപ സമിതിയിലെ ചിലര്‍ മാധവിക്കുട്ടിയെ കാണാന്‍ പോയിരുന്നു. അതില്‍ എന്റെ സുഹൃത്ത് ജോര്‍ഡി ജോര്‍ജും ഉണ്ടായിരുന്നു. തലേന്ന് സണ്‍‌ഡേ മാധ്യമത്തില്‍ വന്ന സ്റ്റോറി കണ്ടിരുന്നോ എന്ന് മാധവിക്കുട്ടിയോടു ജോര്‍ഡി ചോദിച്ചു. അതിമനോഹരമായ ഒരു റൈറ്റ് അപ്പ്‌ ആണതെന്ന് അവര്‍ പറഞ്ഞത്രേ. ജോര്‍ഡി ഓഫീസില്‍ എത്തിയ ഉടനെ എന്നെ വിളിച്ചു കാര്യം പറഞ്ഞു. ഒന്നു മാധവിക്കുട്ടിയെ വിളിച്ചു സംസാരിക്കണമെന്ന് പറഞ്ഞു. ഫോണ്‍ നമ്പരും തന്നു. അവരെ എന്ത് വിളിക്കണം എന്നെനിക്കു അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ജോര്‍ഡി പറഞ്ഞു അമ്മ എന്ന് വിളിച്ചാല്‍ മതിയെന്ന്.

അങ്ങനെ പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ മാധവിക്കുട്ടിയുടെ വീട്ടിലെ ഫോണിലേക്ക് വിറയലോടെ വിളിച്ചു. ഞാന്‍ ഒരുപാടു ആരാധിക്കുന്ന എഴുത്തുകാരിയെ ആണ് വിളിക്കുന്നത്. ആദ്യം ഫോണ്‍ എടുത്തത് വേലക്കാരിയാണ്. ഇപ്പോള്‍ മാധവിക്കുട്ടിയുടെ സ്വരം എന്റെ കാതില്‍ പതിക്കുകയാണ്. ഞാന്‍ പേരു പറഞ്ഞു. അമ്മ എന്നെ അറിയുമോ എന്ന് ഞാന്‍ ചോദിച്ചു. മാധ്യമത്തില്‍ ഒക്കെ മനോഹരമായ പ്രണയ കവിതകള്‍ എഴുതുന്ന കുട്ടി അല്ലെ എന്ന് ചോദിച്ചു. എന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോയി. എം.ടി. വാസുദേവന്‍ നായര്‍ എന്റെ പുസ്തകം പ്രകാശനം ചെയ്തപ്പോള്‍ സമാഹാരത്തിലെ ചില കവിതകളുടെ പേരു എടുത്തു പറഞ്ഞു പ്രശംസിച്ചപ്പോള്‍ പോലും ഇത്രത്തോളം ഞാന്‍ സന്തോഷിചിരുന്നില്ല. തുടര്‍ന്ന് മാധവിക്കുട്ടി എന്നെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. കുട്ടി വന്നാല്‍ ഞാന്‍ എന്റെ മുറിയില്‍ ഇരുത്തും, ഇവിടെ കുറെ അശ്രീകരങ്ങളൊക്കെ വരും. അവരെയൊന്നും ഞാന്‍ എന്റെ മുറിയിലേക്ക് കടത്താറില്ല എന്നും പറഞ്ഞു. എഴുതുന്ന അതെ ലാഘവത്തോടെ ഉള്ള വാക്കുകള്‍. ഞാന്‍ ഉടനെ നാസര്‍ക്കയെയും ജോര്‍ഡിയെയും വിളിച്ചു കാര്യം പറഞ്ഞു. മനസിലെ സന്തോഷം അടക്കാന്‍ കഴിയുമായിരുന്നില്ല, അവര്‍ എന്നെ വീട്ടിലേക്ക് വിളിച്ചതായിരുന്നില്ല എന്റെ സന്തോഷം എന്നെ അറിയും എന്ന് പറഞ്ഞതില്‍ ആയിരുന്നു. എന്റെ കവിതകള്‍ നല്ലതാണ് എന്ന് പറഞ്ഞതില്‍ ആയിരുന്നു.

പിന്നീട് ഞാന്‍ ഇന്ത്യാവിഷന്‍ ചാനല്‍ കൊച്ചി ഓഫീസില്‍ എത്തി. രണ്ടു വര്‍ഷത്തിനു ശേഷം വായന ദ്വൈവാരികയിലേക്ക് പോയി. അവിടെ നിന്നും രാഷ്ട്ര ദീപിക പത്രത്തിലേക്ക് പോയി. എല്ലാം കൊച്ചിയില്‍ തന്നെ. മാധവിക്കുട്ടിയെ കുറിച്ചു എന്തെങ്കിലും സംസാരം ഉണ്ടാകുമ്പോള്‍ ഞാന്‍ അന്തസ്സോടെ പറയും അവര്‍ എന്നെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. സുഹൃത്തുകള്‍ എല്ലാവരും അത് കേള്‍ക്കുമ്പോള്‍ പറയും. എന്നാല്‍ പോയി കാണണം. ഞങ്ങളും കൂടെ വരാം. അങ്ങനെ എങ്കിലും അവരെ ഒന്നു അടുത്ത് കാണാമല്ലോ. ഞാന്‍ ഒഴിഞ്ഞു മാറും. ഒടുവില്‍ അവര്‍ കൊച്ചി വിട്ടു പോകുന്നു എന്നറിഞ്ഞപ്പോള്‍ നാസര്‍ക്ക എന്നോട് പറഞ്ഞു-നിനക്കൊന്നു പോയി കാണാമായിരുന്നു. ഞാന്‍ നിശബ്ദയായി.

അവരെ കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടു ആയിരുന്നില്ല ഞാന്‍ പോകാതിരുന്നത്. അവരുടെ ലേഖനങ്ങള്‍ വായിച്ചതില്‍ നിന്നും ഒരു കാര്യം എനിക്കറിയാം. പലരും ചെന്നു അവരോട് സങ്കടങ്ങള്‍ പറയും. കരയും. പിന്നീട് പോകാന്‍ നേരം അവരുടെ കൈയില്‍ നിന്നും പണത്തിനു പുറമെ കൈയില്‍ ഉള്ള വളകള്‍ പോലും വാങ്ങി കൊണ്ടു പോകുമായിരുന്നു. അവര്‍ ആര് എന്ത് ചോദിച്ചാലും കൊടുക്കുന്ന കര്‍ണനെ പോലെ ആയിരുന്നു. എനിക്ക് അവരുടെ മുന്നില്‍ ഇരുന്നു പറയാന്‍ ഒരു നല്ല വിശേഷവും ഇല്ല. ഉള്ളതാകട്ടെ ഒരു വലിയ ദുരന്ത കഥയാണ്‌. അത് കേട്ടാല്‍ അവരുടെ ഹൃദയം മഞ്ഞു പോലെ ഉരുകി പോകും. ഒടുവില്‍ ഞാന്‍ ആവശ്യപെടാതെ തന്നെ അവര്‍ എനിക്ക് പണം തരും. സ്വര്‍ണ്ണം തരും. അപ്പോള്‍ അവരെ കളിപ്പിച്ചു സ്വര്‍ണവും പണവും വാങ്ങി കൊണ്ടു പോകുന്നവരും ഞാനും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. അതോര്‍ത്തു മാത്രം ഞാന്‍ ആ സ്നേഹനിധിയെ കാണാന്‍ പോയില്ല.

എന്റെ നിലാപാട് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്ക് അറിയുകയില്ല. ഇന്ത്യ ലോകബാങ്കില്‍ നിന്നും എടുത്ത കടം പോലെ എനിക്ക് ചുറ്റും കടം പെരുകുമ്പോഴും അക്കാര്യത്തില്‍ മാത്രം ഞാന്‍ അഭിമാനിയായത്‌ എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഒരുവേള ഒന്നും മോഹിക്കാതെയും പ്രതീക്ഷിക്കാതെയും ഒരാളെ സ്നേഹിക്കുക -ഈ ചിന്ത മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കാം. ഇനി കമലാ സുരയ്യയെ ഞാന്‍ കാണുകയില്ല. പക്ഷെ എന്റെ മനസ്സില്‍ മനസ്സില്‍ അവര്‍ ഒരിക്കലും മരിക്കുകയുമില്ല. അതിനാല്‍ അവരുടെ ക്ഷണം അന്തസ്സോടെ ഞാന്‍ എന്നും ഓര്‍ക്കും.