Sunday, July 7, 2013

ഒരു കവിത ഇടവഴിയിലെവിടെയോ പതുങ്ങി നില്‍പ്പുണ്ട്

ഒരു കവിത ഇടവഴിയിലെവിടെയോ
പതുങ്ങി നില്‍പ്പുണ്ട് 
തലേന്ന് രാത്രി നിലാവ് 
പടര്‍ന്ന വഴികള്‍ താണ്ടി 
ഞാന്‍ നടന്നു പോകുമ്പോഴും 
ചെറിയൊരു പരിഭവം കണ്ണില്‍ 
നിറച്ച് അവിടെ തന്നെയുണ്ടായിരുന്നു.


നെഞ്ചോട്‌ ചേര്‍ത്ത് പുണര്‍ന്നാല്‍ 
മഞ്ഞു പോലെ നീ അലിയുമായിരുന്നു 
പക്ഷേ  ആ നേരത്ത് എനിക്കും
നിനക്കുമിടയില്‍ ഒരു കടല്‍ദൂരം 
ബാക്കിയുണ്ടായിരുന്നു.


പുലര്‍ച്ചെ നേര്‍ത്ത വെട്ടത്തില്‍ 
ഞാന്‍ ഇടവഴിയിലേക്ക് 
ഉറ്റുനോക്കികൊണ്ടിരിക്കുമ്പോള്‍ 
നീ പടിക്കലോളം വന്ന് 
എന്‍റെ കണ്ണുകളിലെ 
ശൂന്യത കണ്ടു തിരികെ പോയി. 


സായന്തനത്തില്‍  അവന്‍റെ 
പ്രണയാര്‍ദ്രമായ കണ്ണുകള്‍ 
കണ്ടപ്പോള്‍ വീണ്ടും ഞാന്‍ 
ഒരു മിന്നല്‍ പോലെ 
നിന്നെയോര്‍ത്തെങ്കിലും 
എനിക്കും നിനക്കുമിടയില്‍ 
പിന്നെയും ഒരു പെരുമഴക്കാലം 
പെയ്തു കൊണ്ടേയിരുന്നു.



ഇപ്പോള്‍ ഞാനെന്‍റെ വിരലുകള്‍ 
നിനക്കു നേരെ നീട്ടിയിരിക്കുന്നു 
വേണമെങ്കില്‍ നിനക്കതില്‍ 
നിന്‍റെ വിരലുകള്‍ കോര്‍ക്കാം 
അധരങ്ങള്‍ മെല്ലെയമര്‍ത്തി 
ചെറുതായൊന്നു ചുംബിക്കാം 
പക്ഷേ കൈകളില്‍ ചുവന്ന 
പനിനീര്‍ പൂക്കളുമേന്തി 
നിനക്ക് മുമ്പില്‍ മുട്ടുകുത്തി 
നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് 
ഞാന്‍ പറയുമെന്ന് മാത്രം 
നീ പ്രതീക്ഷിക്കരുത്.


നമുക്കിരുവര്‍ക്കുമിടയില്‍ 
ഇപ്പോഴും  ചുട്ടു പൊള്ളിക്കുന്ന 
ഒരു വേനല്‍  കത്തിനില്‍ക്കുന്നുണ്ട് 

Thursday, June 13, 2013

വേനലിനും വര്‍ഷത്തിനും കുരുക്കിടാനാവാത്ത ഒരു നദി

ഞാന്‍ എപ്പോഴും 
എഴുതികൊണ്ടിരുന്നത്
പ്രണയത്തെക്കുറിച്ചായിരുന്നു 


കുടഞ്ഞെറിഞ്ഞാലും
പൂച്ചക്കുട്ടിയെ പോലെ 
നാലുകാലില്‍ വന്നു വീഴുന്ന
നിന്‍റെ  പ്രണയം 
വീണ്ടും ദേഹത്തു 
വന്നുരുമ്മി കാതരമായി  
എന്‍റെ കണ്ണുകളിലേക്ക് 
ഉറ്റു നോക്കിയിരുന്ന 
 ഗ്രീഷ്മത്തിലും ശിശിരത്തിലും 
മാറ്റമില്ലാതെ തുടരുന്ന 
നിന്‍റെ അതേ  പ്രണയം



എന്‍റെ അക്ഷരങ്ങളില്‍  നിറയെ 
നിന്‍റെ ആത്മാവാണ് 
കൂടു കൂട്ടിയിരുന്നത് 
 ഓരോ പ്രഭാതത്തിലും 
നീയെനിക്കേകുന്നത് 
ഓരോ വിസ്മയകാഴ്ചകളാണ് 
ചിലപ്പോള്‍ എന്നെക്കുറിച്ചുള്ള
ആര്‍ദ്രമായ ഒരു കവിത 
അല്ലെങ്കില്‍ എന്‍റെ കവിതകളുടെ 
ഒരു ആംഗലേയ പരിഭാഷ 
അതുമല്ലെങ്കില്‍  പ്രണയ കൊടുങ്കാറ്റിന്‍റെ 
വേരുകളാഴ്ന്ന ഒരു കുറിമാനം 



നിനക്കു വേണ്ടിയായിരുന്നു 
ഒരുകാലത്ത് ഞാന്‍ മരണത്തിന്‍റെ 
പടിവാതിലില്‍ നിന്നും തിരിച്ചു വന്നത് 
അന്നെന്‍റെ ജാലകങ്ങളില്‍ നിറയെ 
ഏകാന്തത വലകള്‍ നെയ്തിരുന്നു 
ഹൃദയത്തില്‍ ഇടിയും മിന്നലും 
പകച്ചു നിന്നിരുന്നു 
പെരുവഴിയില്‍ വീണുപോയ 
ജീവന്‍റെ നേര്‍ത്ത ഒരു തുടിപ്പ് 
ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങിയ 
തായ് വേരിന്‍റെ താളം 
തെറ്റിയ ഒരു  പിടച്ചില്‍ 
പ്രാണന്‍റെ  അവസാനത്തെ ഒരില



തെരുവോരങ്ങളില്‍ നിന്നും
പിടഞ്ഞമര്‍ന്നു കൊണ്ടിരുന്ന 
എന്‍റെ നേര്‍ത്ത സ്പന്ദനങ്ങള്‍  
വാരി പുണര്‍ന്നു
നെഞ്ചോട്‌ ചേര്‍ത്ത് 
ചെറുതീക്കണം ഊതിയൂതി
ജ്വലിപ്പിച്ചത് നീയായിരുന്നു 
നിന്‍റെ പ്രണയമായിരുന്നു 


എന്നിട്ടും നിന്നില്‍ നിന്നും 
കുതറിയൊഴുകാനാണ് 
ഞാനാഗ്രഹിച്ചത് 
ഞാനപ്പോഴും അങ്ങനെയായിരുന്നു 
കടുത്ത വരള്‍ച്ചയിലും വറ്റാത്ത 
ഒരു കാട്ടരുവിയാകാന്‍ മോഹിച്ചു 
ഒരു വേനലിനും വര്‍ഷത്തിനും 
എന്നെ കുരുക്കിയിടാന്‍  
കഴിയുമായിരുന്നില്ല 

Saturday, May 11, 2013

നമ്മള്‍ തിരയും തീരവുമാകുമ്പോള്‍


രണ്ടു ദിവസമായി 
ഒരു കവിതയുടെ വിത്തുകള്‍ 
ഹൃദയത്തില്‍ മുള പൊട്ടിയെങ്കിലും 
ആവശ്യത്തിന് വെള്ളവും 
വെളിച്ചവുമില്ലാതെ  
പുറത്തേക്ക് മിഴി നീട്ടാന്‍ 
കഴിയാത്തവ 
വീര്‍പ്പു മുട്ടുകയായിരുന്നു 



ഒരു വേള 
പൊരുന്നയിരിക്കുന്ന 
വാക്കുകള്‍ 
പാകത്തിന് ചൂട് കിട്ടാതെ 
കെട്ടു പോയേക്കുമോയെന്നു 
ഞാന്‍ ഭയപ്പെട്ടു 


പക്ഷെ ഇന്ന് പുലര്‍ച്ചെ 
ഞാന്‍ കണ്ണു തുറന്നത് 
നിന്‍റെ കവിതയിലേക്കാണ്.
എന്‍റെ മൂര്‍ച്ചയേറിയ 
പ്രണയത്തിലേക്കും 
കവിതകളിലേക്കും 
നിന്നെ കൈപിടിച്ച് 
കൊണ്ടുപോയ 
നിന്‍റെ കവിത 


ഒരു കവിതയില്‍  നിന്നും 
മറു കവിതയ്ക്കുള്ള 
അക്ഷരങ്ങളും 
വാക്കുകളും 
ചെത്തി കൂര്‍പ്പിക്കുമ്പോള്‍ 
നീയാഗ്രഹിക്കുന്നതു  പോലെ 
ഇനിയും നമുക്കൊരുമിച്ചു 
തിരിച്ചു നടക്കാന്‍ കഴിയുമോ 
എന്നറിയില്ലെങ്കിലും 
ഒന്നു മാത്രം ഞാന്‍ 
തിരിച്ചറിയുന്നു 



കാലമെത്ര കഴിഞ്ഞാലും 
തിരയും തീരവും  പോലെ 
ആര്‍ത്തിയോടെ നമ്മളിങ്ങനെ 
പ്രണയിച്ചു കൊണ്ടേയിരിക്കും 
ഒരിക്കലും പരസ്പരം സ്വന്തമാകാനും
സ്വന്തമാക്കാനും  കഴിയാതെ.

Wednesday, March 13, 2013

അപഥസഞ്ചാരം


ഞാനവനോട് പറഞ്ഞു 
സ്നേഹം ഒരിക്കലും 
ഒന്നും നിരാകരിക്കുന്നില്ല 
കൈകളിലെ  പൊടിമണല്‍ 
ചെറുതായി ഊതി പറപ്പിച്ചു
തിരകള്‍ക്കു മീതെ നിന്നും 
കണ്ണുകള്‍ അടര്‍ത്തി 
അവന്‍ എനിക്ക് നേരെ തിരിഞ്ഞു 



നീയിനി  സ്നേഹത്തെ 
കവിതകളില്‍ നിന്നും 
അകറ്റി നിര്‍ത്തുക  
പ്രണയത്തെ പടിക്കു പുറത്താക്കൂ 
എന്നിട്ട് നീയൊരു 
അപഥസഞ്ചാരിണിയാകൂ 



കവിതകളുടെ വേറിട്ട 
വഴികളിലൂടെ കയറിയിറങ്ങുന്ന 
ഒരു അപഥസഞ്ചാരിണി
ഭരണസിരാ  കേന്ദ്രങ്ങളുടെ 
ഇടനാഴികകളിലൂടെ 
ചുവന്ന തെരുവുകളിലൂടെ 
കുട്ടികളുടെ കരച്ചിലുകള്‍ 
ഒടുങ്ങാത്ത വീഥികളിലൂടെ 
നീയിനി നടക്കുക.


അല്ലെങ്കില്‍ പൊങ്ങച്ചക്കാരായ 
സ്ത്രീകളെ പോലെ 
പാവയ്ക്ക വട്ടത്തില്‍ 
അരിയുന്നതിനെക്കുറിച്ചും 
വെണ്ടയ്ക്കാ വിരലുകളില്‍ 
നഖങ്ങള്‍ നീട്ടി 
വളര്‍ത്തുന്നതിനെക്കുറിച്ചും 
ചുണ്ടുകളില്‍ ചായം 
പുരട്ടുന്നതിനെക്കുറിച്ചും 
അതുമല്ലെങ്കില്‍  
കുട്ടികളുടെ ട്യൂഷന്‍ ടീച്ചറുടെ 
പിന്നാമ്പുറം 
മുഴുവന്‍ തുറന്നു കാണിക്കുന്ന
വേഷങ്ങളെക്കുറിച്ചും 
കവിതകളെഴുതുക.



നിന്‍റെ അധരങ്ങള്‍ 
എന്‍റെ അധരങ്ങളില്‍ 
അമരുമ്പോള്‍ 
ഏഴു കടലാഴങ്ങളുടെ 
തണുപ്പില്‍ ഞാന്‍ വീണുപോകുന്ന 
കാഴ്ചകള്‍ നീയിനി എഴുതരുത്.
അതെനിക്ക്   മാത്രം ഹൃദയംകൊണ്ടു 
വായിക്കാനുള്ള അക്ഷരങ്ങളാകട്ടെ.



നിന്‍റെ കവിതകള്‍ക്ക് 
കാത്തിരിക്കുന്നവര്‍ക്കായി 
നീയൊരു  അപഥസഞ്ചാരിണിയാകൂ 
എന്നിലേക്ക്‌ നടന്ന് 
നടന്നു തളര്‍ന്നു പോകുന്ന 
എന്‍റെ  മാത്രം  അപഥസഞ്ചാരിണി


വാക്കുകള്‍ ഹൃദയത്തില്‍ സ്തംഭിച്ചു നില്‍ക്കുന്നു


നിന്നോട് പറയാന്‍ കരുതി വച്ച
വാക്കുകള്‍ ഹൃദയത്തില്‍ 
സ്തംഭിച്ചു നില്‍ക്കുകയാണ്. 


അതിനാല്‍ രാത്രിയുടെ 
ഏകാന്തതകളില്‍ 
ആകാശത്തിനും ഭൂമിക്കുമിടയില്‍ നിന്നും 
നിന്നോട് ഞാന്‍  സംസാരിക്കുന്നത് 
നിശബ്ദതയുടെ വാള്‍മുന കൊണ്ടാണ്. 



എങ്കിലും നിന്‍റെ  ഹൃദയം 
നോവാതെ ഞാന്‍ നോക്കുന്നുണ്ട് 
നിനക്ക് നോവുമ്പോള്‍ 
വേവുന്നത് എന്‍റെ  മനസ്സും 
ചിന്തകളുമാണെന്ന് 
ഇനി  എന്നാണ്  നീ തിരിച്ചറിയുക?



മഞ്ഞവെയിലും മഞ്ഞത്തുമ്പികളും 
പാറുന്ന ഈ ശരത്കാല സന്ധ്യയില്‍ 
ഒരു മഷിത്തണ്ടിനും 
മായ്ക്കാനാവാത്ത വിധത്തിലാണ് 
നിന്‍റെ ഹൃദയത്തിന്‍റെ 
പരുക്കന്‍ പ്രതലങ്ങളില്‍ 
ഞാനെന്‍റെ  പ്രണയം 
എഴുതി ചേര്‍ത്തത്. 


നീ വേനലില്‍ വറ്റി പോകുന്ന 
ഒരു നദി പോലെയാണ് 
പെട്ടെന്ന് നിറയും 
അതിലും വേഗം  വരളും 
എങ്കിലും 
കൊടുമുടിയുടെ മാറു പിളര്‍ന്നു 
ഞാന്‍ പ്രവഹിക്കുന്നത് 
നിന്നിലേക്കെത്താന്‍ മാത്രമാണ്.
നിനക്ക് വറ്റാന്‍ വെയില്‍ നാളങ്ങള്‍ മതി 
ഞാന്‍  നിറഞ്ഞൊഴുകുന്നതാകട്ടെ
നിന്നോടുള്ള ഒടുങ്ങാത്ത  പ്രണയത്തിലും.

Friday, February 15, 2013

ആ ആത്മാവിന്‌ എന്‍റെ പേരായിരുന്നു


നീയെന്‍റെ  ആകാശമാവുക
സൂര്യനും ചന്ദ്രനുമാവുക
കോടാനുകോടി നക്ഷത്രങ്ങളായി 
നിന്നെ പൊതിയുന്നത് 
എന്‍റെ പ്രണയമാണ്
എന്‍റെ മാത്രം നിശ്വാസങ്ങളാണ്


വിദൂരങ്ങളില്‍ നിന്ന് 
സംസാരിക്കുമ്പോള്‍ പോലും 
എന്‍റെ ശബ്ദം ഇറുകെ 
നിന്നെ പുണരുന്നതായി 
നീ പറയുമ്പോള്‍ 
നിന്നെ ഓര്‍ക്കാത്ത 
ഒരു നിമിഷം പോലും 
എന്നിലൂടെ കടന്നു പോകുന്നില്ലെന്ന 
എന്‍റെ മറുവാക്കും
ഒരു പാഴ്വാക്കായിരുന്നില്ല


നിന്നോടുള്ള എന്‍റെ പ്രണയം
മുന്നേറാനുള്ള ഉള്‍വിളിയാണ് 
കൊടുങ്കാറ്റുകളെ നേരിടാനുള്ള 
കവചമാണ്
ഏകാന്തമായ വഴികളില്‍ 
നിഴലുപോലെ കൂട്ടു വരുന്ന 
ധൈര്യമാണ് 


മാഞ്ഞു പോകുമോയെന്നു
ഞാന്‍ ഭയന്ന
നിന്‍റെ ചുംബനം 
എന്നെ  ഒറ്റു 
കൊടുക്കാനുള്ളതായിരുന്നില്ല
നിന്‍റെ ഒരൊറ്റ ചുംബനത്തില്‍ 
ഉയര്‍ത്തെഴുന്നേറ്റ 
ആത്മാവിന്‌ എന്‍റെ പേരായിരുന്നു 


Saturday, December 15, 2012

പൂവും കായും തിരിച്ചറിയാത്ത കാലം



പൂവും കായും തിരിച്ചറിയാത്ത 
കാലമായിരുന്നത് 
നീ നട്ട ചെടികള്‍ പിഴുതെടുത്ത് 
അതിനു വേരുകള്‍ മുളച്ചോയെന്നു 
ഞാന്‍ പരീക്ഷിച്ച കാലം 


പൊരിവെയിലില്‍ കൊച്ചു 
അരുവികളില്‍ ചൂണ്ട ലിട്ടു
നീ കുപ്പിയില്‍ സൂക്ഷിച്ച 
മീനുകള്‍ക്ക് ജീവനുണ്ടോ 
എന്നറിയാന്‍ ഞാനവയെ 
മണല്‍പ്പരപ്പില്‍ നിരത്തിയിട്ട കാലം 


എനിക്ക് കളിക്കാനായി 
ഓടിയോടി നീ പിടിച്ചു 
തുമ്പികളെ കൊണ്ട് 
ഞാന്‍ കല്ലെടുപ്പിച്ച കാലം 
തടാകത്തില്‍ നീന്തി നീ 
തണ്ടോടിച്ച ആമ്പലുകളെ 
കരുണ വറ്റിയ കണ്ണുകളോടെ 
പിച്ചി ചീന്തിയെറിഞ്ഞ കാലം
നിന്റെ കടലാസ്സു തോണികളെ
തലകീഴായി മറിച്ചിട്ട കാലം 


എന്നിട്ടും നീ പിടിച്ച 
മിന്നാമിന്നികളെ മാത്രം 
ഞാനൊന്നും ചെയ്തിട്ടില്ല 
ഓരോ രാവിലും ഞാനവയെ 
നിനക്ക് വേണ്ടി ആകാശത്തിലേക്ക് 
അഴിച്ചു വിടുന്നു  
അവ നക്ഷത്രങ്ങളായി 
നിന്നോട് മന്ത്രിക്കുന്നത് 
ഇപ്പോഴും ഞാന്‍ നിന്നെ 
സ്നേഹിക്കുന്നുണ്ടെന്ന് തന്നെയല്ലേ?