Tuesday, October 27, 2009

ചിത്ര ശലഭങ്ങള്‍

കഴിഞ്ഞ ജന്മത്തില്‍
ഞാനും നീയും
ചിത്രശലഭങ്ങളായിരുന്നു.


ചിറകില്‍
വസന്തകാലമൊതുക്കി
മധുകാലം തേടി പറന്നവര്‍.


പൂവിന്‍ കാതുകളില്‍
മധുര രഹസ്യങ്ങള്‍
കൈമാറാനായി
ഏതോ ഒരു
പ്രണയിനിയുടെ
ഹൃദയത്തില്‍ നിന്നും
ജന്മമെടുത്തവര്‍.


സൂര്യകിരണങ്ങള്‍ക്കൊപ്പം
മൃദുല സ്വപ്‌നങ്ങള്‍
നെഞ്ചിലേറ്റി
നാഴികകള്‍ താണ്ടിയവര്‍.


ആതിര നിലാത്തൂവലുകള്‍
നെറുകിലണിയാനും
മഞ്ഞിന്‍ കണങ്ങള്‍
മിഴിയിലെഴുതാനും
മോഹിച്ചുവെങ്കിലും
പ്രാണന്‍ പറന്നുപോയ്‌
ഒരു സന്ധ്യതന്‍
ഇതള്‍ കൊഴിയും മുമ്പേ.

Wednesday, October 14, 2009

ഒറ്റ്

നിന്നെ പ്രണയിക്കണമെന്നും
എന്‍റെ സ്നേഹത്തെ
ഒരിക്കലും നീ
ഒറ്റു കൊടുക്കില്ലെന്നും
വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍
ക്ഷമിക്കുക സുഹൃത്തേ,
ഒറ്റു കൊടുക്കുന്ന
പ്രണയത്തെയാണ്
ഞാനിഷ്ടപ്പെടുന്നത്.
പകരം കിട്ടുന്നത്
ഒരു കിഴി നിറയെ
കിലുങ്ങുന്ന വെള്ളി
നാണയങ്ങള്‍ ആണല്ലോ?

അശാന്തമായ ജീവിതത്തെ
വാക്കുകളില്‍
കൊത്തി വെച്ചവള്‍ക്ക്
നിന്‍റെ സ്നേഹം
നറും പാലാകുമെന്നു
നീ വ്യാമോഹിച്ചു.

പ്രണയം-
പൊട്ടാത്ത വല നെയ്തു
ഇരയെ കുരുക്കിയ
എട്ടുകാലി എന്ന്
ഞാന്‍ പഠിച്ച
അവസാന പാഠം.

Tuesday, September 22, 2009

എന്‍റെ പേര്

അനുവാദം ചോദിക്കാതെയാണ്
ഞാന്‍ അകത്തേക്ക് കടന്നത്.
ഏഴു താഴിട്ടു പൂട്ടിയ
നിന്‍റെ ഹൃദയവാതില്‍
ഒരൊറ്റ നോട്ടം കൊണ്ടാണ്
ഞാന്‍ തുറന്നത്.


കൂരമ്പുകളായി തറയ്ക്കുന്ന
നിന്‍റെ നോട്ടങ്ങളും
ചാട്ടുളിയായി പായുന്ന
വാക്കും
പെരുമഴ പോലെ
നിര്‍ത്താതെ പെയ്യുന്ന
രോഷവും
ഒരൊറ്റ ചുംബനം കൊണ്ടാണ്
ഞാന്‍ തടഞ്ഞത്.
എന്‍റെ പേരാണ് പ്രണയം.


ഒറ്റ ചുംബനത്തില്‍
പൂക്കുന്ന പൂവായി നീ
ഉലഞ്ഞു നില്‍ക്കുമ്പോള്‍
ഇനി വിട തരിക
സ്നേഹിച്ച അധരങ്ങള്‍ക്കും
കാത്തിരുന്ന ഹൃത്തിനും.

Monday, September 14, 2009

മൂന്നാമത്തെയാള്‍

ഇന്ന് പടികടന്നാദ്യം
വന്നതൊരു യാചകനാണ്.
അമ്മ വിളമ്പിയ പ്രാതലും
പഴയ കമ്പിളി വസ്ത്രങ്ങളും
കൊണ്ടയാള്‍ തിരികെ
പോകുമ്പോള്‍ ഞാന്‍
ആകാശത്തേക്ക് നോക്കി
സ്വപ്നം കാണുകയായിരുന്നു
അന്ധന്‍റെ കണ്ണിലെ

നിറച്ചാര്‍ത്തുകളുള്ള സ്വപ്‌നങ്ങള്‍.


മഴക്കാറുകളെന്‍റെ
മിഴിയിലേറിയപ്പോഴാണ്
രണ്ടാമന്‍ എത്തിയത്‌
ഒരു കൈനോട്ടക്കാരന്‍
ഭാവിയും ഭൂതവും വര്‍ത്തമാനവും
ഓരോ മുദ്രമോതിരങ്ങളായി
അയാളുടെ വിരലുകളില്‍
ഞാണു കിടന്നിരുന്നു
കൂട്ടിലെ തത്തയെ
നെഞ്ചോളം ഉയര്‍ത്തി
ഇരകളെയൊന്നും കിട്ടാതെ
ഏറെ നിരാശനായാണ്
അയാള്‍ മടങ്ങിപ്പോയത്‌.



മൂന്നാമത്തെയാള്‍
ഒരു സ്വപ്നാടകനായിരുന്നു
പകലുറക്കത്തില്‍ നിന്നും
ദിക്കറിയാതെ നടന്നു വന്നവന്‍
ഉറക്കം ആളിപ്പടര്‍ന്ന
കണ്ണുകള്‍ തുറക്കാതെ
എന്നോടവന്‍ പറഞ്ഞു
അവന്‍റെ നിശ്വാസങ്ങളാല്‍
എന്‍റെ കളിത്തോണി മറിക്കുമെന്ന്.

Tuesday, September 1, 2009

ആരാധകന്‍

പറന്നു പോകുന്ന
അക്ഷരങ്ങളുടെ ഏതാനും
ചീളുകള്‍ മാത്രം
കൈവശമുള്ള
എന്‍റെ ആരാധകനാണ്
നീയെന്നു സ്വയം പരിചയ-
പ്പെടുത്തിയപ്പോള്‍
ഞാന്‍ വിസ്മയത്തിന്‍റെ
പാതാളത്തിലേക്ക്‌
താഴ്ന്നുപോയി.


ആരാധകാ, നിന്നെ
നിലനിര്‍ത്താനുള്ള
കൈയടക്കം എന്‍റെ
വരികള്‍ക്കിപ്പോഴില്ല.
നിന്‍റെ സ്നേഹത്തിനും
സൌഹൃദത്തിനും മുന്നില്‍
മുഖം തിരിച്ച
എന്നോട് പൊറുക്കുക.


ദുരിതങ്ങളുടെ
ഖനിഗര്‍ത്തങ്ങള്‍ താണ്ടി
എന്‍റെ വാക്കുകള്‍
പുനര്‍ജ്ജനിക്കുമ്പോള്‍
ഇടിമുഴക്കങ്ങളെ ഭേദിക്കാന്‍
എന്‍റെ ബിംബങ്ങള്‍
കരുത്താര്‍ജ്ജിക്കുമ്പോള്‍
സ്വപ്നങ്ങളുടെ
തടവറയില്‍ നിന്നും
എന്‍റെ കണ്ണുകള്‍
പുറന്തള്ളപ്പെടുമ്പോള്‍
ഓര്‍മ്മകളുടെ മായാ-
ഗോപുരങ്ങളില്‍ നിന്നും
എന്‍റെ ഹൃദയം
പൊട്ടിത്തെറിക്കുമ്പോള്‍ മാത്രം
നീയെന്‍റെ ആരാധകനാവുക.


അന്ന് ഞാന്‍ വീണ്ടുവിചാരങ്ങള്‍ക്ക്
തയ്യാറെടുത്ത
ഒരു പച്ചമരമായിരിക്കും.

Saturday, August 22, 2009

നീ

എത്ര അകലെയാണെങ്കിലും
എന്‍റെ സ്നേഹം
തൊട്ടറിയുന്നവനാണ് നീ.
ഒരിക്കലും തമ്മില്‍
കണ്ടിട്ടില്ലെങ്കിലും
എന്‍റെ മനസ്സറിയുന്നവന്‍.


കനല്‍വഴികളില്‍
കാലിടറുമ്പോള്‍
എന്‍റെ കരതലം കവരുന്നവന്‍
മിഴികളില്‍ നീര്‍ക്കണം
പൊടിയുമ്പോള്‍
അധരങ്ങളാലൊപ്പുന്നവന്‍
ഹൃദയം നോവാല്‍ പിടയുമ്പോള്‍
മെയ്യോടു ചേര്‍ത്തു
മെല്ലെ പുണരുന്നവന്‍.


ഇരവിലും പകലിലും
ഞാന്‍ സംസാരിക്കുന്നത്
നിന്നോടാണ്.
ഞാനുണരുന്നതും
നിന്‍റെ സ്നേഹസ്മൃതിയിലാണ്
എന്‍റെ നെഞ്ചില്‍
ഇനിയും കാണാത്ത
നിന്‍റെ മുഖം മാത്രമാണുള്ളത്.


എന്നിലും നിന്നിലും വീണ്ടും
പ്രാണന്‍റെ ചിറകടിയൊച്ച
ഉയരുമ്പോള്‍ നാമിങ്ങനെ
അകലെയിരുന്നു
മൂകം പ്രണയിക്കും
ഒരിക്കലും തമ്മില്‍ പറയാതെ.

Monday, August 17, 2009

കലണ്ടര്‍

മാസത്തിലെ എല്ലാ
പതിനഞ്ചാം തിയ്യതിയും
നീ പടിയിറങ്ങിപ്പോയ
ദിവസത്തിന്‍റെ
അളവുകോലായി മാത്രം
കലണ്ടറില്‍ അവശേഷിക്കുന്നു.
ജീവിതത്തിലെ
മഞ്ഞുമലകളെയെല്ലാം
ഉരുക്കാന്‍ കെല്പുള്ള
ഒരു വരി
കരുണാര്‍ദ്രമായ
ഒരു നോട്ടമകലെ നിന്നെങ്കിലും

പഴയ നോട്ടുപുസ്തകത്തിലെ
താളുകളിലെന്നോ
ആരുമറിയാതെ നീയെഴുതിയ
രണ്ടു വരി കവിത
ഇന്ന് തികച്ചും
യാദൃച്ഛികമായി കണ്ടു ഞാന്‍
പ്രണയവും ആര്‍ദ്രതയും
കടലിന്‍റെ ആഴത്തോളമെന്നെ
കൊണ്ടുപോയ രണ്ടേ
രണ്ടു
വരികള്‍.

പക്ഷെ കര്‍ക്കടകം
കലിത്തുള്ളുന്ന ദിനങ്ങളില്‍
നിന്നെയോര്‍ക്കാനെനിക്ക്
ഈ വരികള്‍ മതിയാവുകയില്ല.