Friday, April 29, 2011

ഹരിത സായന്തനം

ഹരിത സായന്തനത്തില്‍
മൃദുല സ്പനന്ദനമൊരു
ഹരി മുരളീരവമൊഴുക്കവേ
വിരല്‍ ഞരമ്പുകളില്‍
മേയുന്നു നിന്‍ പ്രാണഹര്‍ഷം



ഇലച്ചാര്‍ത്തിലൊരുത്തരി
വെട്ടമിണപ്പിരിഞ്ഞിരിക്കവേ
മിഴിച്ചെപ്പില്‍ നോവിന്‍റെ
താളലയ വര്‍ണ്ണങ്ങളെരിയുന്നു



മുകിലിന്‍ ചിറകിലൊരു സ്വപ്നം
തിരമുറിഞ്ഞെത്തവേ
തരളിതയാം സന്ധ്യയില്‍
തളിര്‍ക്കുന്നു നിന്‍ രാഗവര്‍ഷം



ഇളയക്കാറ്റിന്‍ ചുണ്ടിലലിഞ്ഞ
ചെറു നിശ്വാസമൊരു
തണുത്ത പാട്ടായലിയവേ
മേനിയില്‍ പൂക്കുന്നിതാ
നിന്‍ പ്രണയഭേരി

Wednesday, April 6, 2011

പ്രണയത്തിന്‍റെ കബനി

അവന്‍ പറഞ്ഞു
നീയാണ് എന്‍റെ പ്രണയത്തിന്‍റെ
കബനി നദി
ഞാന്‍ ഒഴുകുന്നത് നിന്നിലേക്കാണ്
നിന്നിലേക്കെത്തും മുമ്പ് എനിക്കൊരു
പച്ചമരം പൂക്കുന്നത് കാണണം
അല്ലെങ്കില്‍ പാതി വഴിയില്‍
ഞാന്‍ വറ്റി പോകും


ഞാനവന്റെ മുഖത്തേക്ക് നോക്കിയതേയില്ല
എന്നില്‍ പ്രണയത്തിന്‍റെ
ഒഴുക്ക് നിലച്ചു പോയി
എന്നോ കടലിന്‍റെ നെഞ്ചില്‍
അവസാനിച്ചവള്‍
നിനക്കൊരിക്കലും ഒഴുകി
എന്നിലേക്കെത്താന്‍ കഴിയില്ല


നീയെന്റെ പ്രണയത്തിന്‍റെ
കബനിയെ ഗതിമാറ്റിയോ
അതോ പാതി വഴിയില്‍
ഞാന്‍ വറ്റിപോയോ
ഒന്നും തിരിച്ചറിയുന്നില്ലല്ലോ
എന്നവന്‍ ആകുലപ്പെടുമ്പോള്‍
വഴിയെത്തും മുമ്പേ
പൂത്ത പച്ചമരത്തിന്റെ
ചില്ലകള്‍ അവന്‍ കാണാതെ
പോയതെന്നെന്നു
ഞാന്‍ ചോദിച്ചില്ല
അവന്‍റെ ഈ കബനി കടലില്‍ തന്നെ ഒടുങ്ങട്ടെ