Friday, February 19, 2010

ലയം

നിന്‍റെ കണ്ണുകളെ
നേരിടാനാവാതെയാണ്
ഞാന്‍ കാപ്പിക്കപ്പിനു
മുന്നിലെ അപരിചിതനോട്
സൗഹൃദം നടിച്ചത്‌.



നിന്‍റെ വിരല്‍ത്തുമ്പിലെ
ഊഷ്മളത എന്നില്‍
വര്‍ണ്ണങ്ങള്‍ നിറച്ചപ്പോഴാണ്
ഞാന്‍ ഇടവഴിയിലെ
നിഴലിലേക്ക്‌ മാഞ്ഞുപോയത്.



നിന്‍റെ അധരങ്ങളിലെ നനവ്
ഹൃദയത്തിന്‍റെ ആഴത്തിലേക്ക്
പടര്‍ന്നപ്പോഴാണ്
ഞാനൊരു നെയ്യാമ്പലായി
നീല ജലാശയത്തില്‍
മിഴി തുറന്നത്.



നിന്‍റെ സ്വരത്തിലെ ആര്‍ദ്രത
മേനിയെ തലോടിയപ്പോഴാണ്
ഞാന്‍ നിലാവിന്‍റെ
ഒരലയായി ഭൂമിയില്‍
അലിഞ്ഞു ചേര്‍ന്നത്‌

Wednesday, February 10, 2010

മഴ തൊട്ട മണ്ണ്

വേര് പൊട്ടിയ കാറ്റില്‍ നിന്നും
തണുത്ത കാലൊച്ചകള്‍
അടുത്തടുത്തെത്തുമ്പോഴും
ഇടനെഞ്ചില്‍ കൂടുകൂട്ടിയ
വെറുപ്പിന്‍ കാര്‍മേഘങ്ങള്‍
ഉറക്കെ കരയുമ്പോഴും
ഇമകളടച്ചു ഞാന്‍
നിശ്ചലയായി ഇടവഴി
യിലിരിക്കയാണിപ്പോഴും.



അതവന്‍റെ കാലൊച്ചകള്‍
അതവന്‍റെ നിശ്വാസഗന്ധം
അവന്‍റെ ചുണ്ടിലെ
അതേ തണുത്തയുമ്മകള്‍
മിഴികളില്‍ നീര്‍ക്കണം
പൊടിഞ്ഞു നില്‍ക്കു
മോര്‍മ്മകള്‍ ചവര്‍ക്കുന്നു



തൊടരുതെന്നെ
നിന്‍ കിനാവള്ളികളാല്‍
അടുക്കരുതെന്നില്‍
കഥയില്ലാക്കഥ ചൊല്ലി
കേള്‍ക്കേണ്ടയിനിമേല്‍
മഴ തൊട്ട മണ്ണിന്‍
സുഗന്ധത്തിന്‍റെ പേര്.