Sunday, July 28, 2013

ജോസഫ്‌

ജോസഫ്‌, നീയെന്റെ
സ്വപ്നങ്ങളുടെ
കുരുക്കുകള്‍ ഓരോന്നും
അഴിച്ചു മാറ്റിയവയുടെ
പൊരുളുകളോതുക. 



പിശാച് ബാധിച്ച
ഹൃദയങ്ങളില്‍ നിന്നും
എന്റെ പകലിന്റെ
സ്വച്ഛന്ദതയിലേക്ക്
ചേക്കേറിയ എല്ലാ
ദുര്‍നിമിത്തങ്ങളെയും
ആട്ടിയകറ്റി നീയെന്റെ
കനവുകളുടെ കാവല്‍ക്കാരനാവുക. 



രാക്കിനാവുകളില്‍
തീ പടരുന്ന നേരം
മുന്തിരിത്തോപ്പുകളിലെ
മഞ്ഞലകളില്‍ ചിറകു
നിവര്‍ത്തി ഞാന്‍ പാറി
പറന്നുല്ലസിക്കുമ്പോള്‍
ജോസഫ്‌, നീയെന്റെ മാത്രം
ആകാശമാവുക. 

Monday, July 15, 2013

കൊടും വേനലിന്റെ ഒരു മഴ

നിന്നെ പ്രണയിക്കുമ്പോള്‍ 
ഞാന്‍ കരുതിയിരുന്നത് 
ഏകാന്തത മുറിവേറ്റ 
ഒരു മൃഗത്തെ പോലെ 
ന്റെ ഹൃദയത്തിന്റെ  
ചിതല്‍ ചിത്രം വരച്ച വാതിലും 
കടന്ന് എന്നേക്കുമായി 
പാഞ്ഞു പോകുമെന്നാണ്.

പക്ഷേ വക്ക് പൊട്ടിയ 
വാക്കുകള്‍ കൊണ്ട് 
സംസാരിക്കുമ്പോള്‍ 
പരിക്ക് പറ്റിയാലെന്നവിധം 
നമുക്കിടയില്‍
നിശബ്ദത മഞ്ഞു മൂടിയ 
ഒരു തടാകമായി

നിന്നെ പ്രണയിച്ചതിനേക്കാള്‍ 
തീവ്രതയോടെ പിരിഞ്ഞു 
പോകണമെന്ന് 
ഞാനാഗ്രഹിച്ചത് അപ്പോഴാണ്.
അകലും മുമ്പ് എന്റെ ഹൃദയം 
കഠിനമാക്കേണ്ടതുണ്ടായിരുന്നു

നമ്മള്‍ ഉപയോഗിക്കാതെ 
കരുതി വച്ച വക്ക് പൊട്ടിയ 
ഓരോ വാക്കുകള്‍ കൊണ്ടും 
നിന്റെ ഹൃദയത്തില്‍ 
ആഴത്തില്‍ മുറിവേല്‍പ്പിക്കുമ്പോള്‍ 
ഞാനെന്റെ മനസ്സ്  
പാറക്കഷണം പോലെ 
മൂര്‍ച്ച കൂട്ടികൊണ്ടിരുന്നതും  
മിഴികള്‍ നിറയുന്നതും  
നീ അറിയരുതെന്നുണ്ടായിരുന്നു.

ഇനിയൊരിക്കലും ഏകാന്തതയെ 
പടിയടച്ചു പിണ്ഡം വയ്ക്കാതിരിക്കാന്‍ 
കൊടും വേനലിന്‍റെ ഒരു മഴ 
ഞാനൊറ്റയ്ക്ക്  നനയേണ്ടതുണ്ട്  

Sunday, July 7, 2013

ഒരു കവിത ഇടവഴിയിലെവിടെയോ പതുങ്ങി നില്‍പ്പുണ്ട്

ഒരു കവിത ഇടവഴിയിലെവിടെയോ
പതുങ്ങി നില്‍പ്പുണ്ട് 
തലേന്ന് രാത്രി നിലാവ് 
പടര്‍ന്ന വഴികള്‍ താണ്ടി 
ഞാന്‍ നടന്നു പോകുമ്പോഴും 
ചെറിയൊരു പരിഭവം കണ്ണില്‍ 
നിറച്ച് അവിടെ തന്നെയുണ്ടായിരുന്നു.


നെഞ്ചോട്‌ ചേര്‍ത്ത് പുണര്‍ന്നാല്‍ 
മഞ്ഞു പോലെ നീ അലിയുമായിരുന്നു 
പക്ഷേ  ആ നേരത്ത് എനിക്കും
നിനക്കുമിടയില്‍ ഒരു കടല്‍ദൂരം 
ബാക്കിയുണ്ടായിരുന്നു.


പുലര്‍ച്ചെ നേര്‍ത്ത വെട്ടത്തില്‍ 
ഞാന്‍ ഇടവഴിയിലേക്ക് 
ഉറ്റുനോക്കികൊണ്ടിരിക്കുമ്പോള്‍ 
നീ പടിക്കലോളം വന്ന് 
എന്‍റെ കണ്ണുകളിലെ 
ശൂന്യത കണ്ടു തിരികെ പോയി. 


സായന്തനത്തില്‍  അവന്‍റെ 
പ്രണയാര്‍ദ്രമായ കണ്ണുകള്‍ 
കണ്ടപ്പോള്‍ വീണ്ടും ഞാന്‍ 
ഒരു മിന്നല്‍ പോലെ 
നിന്നെയോര്‍ത്തെങ്കിലും 
എനിക്കും നിനക്കുമിടയില്‍ 
പിന്നെയും ഒരു പെരുമഴക്കാലം 
പെയ്തു കൊണ്ടേയിരുന്നു.



ഇപ്പോള്‍ ഞാനെന്‍റെ വിരലുകള്‍ 
നിനക്കു നേരെ നീട്ടിയിരിക്കുന്നു 
വേണമെങ്കില്‍ നിനക്കതില്‍ 
നിന്‍റെ വിരലുകള്‍ കോര്‍ക്കാം 
അധരങ്ങള്‍ മെല്ലെയമര്‍ത്തി 
ചെറുതായൊന്നു ചുംബിക്കാം 
പക്ഷേ കൈകളില്‍ ചുവന്ന 
പനിനീര്‍ പൂക്കളുമേന്തി 
നിനക്ക് മുമ്പില്‍ മുട്ടുകുത്തി 
നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് 
ഞാന്‍ പറയുമെന്ന് മാത്രം 
നീ പ്രതീക്ഷിക്കരുത്.


നമുക്കിരുവര്‍ക്കുമിടയില്‍ 
ഇപ്പോഴും  ചുട്ടു പൊള്ളിക്കുന്ന 
ഒരു വേനല്‍  കത്തിനില്‍ക്കുന്നുണ്ട്