Thursday, August 25, 2011

വിരുന്ന്

നീയെനിക്ക്
പ്രണയം കൊണ്ടു
വിരുന്നൊരുക്കുക
ഞാന്‍ മാത്രമായിരിക്കും
അതിഥി.

മേശ നിറയെ
തെളിച്ചു വെച്ച
മെഴുകുതിരി വെട്ടത്തില്‍
എന്‍റെ കണ്ണുകളുടെ
വശ്യതയില്‍ വിസ്മയിച്ച്
ഇനി എന്തിനീ
പാഴ്തിരികള്‍
എന്നോര്‍ത്തു നീയവ
ഒന്നുമവശേഷിക്കാതെ
ഊതി കെടുത്തും.

പുറത്തു നിലാവ്
തേങ്ങി കരയുന്നുണ്ടാവും
നക്ഷത്രങ്ങള്‍
കലമ്പല്‍ കൂട്ടും
അവരില്‍ നിന്നും
രണ്ട് താരകങ്ങളെ
ഞാന്‍ കവര്‍ന്നെടുത്ത
കോപത്തോടെ.
ഞാനപ്പോള്‍
നിന്‍റെ നേര്‍ത്തതും
രോമനിബിഢവുമായ
വിരലുകളില്‍ ചുംബിക്കും.


മെഴുകുതിരി കണക്കെ
ഉരുകുന്ന നിന്‍റെ
ചുണ്ടുകളെന്നെ
സ്പര്‍ശിക്കുമ്പോള്‍
ഞാനാ നക്ഷത്രങ്ങളെ
നിനക്ക് ദാനം നല്‍കും
ആകാശസുന്ദരികളുടെ
കലമ്പല്‍ ഗൗനിക്കാതെ.

Thursday, August 18, 2011

ബോധിവൃക്ഷം

പാതിരാവിന്റെ മറപറ്റി
രാജകുമാരന്‍
എന്നേയ്ക്കുമായി
പടിയിറങ്ങി പോയ
അന്തഃപുരമാണെന്റെ മനസ്സ്


നിനക്ക് ജരാനരകളിലും
രോഗങ്ങളിലും
തേഞ്ഞുടഞ്ഞ ചിന്തകളും
നക്ഷത്രങ്ങള്‍ നിറഞ്ഞ
ആകാശവും വേരുറപ്പിക്കാന്‍
ഒരു ബോധിവൃക്ഷവും
കാടിന്റെ മാറുപിളര്‍ന്ന
പ്രാണനും കറ തീര്‍ത്ത
പ്രതീക്ഷകളുടെ
നാമ്പുകളുമുണ്ടായിരുന്നു



എനിക്ക് അന്നം
അന്തഃപുര സ്ത്രീകളുടെ
മുന കൂര്‍ത്ത നോട്ടങ്ങള്‍
അഗ്നിയില്‍ ചുട്ടെടുത്ത വാക്കുകള്‍
ചൂണ്ടിക്കാണിക്കാനാളില്ലാത്ത
അനാഥ മാതൃത്വം
എങ്കിലും
നീ ഭയന്ന ജരാനരകളെ
എന്റെ മനസ്സൊരിക്കലും
സ്വീകരിക്കുകയില്ല

Thursday, August 4, 2011

ആഴങ്ങളില്‍ നഷ്ടപ്പെട്ടവര്‍

ഞാന്‍ അവനോടു ചോദിച്ചിരുന്നു
നീ എന്തിനാണ്
എപ്പോഴുമിങ്ങനെ
എനിക്ക് മിസ്ഡ് കാള്‍
അടിച്ചുകൊണ്ടിരിക്കുന്നത്?

എനിക്ക് നിന്നെ ഒരിക്കലും
നഷ്ടപ്പെടാതിരിക്കാന്‍
ഓരോ നിമിഷവും
നിന്നെ പ്രണയിക്കുന്നു
എന്നോര്‍മ്മിപ്പിക്കാന്‍

മിസ്ഡ് കോളുകള്‍ക്ക്
എന്തെന്ത് അര്‍ഥങ്ങള്‍,
ആഴങ്ങള്‍
നീ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന
നിമിഷം തൊട്ടു
രാത്രി ഉറങ്ങും വരെ
പ്രഭാതങ്ങളില്‍
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍
സന്ധ്യകളില്‍ തിരിച്ചെത്തുമ്പോള്‍
നിന്റെ മിസ്ഡ് കോളുകള്‍
ഓര്‍ക്കാപ്പുറത്തെ
ഒരൊറ്റ ചുംബനം പോലെ
എന്‍റെ മുഖത്തെ വര്‍ണാഭമാക്കിയിരുന്നു.


ഒരിക്കലും പിരിയരുതെന്നാ
ഗ്രഹിച്ചിട്ടും ജീവിതത്തിന്‍റെ
ഏത് തിരിവില്‍ വെച്ചാണ്
നിനക്കെന്നെ എന്നേക്കുമായി
നഷ്ടപ്പെട്ടു പോയത്?