kaivella

Saturday, August 6, 2011

പച്ച ഞരമ്പുകള്‍ പിടയ്ക്കുന്ന ഇല

എന്‍റെയും നിന്‍റെയും
പേരുകള്‍ എഴുതി
കാറ്റിന്‍റെ കൈകളില്‍
വലിച്ചെറിഞ്ഞ
പച്ച ഞരമ്പുകള്‍
പിടയ്ക്കുന്ന ഇല
എത്രയോ കാലങ്ങളും
വഴികളും പുഴകളും പിന്നിട്ട്
ഇന്നെനിക്കു തന്നെ
തിരിച്ചു കിട്ടിയിരിക്കുന്നു


അന്ന് ഞാനും കൂട്ടുകാരികളും
കോളേജ് ബസ്‌ സ്റ്റാന്‍ഡില്‍
നേരം തെറ്റി വരുന്ന ബസ്സും
കാത്തു നില്‍ക്കുമ്പോഴായിരുന്നു
എതിരെ കടന്നു പോകുന്ന
ബസ്സില്‍ ഇരുന്നു കൈനീട്ടി
കാട്ടുപടര്‍പ്പില്‍
നിന്നൊരു ജീവന്‍
തുടിക്കുന്ന ഇല
പറിച്ചെടുത്ത് എന്തോ
കോറിവരച്ചു നീ പുറത്തേക്കിട്ടത്



ഉദയസൂര്യനെ പോലെയുള്ള
നിന്‍റെ മുഖത്തപ്പോള്‍
പുഞ്ചിരിയുടെ കാട്
കത്തുന്നുണ്ടായിരുന്നു
തിളക്കമാര്‍ന്ന കണ്ണുകളില്‍
കുസൃതി നൃത്തം ചവിട്ടി.
ബസ്‌ കടന്നു പോയപ്പോഴാണ്
കൂട്ടുകാരികള്‍ ആ ഇലയെടുത്തു
കളിയാക്കിച്ചിരിയോടെ നിന്‍റെയും
എന്‍റെയും പേരുകള്‍ ചേര്‍ത്തു വായിച്ചത്.


വെള്ളാരം കുന്നിലെ വളവില്‍
ബസ്‌ തിരിഞ്ഞപ്പോള്‍ ഏന്തി
വലിഞ്ഞു നോക്കിയ നിന്‍റെ
മുഖത്തേക്കാണ് ഞാനാ ഇല
ദേഷ്യത്തോടെ വലിച്ചെറിഞ്ഞത്.
പക്ഷേ എന്നില്‍ നിന്നും
നിന്നിലേക്കുള്ള ദൂരത്തില്‍
ഒരു കാറ്റിന്‍റെ വഴികളുണ്ടായിരുന്നു.


നമ്മുടെ പേരുകള്‍ രണ്ടു ദിക്കിലേക്ക്
മാഞ്ഞു പോയ ഈ ഇല ഞരമ്പുകളില്‍
തുടികൊട്ടുന്ന ഹൃദയം ഞാന്‍
ചേര്‍ത്തു വെക്കുമ്പോള്‍
നീയെന്നെ ഓര്‍ക്കുന്നുണ്ടാവുമോ? ?

6 comments:

ചീരാമുളക് said...

ആദ്യ സ്റ്റാൻസ ഒരു തെളിമയാർന്ന കവിതയും രണ്ടാമത്തെത് ഒരു കഥയും പിന്നീടുള്ളവ സങ്കര ഇനവും- ഇതാണെനിക്ക് തോന്നിയത്. ക്ഷമിക്കണം. തോന്നിയത് പറഞ്ഞൂന്ന് മാത്രം

keraladasanunni said...

ചിലപ്പോള്‍ ഓര്‍ക്കുന്നുണ്ടാവും. വരികള്‍ ഇഷ്ടമായി.

shamsudheen perumbatta said...

നന്നായി രചിച്ചു, വല്ലപോഴുമാണിതിലേക്ക് കടന്ന് വരാറ്.

അഭിനന്ദനം

ശ്രീദേവി said...

ആദ്യത്തെ വരികള്‍ മനോഹരം

Jayanth.S said...

നന്നായിട്ടുണ്ട്....

പക്ഷേ എന്നില്‍ നിന്നും
നിന്നിലേക്കുള്ള ദൂരത്തില്‍
ഒരു കാറ്റിന്‍റെ വഴികളുണ്ടായിരുന്നു.


ഈ വരികള്‍ എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു...

Jayanth.S said...

ഒരു കാര്യം കൂടി എഴുതണം എന്ന് കരുതുന്നു.. " ആഴങ്ങളില്‍ നഷ്ടപെട്ടവര്‍ " എന്ന കഴിഞ്ഞ കവിത എനിക്കു ഇഷ്ടപെട്ടിരുന്നില്ല.. ഒരു ജീവനില്ലാത്ത കവിത പോലെ തോന്നി... അതിനാല്‍ ഈ കവിത കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു...